
പരവൂർ ∙ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മകളുടെ ചികിത്സയ്ക്കെത്തി മരക്കൊമ്പ് ഒടിഞ്ഞു വീണ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. പരവൂർ നെടുങ്ങോലം പാറയിൽക്കാവ് ക്ഷേത്രത്തിനു സമീപം സുനിൽ ഭവനിൽ എസ്.കെ.സുനിൽ (46) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ട്രോമകെയർ ഐസിയുവിൽ കഴിയവേ ഇന്നലെ രാവിലെ 8.40നു മരിച്ചത്.
സുനിലിന്റെ 8 വയസ്സുള്ള ഇളയ മകൾ ദക്ഷിണയെ വയറു വേദനയെത്തുടർന്ന് കഴിഞ്ഞ മേയ് മാസത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
മേയ് 23നു രാത്രി 8.20നു മകളെ അഡ്മിറ്റ് ചെയ്ത എസ്എടി ആശുപത്രിയിൽ മകൾക്കൊപ്പം ഭാര്യ സൂര്യയെ നിർത്തിയതിനു ശേഷം പുറത്തേക്കിറങ്ങിയതായിരുന്നു സുനിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് കേരള ബാങ്കിന് മുൻവശത്ത് നിന്ന് റോഡിനു മറുവശത്തുണ്ടായിരുന്ന കാറിലേക്കു പോകുമ്പോൾ ശക്തമായ മഴയിലും കാറ്റിലും മെഡിക്കൽ കോളജ് ക്യാംപസിനുള്ളിലെ മരത്തിന്റെ ശിഖരം സുനിലിന്റെ തലയിലും കഴുത്തിലുമായി പതിക്കുകയായിരുന്നു.
തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ സുനിൽ അന്നു മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു.
പ്രവാസിയായിരുന്ന സുനിൽ 3 വർഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ഡ്രൈവിങ് ജോലികൾ ചെയ്തു വരികയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
ധന സുനിലാണ് മൂത്ത മകൾ. സുനിലിന്റെ സംസ്കാരം ഇന്നു രാവിലെ 11ന്.
ആക്ഷേപവുമായി ബന്ധുക്കൾ
അപകടം സംഭവിക്കുന്ന ദിവസം രാത്രി ചികിത്സയിലുള്ള മകളെ ഭാര്യയ്ക്കൊപ്പം നിർത്തി പുറത്തേക്ക് ഇറങ്ങിയപ്പോൾ കനത്ത മഴ കാരണം എസ്എടി ആശുപത്രിയുടെ മുൻവശത്ത് നിന്ന സുനിലിനെ സുരക്ഷാ ജീവനക്കാർ ഇവിടെ നിൽക്കാൻ കഴിയില്ലെന്നു പറഞ്ഞു പുറത്തേക്കു പറഞ്ഞു വിട്ടെന്നും സുരക്ഷാ ജീവനക്കാരുടെ ഭീഷണി കാരണമാണ് അപകടം സംഭവിച്ചതെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.
നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടും ഗുണമുണ്ടായില്ല
മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റെന്ന വിവരം അറിഞ്ഞപ്പോൾ സംഭവം ആശുപത്രി വളപ്പിലല്ല നടന്നതെന്നായിരുന്നു തിരുവനന്തപുരം എസ്എടി അധികൃതരുടെ നിലപാട്.
ആശുപത്രി വളപ്പിലെ മരം കാറിനു മുകളിലേക്ക് വീണെന്നും ആർക്കും പരുക്കില്ലെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ സുനിലിന്റെ മരണത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മെഡിക്കൽ കോളജ് ക്യാംപസിലെ മരം വീണാണ് പരുക്കേറ്റതെന്നു പറയുന്നുണ്ട്. അപകടം നടന്ന് 4 ദിവസത്തിന് ശേഷം മന്ത്രി വീണാ ജോർജ് മരക്കൊമ്പ് ഒടിഞ്ഞുവീണ് പരുക്കേറ്റ സുനിലിന് സൗജന്യ ചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. സുനിലിന്റെ കുഞ്ഞ് എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ളതിനാലും കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയുമാണ് ചികിത്സയ്ക്കും ഓപ്പറേഷനുമുള്ള ചെലവു സർക്കാർ വഹിക്കുമെന്നുമുള്ള നിർദേശം വന്നതെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ മന്ത്രി നേരിട്ട് സൗജന്യ ചികിത്സ പ്രഖ്യാപിച്ചിട്ടും സുനിലിന്റെ കുടുംബത്തിന് 2 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പുറത്ത് നിന്നു വാങ്ങേണ്ടി വന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
മെഡിക്കൽ കോളജ് കാരുണ്യ ഫാർമസിയിൽ ലഭ്യമല്ലാത്ത മരുന്നുകളാണ് പുറത്തു നിന്ന് വാങ്ങേണ്ടി വന്നത്. സുനിലിനു പരുക്കേറ്റ് 2 ദിവസം കഴിഞ്ഞ് മകളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെന്നും അസുഖം ഭേദമായ കുട്ടി വീട്ടിലാണെന്നും ബന്ധുക്കൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]