
തലയോലപ്പറമ്പ് ∙ വെട്ടിക്കാട്ടുമുക്ക് പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് പാളികൾ അടർന്നു കമ്പികൾ കാണാവുന്ന നിലയിൽ; പ്രദേശവാസികൾ ആശങ്കയിൽ. തലയോലപ്പറമ്പ് – എറണാകുളം റോഡിൽ മൂവാറ്റുപുഴയാറിനു കുറുകെ 1971ലാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
പാലത്തിന്റെ കൈവരികൾ ഏതു നിമിഷവും ആറ്റിലേക്കു പതിക്കാവുന്ന അവസ്ഥയിലാണ്.
പാലത്തിലൂടെ കടന്നുപോകുന്ന ശുദ്ധജല വിതരണ പൈപ്പിൽ കൈവരി തങ്ങിനിൽക്കുകയാണ്. ഇരു ദിശകളിൽനിന്നും ഒരേ സമയം വാഹനം വരുമ്പോൾ കാൽനട
യാത്രക്കാർക്ക് കടന്നുപോകാൻ ഇടമില്ല. പാലത്തിന്റെ മധ്യഭാഗത്ത് കോൺക്രീറ്റിൽനിന്നും മരങ്ങൾ വളർന്നു വരുന്നതും ഭീഷണിയാണ്.
പാലത്തിന്റെ ബലപരിശോധന നടത്തി ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം നിർമിച്ച ശേഷം കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.
നിലവിൽ പാലത്തിന്റെ സ്പാനുകൾ തമ്മിലുള്ള അകലം കൂടിയിട്ടുണ്ട്. വിടവ് വർധിക്കുമ്പോൾ ടാർ മിക്സ് കൊണ്ട് അടച്ച് അധികൃതർ മടങ്ങുകയാണ് പതിവെന്നും നാട്ടുകാർ ആരോപിച്ചു.
“1969ൽ പാലത്തിന്റെ നിർമാണം ആരംഭിച്ചു.
തുടക്കത്തിൽ മൈക്കാട് പണിക്ക് കൂടിയിട്ടുണ്ട്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പണിതാൽ 2 രൂപയായിരുന്നു കൂലി ലഭിച്ചിരുന്നത്.
14.5 ലക്ഷം മുടക്കിയാണ് പാലം നിർമിച്ചത്. തലയോലപ്പറമ്പ് ഭാഗത്തെ ആദ്യ തൂണിന് 19 അടി താഴ്ചയും രണ്ടാമത്തെ തൂണിന് 18 അടി താഴ്ചയും പാലത്തിന്റെ അക്കരെ വെട്ടിക്കാട്ടുമുക്ക് ഭാഗത്തെ അവസാനത്തെ തൂണിന് 90 അടി താഴ്ചയുമാണുള്ളത്.
പാലത്തിന് വലിയ കുലുക്കം സംഭവിക്കാതിരിക്കാൻ ഓരോ സ്പാനും തൂണുമായി ചേരുന്ന ഭാഗത്ത് വിദേശത്തുനിന്ന് എത്തിച്ച സ്പ്രിങ് വച്ചിട്ടുണ്ട്. അത് തകരാറിലായിട്ടുണ്ടോ എന്ന് സംശയമുണ്ട്.
ഇപ്പോൾ ഭാരമുള്ള വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദമുണ്ട്. പാലത്തിന്റെ ബല പരിശോധന നടത്തണം “.
എ.ഹംസ, മാലിപ്പുറത്ത്, വെട്ടിക്കാട്ടുമുക്ക്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]