
പാലാ ∙ കാർഷികവിളകൾക്കും ഉൽപന്നങ്ങൾക്കും ന്യായവില ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്മാരക സാന്തോം ഫുഡ് ഫാക്ടറി നാളെ ആരംഭിക്കും. കാർഷിക ഉൽപന്നങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കുകയാണു ലക്ഷ്യം. ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3നു മന്ത്രി പി.പ്രസാദ് നിർവഹിക്കും.
മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കർഷക കമ്പനികളുടെയും കർഷകക്കൂട്ടായ്മകളുടെയും രൂപീകരണത്തിന് ഇതു വഴിയൊരുക്കും.
കൃഷി വകുപ്പിന്റെ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ. മുണ്ടുപാലത്തെ സ്റ്റീൽ ഇന്ത്യ ക്യാംപസിലെ 6 ഏക്കർ സ്ഥലത്ത് 6000 ചതുരശ്രയടി കെട്ടിടത്തിലാണു ഫാക്ടറി.
ഇടവകകളിലെ കർഷക സംഘടനകൾ, കമ്പനികൾ, ഫാർമേഴ്സ് ക്ലബ്ബുകൾ, സ്വാശ്രയസംഘങ്ങൾ എന്നിവ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളെ തനതു ബ്രാൻഡിൽ വിപണനത്തിനു തയാറാക്കും.
ചക്ക, കപ്പ, കൈതച്ചക്ക, ഏത്തക്ക, ഇതര പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കർഷകരിൽ നിന്നു ന്യായവിലയ്ക്കു കമ്പനി നേരിട്ടു സംഭരിക്കും.
75 കർഷകരെ ആദരിക്കും
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 വയസ്സായ 75 മാതൃകാകർഷകരെ സമ്മേളനത്തിൽ ആദരിക്കും. ഫാക്ടറിയുടെ വെഞ്ചരിപ്പ് ഉച്ചകഴിഞ്ഞ് 2.30നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
മുഖ്യ വികാരി ജനറൽ മോൺ.ജോസഫ് തടത്തിൽ, വികാരി ജനറൽമാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ.
ജോസഫ് കണിയോടിക്കൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ സഹകാർമികരാകും.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറും പാലാ സാന്തോം എഫ്പിഒ ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേൽ, രൂപതാ ഫിനാൻസ് ഓഫിസർ ഫാ.
ജോസഫ് മുത്തനാട്ട്, അസി. ഡയറക്ടർമാരായ ഫാ.
ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, എഫ്പിഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ, എഫ്പിഒ ചെയർമാൻ സിബി കണിയാംപടി, പ്രോജക്ട് ഓഫിസർ പി.വി.ജോർജ് പുരയിടം, ടോണി സണ്ണി തുടങ്ങിയവർ നേതൃത്വം നൽകും.
കർഷകസംവാദം നാളെ
നാളെ രാവിലെ 11നു പാലാ സാന്തോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വാർഷികയോഗം പിഎസ്ഡബ്ല്യുഎസ് ഡയറക്ടർ ഫാ.
തോമസ് കിഴക്കേൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ സിബി മാത്യു അധ്യക്ഷത വഹിക്കും.
1.30നു കാർഷിക മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും സംബന്ധിച്ചു നടത്തുന്ന കർഷകസംവാദം ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ചെറുകരക്കുന്നേൽ ഉദ്ഘാടനം ചെയ്യും.
സ്റ്റീൽ ഇന്ത്യ ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിൽ അധ്യക്ഷത വഹിക്കും.
ഇൻഫാം രൂപതാ ഡയറക്ടർ ഫാ. ജോസഫ് തറപ്പേൽ മോഡറേറ്ററാകും.
ഫുഡ് ഫാക്ടറി: സവിശേഷതകൾ
∙ ഒരേ സമയം 36 ടൺ ഭക്ഷ്യവിഭവങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കാം.
∙ എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ വാക്വം ഫ്രയർ യൂണിറ്റ്. ∙ ഡീഹൈഡ്രേഷൻ ടെക്നോളജിയിലുള്ള ഉണക്കൽ.
∙ 4 തരത്തിലുള്ള കൂൾ ചേംബറുകൾ. ∙ 20 ടൺ വരെ സൂക്ഷിക്കാവുന്ന ഫ്രീസിങ് സംവിധാനം.
“കാർഷിക വിളകൾക്കും ഉൽപന്നങ്ങൾക്കും വിലത്തകർച്ച ഉണ്ടാകുമ്പോൾ ഏറെ കഷ്ടപ്പെടുന്ന കർഷക കുടുംബങ്ങൾക്ക് ആശ്വാസം പകരാനുള്ള ദീർഘവീക്ഷണത്തിന്റെ ഫലമാണു നൂതന സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും ഉപയോഗിച്ചുള്ള സാന്തോം ഫുഡ് ഫാക്ടറി.
പ്രാദേശികമായി ലഭിക്കുന്ന അസംസ്കൃത വസ്തുക്കളിൽ നിന്നു ഗുണമേന്മയുള്ള ഉൽപന്നങ്ങളും മൂല്യവർധിത ഉൽപന്നങ്ങളുമാണ് ഇവിടെ നിർമിക്കുന്നത് “.
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]