
കോഴിക്കോട്∙ ‘അമ്മയ്ക്കു നേരെ അച്ഛന്റെ അതിക്രമങ്ങൾ കണ്ടാണു ഞാൻ വളർന്നത്. പിന്നീട്, ഞാൻ വിവാഹിതയായപ്പോൾ ഭർത്താവിൽ നിന്ന് എനിക്കു നേരിട്ടതും ക്രൂരമായ അതിക്രമങ്ങളാണ്.’ ഗാർഹികാതിക്രമ പ്രതിരോധ സമിതിയുടെ ജില്ലാ കൺവൻഷനിൽ എത്തിയ യുവതി കരഞ്ഞില്ലെന്നേയുള്ളു.
വീടുകളിൽ സ്ത്രീകൾ തുടർച്ചയായി അക്രമത്തിനിരയാകുന്നുവെന്നതിനു നേർസാക്ഷ്യമായി കൺവൻഷൻ. ഇരകളും വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും അക്രമങ്ങളുടെ കഥകൾ വെളിപ്പെടുത്തുകയും പ്രതിരോധത്തിനായി ഒരുമിച്ചു നിൽക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. ‘വീട്ടിൽ അച്ഛന്റെ പരാക്രമങ്ങൾ കാണാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല.
സഹികെട്ട്, മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി അമ്മ ആത്മഹത്യ ചെയ്തു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ എനിക്കും പൊള്ളലേറ്റു. അമ്മ നേരിട്ട ദുരിതം ബന്ധുക്കൾ അപ്പോഴാണ് അറിഞ്ഞത്.
അമ്മാവന്മാരുടെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലായി പിന്നീട്. ഭിന്നശേഷിക്കാരനായ ഒരാളെയാണു ഞാൻ വിവാഹം കഴിച്ചത്.
അയാൾക്കു മാനസിക വൈകല്യമുണ്ടെന്നു പിന്നീടാണു മനസ്സിലായത്. ഉപദ്രവം സഹിക്കാതെ, അന്വേഷിയിൽ അഭയം തേടി.
അയാൾ വന്നു സ്നേഹത്തോടെ വിളിച്ചപ്പോൾ വീണ്ടും ഒപ്പം പോയി.
പക്ഷേ, അക്രമങ്ങൾ വർധിക്കുകയായിരുന്നു. ജോലി സ്ഥലത്തു നിന്നിറങ്ങിയാൽ എങ്ങോട്ടു പോകണമെന്ന ആശങ്ക.
അക്രമം സഹിക്കാൻ പറ്റാതായതോടെ, ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങി, വീണ്ടും അന്വേഷിയിലെത്തി. എന്റെ പഴയൊരു അധ്യാപികയാണു ജീവിക്കാൻ ധൈര്യം തന്നത്.
ഇന്ന്, ജീവിതം ശാന്തമായി മുന്നോട്ടു പോകുന്നു.’ യുവതി പറഞ്ഞു.മകളെ പീഡിപ്പിച്ചയാൾക്കെതിരെ, ഭർത്താവിന്റെയും മകന്റെയും എതിർപ്പു മറികടന്നു നിയമപോരാട്ടം നടത്തി വിജയിച്ചതിന്റെ കഥയാണ് ഒരു വീട്ടമ്മയ്ക്കു പറയാനുണ്ടായിരുന്നത്. സാമൂഹിക സംഘടനയായ അന്വേഷിയുടെ സഹായത്തോടെയായിരുന്നു നിയമപോരാട്ടം.
പ്രതി വാഗ്ദാനം ചെയ്ത 2 ലക്ഷം രൂപ വാങ്ങി, കേസ് ഒത്തുതീർക്കാൻ ഭർത്താവും മകനും നിർബന്ധിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ‘നിയമയുദ്ധത്തിനു മാത്രമല്ല, മാനസികമായും വൈകാരികമായും അന്നു മകൾക്കൊപ്പം നിന്നത് അന്വേഷിയാണ്.
എഫ്ഐആറിന്റെ കോപ്പി തരാൻ പോലും പൊലീസ് തയാറായിരുന്നില്ല.
പ്രതിക്കെതിരെ മൊഴി നൽകരുതെന്നു ഭർത്താവും മകനും ഞങ്ങളെ നിർബന്ധിച്ചു. നാട്ടുകാരിൽ പലരും ഞങ്ങളോടു മിണ്ടാതായി.
പക്ഷേ, അതെല്ലാം ധൈര്യപൂർവം നേരിട്ടു. ഞാനിപ്പോഴും എല്ലാവരോടും പുഞ്ചിരിക്കും.
അതു തിരിച്ചു കിട്ടാറില്ലെങ്കിലും.’ വീട്ടമ്മ പറഞ്ഞു.കൺവൻഷനിൽ, 18 വനിതാ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിരോധസമിതി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പിതൃമേധാവിത്തം വച്ചു പുലർത്തുന്ന രീതികൾ തന്നെയാണ് അതിക്രമങ്ങളുണ്ടാക്കുന്നതെന്നും സ്ത്രീകൾ അടക്കം ഇതുൾക്കൊണ്ടു ജീവിക്കുകയാണെന്നും ഇതു മാറ്റിയെടുക്കാൻ പൊലീസ്, നിയമസംവിധാനങ്ങളെ മാറ്റിയെടുക്കണമെന്നും കൺവൻഷൻ ഉദ്ഘാടനം ചെയ്ത വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.
കെ.അജിത അധ്യക്ഷത വഹിച്ചു. പ്രതിരോോധസമിതി സംസ്ഥാന അധ്യക്ഷ മേഴ്സി അലക്സാണ്ടർ, കൺവീനർ സി.കെ.ഹമീദ, ഡോ.സൂര്യ തിരുവോത്ത്, ദീദി ദാമോദരൻ, ഗിരിജ പാർവതി, വിജി പെൺകൂട്ട്, ഇ.പി.സോണിയ, പി.ശ്രീജ, പി.ഉഷാദേവി, വിനു നീലേരി, ഡോ.പി.രേഖ, പി.എം.ഗീത, പി.എം.ആതിര, ഡോ.പീജ രാജൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]