
കാഞ്ഞങ്ങാട് ∙ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം താരം പി. മാളവിക അഭിമാനപൂർവം വേദിയിലിരുന്നു.
സദസ്സിലെ ലൈറ്റുകൾ അണഞ്ഞപ്പോൾ മാളവികയുടെ വളർച്ചയുടെ പടവുകൾ ഉൾക്കൊള്ളിച്ച് മലയാള മനോരമ തയാറാക്കിയ ഹ്രസ്വ വിഡിയോ സ്ക്രീനിൽ തെളിഞ്ഞു. സദസ്സിലെവിടെയോ മങ്ങിയ വെളിച്ചത്തിലിരുന്ന് ആ വിഡിയോ കണ്ട് ഒരാളുടെ കണ്ണുനിറയുന്നുണ്ടായിരുന്നു.
മാളവികയുടെ അമ്മ മിനി പ്രസാദ്.മാളവിക പൊരുതിനേടിയ ജീവിതം നേരിൽ കണ്ടതിന്റെ സന്തോഷക്കണ്ണീരിലായിരുന്നു അമ്മ. നനഞ്ഞ കണ്ണുകളോടെ മിനി വേദിയിലേക്ക് കയറി മകൾക്കൊപ്പം മനോരമയുടെ ആദരം ഏറ്റുവാങ്ങി.
നീണ്ട
26 വർഷം ഒരു മലയാളി പെൺകുട്ടിയും ഇന്ത്യൻ ഫുട്ബാൾ ടീമിനായി ബൂട്ട് കെട്ടിയിട്ടില്ലെന്ന ചരിത്രം തിരുത്തിയെഴുതി ഇന്ത്യൻ ടീമിന്റെ ജഴ്സിയണിഞ്ഞ നീലേശ്വരംബങ്കളത്തെ ഇരുപത്തൊന്നുകാരി പി. മാളവികയെ ആദരിക്കാൻ മലയാള മനോരമ സംഘടിപ്പിച്ച ചടങ്ങ് സാക്ഷ്യംവഹിച്ചത് വികാര നിർഭരമായ നിമിഷങ്ങൾക്കു കൂടിയായിരുന്നു.
തായ്ലൻഡിൽ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിനായുള്ള ഇന്ത്യൻ ടീമിലാണ് മാളവിക കളിച്ചത്.
മന്ത്രി ജി.ആർ.അനിൽ മനോരമയുടെ ഉപഹാരം മാളവികയ്ക്ക് സമ്മാനിക്കുന്നതിനു മുൻപ് ഈ അഭിമാന നേട്ടത്തിലെത്താൻ പി. മാളവിക പിന്നിട്ട
കഠിന വഴികളെക്കുറിച്ച് വിശദീകരിക്കുന്നതാണ് മനോരമ തയാറാക്കിയ ഹ്രസ്വ വിഡിയോ. കുഞ്ഞു മാളവികയുടെ ചിത്രത്തിൽ തുടങ്ങി കളിക്കളത്തിനകത്തും പുറത്തുമുള്ള ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയതാണ് 2 മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോ.
ദുബായ് ലുലുവിലെ ഉദ്യോഗസ്ഥനായിരുന്ന പ്രസാദിന്റെയും മിനിയുടെയും രണ്ടാമത്തെ കുട്ടിയായി മാളവികയുടെ ജനനം, ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ വീടിനടുത്തുള്ള കക്കാട്ട് ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ പഠനം, ചെങ്കൽപാറകളിൽ പന്തുതട്ടിക്കളിച്ച ബാല്യം, അച്ഛൻ പ്രസാദ് വിദേശത്തുനിന്നു കൊണ്ടുവന്ന് സമ്മാനിച്ച ആദ്യ ബൂട്ട്, 11ാം വയസ്സിൽ ആകസ്മികമായുണ്ടായ പിതാവിന്റെ മരണം, അച്ഛൻ സമ്മാനിച്ച ബൂട്ടുമണിഞ്ഞ് തളരാതെ പോരാടി നേടിയ വിജയം എന്നിവയെല്ലാം ചേർന്നതായിരുന്നു മനോരമ തയാറാക്കിയ വിഡിയോ.
വിഡിയോ പൂർത്തിയായപ്പോൾ പ്രൗഢമായ സദസ്സിൽനിന്ന് നീണ്ട കയ്യടികളുയർന്നു.
മന്ത്രി ജി.ആർ.അനിലും ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡിയും മാളവികയെ അഭിനന്ദിച്ചു. നിറഞ്ഞ കണ്ണുകളോടെ വേദിയിലേക്കെത്തിയ അമ്മ മിനിയെയും മന്ത്രിയടക്കമുള്ളവർ സ്നേഹാഭിവാദ്യം ചെയ്തു. മനോരമയുടെ ഉപഹാരത്തിനു പുറമേ മാളവികയെക്കുറിച്ച് പ്രസിദ്ധീകരിച്ച മെട്രോ മനോരമ പേജും മാളവികയ്ക്ക് മന്ത്രി സമ്മാനിച്ചു.
തന്റെ ഇതുവരെയുള്ള ജീവിതം മനോരമ ഒരു മുഴുവൻ പേജിൽ അടയാളപ്പെടുത്തിയതാണ് തനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരമെന്ന് മറുപടി പ്രസംഗത്തിൽ മാളവിക പറഞ്ഞു.
കായികമന്ത്രി പ്രത്യേകം അഭിനന്ദനം അറിയിക്കാൻ പറഞ്ഞിട്ടുണ്ടെന്നും മാളവികയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. മാളവികയുടെ പരിശീലകൻ നിധീഷ് ബങ്കളവും മടിക്കൈ കക്കാട്ട് ഗവ.
ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപിക ടി.ആർ.പ്രീതിമോളും ചടങ്ങിന് എത്തിയിരുന്നു. മലയാള മനോരമ കണ്ണൂർ യൂണിറ്റ് കോഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസും പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]