
ബേവിഞ്ച ∙ ദേശീയപാതയെയും ചെർക്കള–ജാൽസൂർ സംസ്ഥാനാന്തര പാതയെയും ബന്ധിപ്പിക്കുന്ന ബേവിഞ്ച–ബോവിക്കാനം റോഡിൽ മണ്ണിടിഞ്ഞ് യാത്ര അപകടഭീതിയിൽ. ചെങ്കള പഞ്ചായത്തിലെ ബേവിഞ്ച കല്ലുംകൂട്ടത്താണ് മണ്ണിടിഞ്ഞ് റോഡിന് തന്നെ ഭീഷണിയായത്.6 വർഷം മുൻപാണ് മണ്ണിടിച്ചിൽ തുടങ്ങിയത്.
ഈ വർഷവും കാലവർഷത്തിന്റെ തുടക്കത്തിൽ മണ്ണിടിഞ്ഞു. ഇനിയൊരു മണ്ണിടിച്ചിൽ കൂടി ഉണ്ടായാൽ റോഡ് തന്നെ ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്.
10 മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞ് വീണത്. മണ്ണിടിയുന്ന ഭാഗത്ത് റോഡിന് 8 മീറ്ററോളം താഴ്ചയുണ്ട്.
ഇതിന്റെ മറുവശത്ത് റോഡിൽ വൈദ്യുതി തൂൺ നിൽക്കുന്നതിനാൽ ഇവിടെ റോഡിന് വീതി കുറവാണ്.
അതുകൊണ്ട് വാഹനങ്ങൾ മണ്ണിടിയുന്ന വശത്തിലൂടെ പോകേണ്ട സ്ഥിതിയാണ്. അപകടഭീഷണി ചൂണ്ടിക്കാട്ടി മരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ അപകടം ഏതു സമയത്തും പ്രതീക്ഷിക്കാം. 2018 ലെ കാലവർഷത്തിലാണ് മണ്ണിടിഞ്ഞത്.
ഇതുവരെ സംരക്ഷണഭിത്തി നിർമിച്ച് മണ്ണിടിച്ചിൽ ഭീഷണി പരിഹരിക്കാൻ മരാമത്ത് വകുപ്പിന് സാധിച്ചിട്ടില്ല. 2 വർഷം മുൻപ് ഒരു കോടി രൂപയുടെ അടങ്കൽ തയാറാക്കിയെങ്കിലും ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
പുതിയ നിരക്ക് പ്രകാരം ഇപ്പോൾ 1.17 കോടി രൂപയുടെ പുതിയ അടങ്കൽ തയാറാക്കിയിട്ടുണ്ടെങ്കിലും ഫണ്ട് ലഭിച്ചാൽ മാത്രമേ ഇതിൽ തുടർനടപടികൾ ഉണ്ടാവുകയുള്ളൂ.
അല്ലെങ്കിൽ പഴയ അതേ അവസ്ഥയായിരിക്കും ഇതിനും ഉണ്ടാവുക.ബോവിക്കാനം ഭാഗത്ത് നിന്ന് ബേവിഞ്ചയിലേക്ക് പോകുമ്പോൾ കുത്തനെയുള്ള ഇറക്കവും വളവുമാണ്. വളവ് കഴിഞ്ഞാണ് മണ്ണിടിഞ്ഞ സ്ഥലത്ത് എത്തുന്നത്.
അതുകൊണ്ട് തന്നെ അപകടഭീഷണി ഇരട്ടിയാണ്. മറ്റുള്ള ഭാഗങ്ങളിൽ റോഡിന് നല്ല വീതിയുണ്ടെങ്കിലും ഈ ഭാഗത്ത് വീതി പകുതിയേ ഉള്ളൂ.
2 വാഹനങ്ങൾക്ക് ഒന്നിച്ച് കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ദേശീപാതയിലെ തെക്കിൽ പാലത്തിന്റെ അടുത്ത് നിന്ന് ആരംഭിച്ച് സംസ്ഥാനാന്തര പാതയിലെ ബോവിക്കാനം എട്ടാംമൈലിൽ എത്തുന്ന റോഡാണിത്.
ദേശീയപാതയിൽ നിന്ന് സുള്ള്യ, മുള്ളേരിയ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് ഇതുവഴി 5 കിലോമീറ്ററോളം ദൂരം കുറഞ്ഞു കിട്ടും. അതുകൊണ്ട് എപ്പോഴും തിരക്കുള്ള പാതയാണിത്.
സംരക്ഷണഭിത്തി നിർമിക്കണമെന്ന നിവേദനം നൽകുന്നവർക്ക്, ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നിർമിക്കാമെന്ന പതിവ് മറുപടി മാത്രമാണ് മരാമത്ത് വകുപ്പ് നൽകുന്നത്. 6 വർഷം കഴിഞ്ഞിട്ടും ഫണ്ടുമില്ല; സംരക്ഷണ ഭിത്തിയുമില്ല.
സംരക്ഷണഭിത്തി നിർമിച്ച് മണ്ണിടിച്ചിൽ തടയണമെന്നാവശ്യപ്പെട്ട് പലതവണ നിവേദനം നൽകിയെങ്കിലും ഫണ്ട് ഇല്ലെന്ന മറുപടിയാണ് മരാമത്ത് വകുപ്പിൽ നിന്ന് ലഭിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം എൻ.എ.നെല്ലിക്കുന്ന് എംഎൽഎയെയും കണ്ടിരുന്നു. കാസർകോട് വികസന പാക്കേജിൽ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
സത്താർ പള്ളിയാൻ.
ചെങ്കള പഞ്ചായത്ത് അംഗം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]