
വാഷിംഗ്ടൺ: വാൾമാർട്ട് തങ്ങളുടെ സ്റ്റോറുകളിലും ഓൺലൈനിലും 2017 മുതൽ വിറ്റ ഏകദേശം 8.5 ലക്ഷം വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ചു. യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ (CPSC) ജൂലൈ 10-ന് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരമാണ് നടപടി.
വാട്ടർ ബോട്ടിലുകളുടെ ലിഡ് അഥവാ അടപ്പ് ശക്തമായി തെറിച്ചുപോകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഈ നടപടി. ഇത് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഭക്ഷണമോ, കാർബൊണേറ്റഡ് പാനീയങ്ങളോ, ജ്യൂസ് അല്ലെങ്കിൽ പാൽ പോലുള്ള പെട്ടെന്ന് കേടാകുന്ന പാനീയങ്ങളോ ദീർഘനേരം കുപ്പികളിൽ സൂക്ഷിച്ച ശേഷം ഉപഭോക്താവ് തുറക്കാൻ ശ്രമിക്കുമ്പോൾ അടപ്പ് ശക്തമായി തെറിച്ചുപോകാൻ സാധ്യതയുണ്ടെന്നായിരുന്നു സിപിഎസ്സി മുന്നറിയിപ്പ്. ലിഡ് തെറിച്ച് മുഖത്ത് തട്ടിയതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റതായി വാൾമാർട്ടിന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.
ഇതിൽ രണ്ട് പേർക്ക് കാഴ്ച ശക്തി പൂർണ്ണമായി നഷ്ടപ്പെട്ടു. കാർബൊണേറ്റഡ് പാനീയങ്ങളോ, ജ്യൂസ് അല്ലെങ്കിൽ പാൽ പോലുള്ള പെട്ടെന്ന് കേടാകുന്ന ദ്രാവകങ്ങളോ കുപ്പിയിൽ സൂക്ഷിക്കുമ്പോൾ ഉള്ളിൽ മർദ്ദം വർദ്ധിക്കുകയും ഇത് അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തിരിച്ചുവിളിച്ച ഉൽപ്പന്നം ഓസർക്ക് ട്രെയിൽ 64 oz സ്റ്റെയിൻലെസ്സ് സ്റ്റീൽ ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലുകൾ ആണ്. സ്റ്റെയിൻലെസ്സ് സ്റ്റീൽ സിൽവർ നിറത്തിലുള്ള ബേസും ഓസർക്ക് ട്രയിൽ ലോഗോയും കറുത്ത സ്ക്രൂ ക്യാപ് ലിഡും ഈ ബോട്ടിലുകൾക്കുണ്ട്.
മോഡൽ നമ്പർ 83-662 പാക്കേജിംഗിൽ ലഭ്യമാണ്. ഏകദേശം 15 ഡോളറിന് വിറ്റ ഈ ബോട്ടിലുകൾ ചൈനയിലാണ് നിർമ്മിച്ചത്.
ഈ വാട്ടർ ബോട്ടിൽ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, ഉടൻ തന്നെ അതിന്റെ ഉപയോഗം നിർത്തുക എന്നതാണ് കമ്പനി അറിയിച്ചിട്ടുള്ളത്. തിരിച്ചുവിളിച്ച ബോട്ടിൽ ഏതെങ്കിലും വാൾമാർട്ട് സ്റ്റോറിൽ തിരികെ നൽകിയാൽ മുഴുവൻ പണവും തിരികെ ലഭിക്കുമെന്ന് വാൾമാർട്ട് ഉപഭോക്താക്കളെ അറിയിച്ചു.
നേരിട്ട് വാൾമാർട്ടുമായി ബന്ധപ്പെട്ടും ഉപഭോക്താക്കൾക്ക് പണം തിരികെ വാങ്ങാവുന്നതാണ്. ഈ വർഷം ആദ്യം വാൾമാർട്ട് നിരവധി ഭക്ഷ്യോൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് ഈ പുതിയ നടപടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]