
ബത്തേരി∙ ടൂറിസം രംഗത്ത് വയനാട് അനുദിനം വളരുകയാണെന്നും വയനാട് സുരക്ഷിതമാണെന്നു പുറംലോകത്തെ അറിയിക്കാൻ നമുക്ക് കൃത്യമായി കഴിഞ്ഞെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് . വയനാട് ടൂറിസം ഓർഗനൈസേഷന്റെ മൺസൂൺ കാർണിവലായ സ്പ്ലാഷിന്റെ ഭാഗമായി സപ്ത റിസോർട്ടിൽ സംഘടിപ്പിച്ച ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ പദ്ധതികൾ വയനാടിനായി ഇനിയും ആവിഷ്കരിക്കും. സംസ്ഥാനത്ത് ടൂറിസം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എറണാകുളം കേന്ദ്രീകരിച്ച് വെഡ്ഡിങ് കോൺക്ലേവ് നടത്തുമെന്നും പൈതൃക ടൂറിസം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡിനു ശേഷം വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
വയനാടിന്റെ ടൂറിസം മേഖലയെ പ്രത്യേക സ്പോട്ടായി കണ്ടുകൊണ്ട് നടത്തിയ പ്രവർത്തനങ്ങളും വയനാടിന്റെ സൗന്ദര്യം സഞ്ചാരികൾക്ക് നവ്യാനുഭവമായതും ഗുണം ചെയ്തു.റോക്കറ്റ് വേഗത്തിലാണ് ഈ രംഗത്ത് വയനാടിന്റെ വളർച്ച. ഐടി ഹബ്ബായ ബെംഗളൂരുവുമായി ചേർന്നു കിടക്കുന്നതും വയനാടിന്റെ ടൂറിസം വളർച്ചയ്ക്ക് കരുത്തേകി.
കഴിഞ്ഞ 3 മാസം കൊണ്ട് സഞ്ചാരികളുടെ എണ്ണത്തിൽ ജില്ലയിൽ 9.28 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇത് കോവിഡിനു മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതലാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 28.5 ശതമാനം വർധനയുണ്ടായി.
ഉരുൾ ദുരന്തം ടൂറിസം മേഖലയെ പിടിച്ചുലച്ചെങ്കിലും വയനാട് സുരക്ഷിതമാണെന്ന് പുറം ലോകത്തെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞു. ഇതിൽ വയനാട് ടൂറിസം ഓർഗനൈസേഷൻ അടക്കമുള്ള ടൂറിസം സംഘടനകളുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.
ബിടുബി മീറ്റിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 576 ടൂർ ഓപ്പറേറ്റർമാരും വയനാട്, കോഴിക്കോട്, കണ്ണൂർ, മൈസൂരു, ഊട്ടി, കൂർഗ് എന്നിവിടങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം സെല്ലേഴ്സും പങ്കെടുക്കുന്നുണ്ട്.
വയനാടിന്റെ ടൂറിസം വികസനം സംബന്ധിച്ച് വിവിധ ചർച്ചകളും ടൂർ ഓപ്പറേറ്റർമാരും സെല്ലേഴ്സും തമ്മിലുള്ള ചർച്ചകളും നടക്കുന്നുണ്ട്.
120 സ്റ്റാളുകളാണ് മേളയിലുള്ളത്. ഇന്ന് ഉച്ചയ്ക്കു ശേഷം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.ഡബ്ല്യുടിഒ പ്രസിഡന്റ് എം.ജെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
എംഎഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി.സിദ്ദിഖ്, കലക്ടർ ഡി.ആർ.
മേഘശ്രീ, ബിടുബി കോഓർഡിനേറ്റർ സി.പി. ഷൈലേഷ്, ജോസ് പ്രദീപ്, നിധീഷ് രാധാകൃഷ്ണൻ, സപ്ത ജനറൽ മാനേജർ സി.രാമനുണ്ണി, സുധീപ്് തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]