
2024–25 സാമ്പത്തിക വർഷത്തിലേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫോമുകളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) ചില മാറ്റങ്ങൾ വരുത്തിയിരുന്നു. കൃത്യമായ ഐടിആർ ഫോം ഉപയോഗിക്കുക എന്നത് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പ്രധാനമാണ്.
തെറ്റായ ഫോമിൽ റിട്ടേൺ സമർപ്പിച്ചാൽ അത് നിരസിച്ചേക്കാം. അല്ലെങ്കിൽ റീഫണ്ട് വൈകാനിടയുണ്ട്.
നികുതിദായകർക്ക് പലപ്പോഴും ആശങ്കയുണ്ടാകുന്നത് ഐടിആർ 1 (സഹജ്), ഐടിആർ 2 എന്നിവ തിരഞ്ഞെടുക്കുമ്പോഴാണ്. അതുകൊണ്ട് ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഐടിആർ 1, 2 ഫോമുകൾ ആർക്കൊക്കെ ഉപയോഗിക്കാമെന്നറിയുന്നത് റിട്ടേൺ ഫയലിങ് എളുപ്പമാക്കും.
ഐടിആർ 1 (സഹജ്)
ഇന്ത്യയിൽ സ്ഥിരതാമസമുള്ള 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് ഐടിആർ 1 അഥവാ സഹജ് ഉപയോഗിക്കാനാകുന്നത്.
അവർ ശമ്പളക്കാർ അഥവാ പെൻഷൻ വാങ്ങുന്നവരായിരിക്കണം. ഒരു വീടിനു വാടക വരുമാനം കിട്ടുന്നവര്‍ക്ക് ഈ ഫോം ഉപയോഗിക്കാം.
കാർഷിക വരുമാനം 5000 രൂപയിൽ കവിയാത്തവരും പലിശ ഉൾപ്പെടെയുള്ള മറ്റു വരുമാനമുള്ളവരും ഐടിആർ 1ലാണ് റിട്ടേൺ സമർപ്പിക്കേണ്ടത്. ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിന്നുള്ള ദീർഘകാല മൂലധന നേട്ടം 1.25 ലക്ഷം വരെയുള്ളവരും ഈ ഫോമാണ് നൽകേണ്ടത്. കച്ചവടക്കാരും, പ്രഫഷനലുകളും, കമ്പനികളുടെ ഡയറക്ടർമാരും ഐടിആർ 1 ഉപയോഗിക്കാന്‍ അർഹരല്ല.
നിശ്ചിത പരിധിക്കു മുകളിൽ ബാങ്കിൽനിന്ന് പണം പിൻവലിക്കുമ്പോൾ ടിഡിഎസ് ഉള്ളവരും ഇന്ത്യയ്ക്ക് പുറത്ത് ആസ്തിയുള്ളവരും ലോട്ടറി, കുതിരപ്പന്തയം, ഊഹക്കച്ചവടം പോലുള്ളവയിൽനിന്ന് വരുമാനമുള്ളവരുമൊന്നും ഐടിആർ 1 ഉപയോഗിക്കാന്‍ കഴിയില്ല
ഐടിആർ 2
ഐടിആർ 1 ലേക്കാൾ വിപുലമായ വരുമാന മാർഗങ്ങളുളളവരെ ഉദ്ദേശിച്ചാണ് ഐടിആർ 2.
ഹിന്ദു അവിഭക്ത കുടുംബങ്ങൾ (എച്ച്യുഎഫ്), 50 ലക്ഷത്തിൽ കൂടുതൽ ശമ്പളം അഥവാ പെൻഷൻ വരുമാനക്കാർ ഒക്കെ ഐടിആർ 2 ആണ് ഉപയോഗിക്കേണ്ടത്.
പലയിനത്തിൽ വാടക വരുമാനമുള്ളവരും, ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിന്നുള്ള ദീർഘകാല മൂലധന നേട്ടം 1.25 ലക്ഷത്തിൽ കൂടുതൽ മൂലധനവർധന ലാഭമുള്ളവരും വിദേശത്ത് നിന്ന് വരുമാനമുള്ളവരും ഐടിആർ 2 ൽ റിട്ടേൺ സമർപ്പിക്കണം. കാർഷിക വരുമാനം 5000ൽ കൂടുതലുള്ളവർക്കും കച്ചവടത്തിൽ നിന്നും പ്രഫഷനിൽ നിന്നും വരുമാനമില്ലാത്തവർക്കും ഈ ഫോമുപയോഗിക്കാം.
ഫോം 1 സഹജ് ഉപയോഗിക്കാൻ അനുവാദമില്ലാത്തവർക്ക് ഐടിആർ 2 ഉപയോഗിക്കാനാകും
ലോട്ടറി, കുതിരപ്പന്തയം, ഊഹക്കച്ചവടം തുടങ്ങിയവയിലൂടെ വരുമാനമുണ്ടാക്കുന്നവർ ഈ ഐടിആർ 2 ഫോമാണ് നൽകേണ്ടത്.
വിദേശത്ത് ആസ്തിയോ വരുമാനമോ ഉള്ളവർ, ഇന്ത്യയിൽ സ്ഥിരതാമസക്കാരല്ലാത്തവർ, കമ്പനി ഡയറക്ടർമാർ എന്നിവർ ഐടിആർ 2 ഫോം പൂരിപ്പിച്ചു നൽകാം
കമ്പനികളും ട്രസ്റ്റുകളും ഈ ഫോം പൂരിപ്പിച്ചു നൽകരുത്. ബിസിനസ്, പ്രഫഷൻ, പലിശ, ബോണസ്, കമ്മിഷൻ, പങ്കാളിത്ത സ്ഥാപനത്തിൽ നിന്നുള്ള വരുമാനം എന്നിവയിൽ നിന്നൊക്കെ വാർഷിക വരുമാനമുള്ള വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഈ ഫോം ഉപയോഗിക്കാനാകില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]