
ഏറ്റുമാനൂർ∙ റോഡുകൾ, പാലങ്ങൾ, ബൈപാസുകൾ, ജംക്ഷനുകളുടെ നവീകരണം തുടങ്ങി വികസന രംഗത്ത് കേരളം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്നും ഇതിന്റെയെല്ലാം ആകെ തുകയാണ് കേരളത്തിലെ വികസനമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു.
ഭാവിയിൽ ഏറ്റുമാനൂരിനെ താലൂക്ക് ആക്കി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം സംബന്ധിച്ച തർക്കം ഉണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് യോഗം വിളിച്ചാണ് ഭൂമി വിട്ടുനൽകാൻ നടപടിയെടുത്തത്.
ഏറ്റുമാനൂരിൽ ബഹുനില കോടതി സമുച്ചയത്തിന്റെ നിർമാണോദ്ഘാടനവും ഉടൻ നടത്തുമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മിനി സിവിൽ സ്റ്റേഷന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗം രശ്മി ശ്യാം, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ.പ്രദീപ് കുമാർ, വിജി രാജേഷ്, സംഘാടക സമിതി ചെയർമാൻ ഇ.എസ്.ബിജു, തോമസ് ചാഴികാടൻ, എഡിഎം എസ്.ശ്രീജിത്ത്, വനം വികസന കോർപറേഷൻ അധ്യക്ഷ ലതിക സുഭാഷ്, ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.
ഡോ. ജയിംസ് മുല്ലശ്ശേരി, കെഎസ്എസ്എസ് ഡയറക്ടർ ഫാ.
സുനിൽ പെരുമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനു സമീപമുള്ള 70 സെന്റ് സ്ഥലത്താണ് 32 കോടി രൂപ മുടക്കി 3 നിലകളിലായി മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. ആദ്യഘട്ട
നിർമാണത്തിന് 15 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
കോൺഗ്രസ് ബഹിഷ്കരിച്ചു
കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക പ്രതിനിധികളെ ചടങ്ങിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം കോൺഗ്രസ് ബഹിഷ്കരിച്ചു. മണ്ഡലത്തിലെഔദ്യോഗിക പരിപാടികളിൽ നിന്നു കോൺഗ്രസ് പാർട്ടിയെ ഒഴിവാക്കുകയാണെന്നും മന്ത്രി വി.എൻ.വാസവനും അദ്ദേഹത്തിന്റെ ഓഫിസുമാണ് ഇതിന്റെ പിന്നിലെന്നും ഡിസിസി ജനറൽ സെക്രട്ടറി എം.മുരളി, ബ്ലോക്ക് പ്രസിഡന്റുമാരായ ജൊറോയി പൊന്നാറ്റിൽ, സോബിൻ തെക്കേടം, മണ്ഡലം പ്രസിഡന്റുമാരായ ജോയി പൂവന്നിക്കുന്നേൽ, ജൂബി ഐക്കരക്കുഴി, സിനു ജോൺ എന്നിവർ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]