
നെയ്യാറ്റിൻകര ∙ അപകടത്തിൽപ്പെടുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് കയ്യും കണക്കുമില്ല; എന്നിട്ടും ദേശീയപാതയിൽ നെയ്യാറ്റിൻകര ആലുംമൂടിനും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനും ഇടയ്ക്കുള്ള ഗട്ടർ ഒഴിവാക്കാൻ നടപടിയില്ല. ജനങ്ങൾ നേരിട്ട് ഒട്ടേറെ തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ എത്തിച്ചിട്ടും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സമരം നടത്തിയിട്ടും പ്രശ്നം പരിഹരിക്കുന്നില്ലെന്ന് ആക്ഷേപം.ടാർ പൂർണമായും ഇളകി സ്ലാബുകൾ പുറത്തു കാണാവുന്ന നിലയിലാണിപ്പോൾ.
സമീപത്തും ടാർ ഇളകി ചെറിയ ഗട്ടറുകൾ രൂപപ്പെട്ടിട്ടുണ്ട്.
കേബിൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ ദശാബ്ദങ്ങൾക്കു മുൻപ് കുഴി എടുത്ത ശേഷം സ്ലാബ് ഇട്ടു മൂടിയ ഭാഗമാണിത്. എൻഎച്ച് അതോറിറ്റി, റോഡ് ടാർ ചെയ്തപ്പോൾ പരിഹാരമാകുമെന്ന് ജനം കരുതി.
പക്ഷേ, മാസങ്ങൾക്കുള്ളിൽ ഈ ഭാഗം മാത്രം പൊളിഞ്ഞു. ഏറെ തിരക്കുള്ള റോഡാണിത്. വീതി കുറഞ്ഞ ഭാഗമായതിനാൽ മിക്കവാറും ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഗട്ടർ മൂലമുണ്ടായ അപകടങ്ങൾ എണ്ണി തീർക്കാനാവില്ല.
ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
ആലുംമൂട് കൗൺസിലർ മഞ്ചത്തല സുരേഷിന്റെ നേതൃത്വത്തിൽ ഒട്ടേറെ തവണ കോൺക്രീറ്റ് ഇട്ട് ഗട്ടർ മൂടി. പക്ഷേ, അമിത ഭാരമുള്ള വാഹനങ്ങൾ കടന്നു പോകുന്നതോടെ കോൺക്രീറ്റ് പൊളിയും, പഴയപടിയാകും.
കുഴി മൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ തവണ പ്രതിഷേധിച്ചു.
കഴിഞ്ഞ ആഴ്ചയിൽ എൻഎച്ച് അതോറിറ്റിയിലെ അസി. എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി പരിശോധന നടത്തി. വാട്ടർ അതോറിറ്റിയുടെ പ്രതിനിധികളും എത്തിയിരുന്നു.
ജനപ്രതിനിധികളും നാട്ടുകാരും തങ്ങളുടെ സങ്കടങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ മേലധികാരികളുടെ ശ്രദ്ധയിൽ എത്തിക്കാമെന്നും പരിഹാരം കാണാമെന്നും അവർ ഉറപ്പു നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]