
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന ഓഫിസായ ‘കെ.ജി.മാരാർ മന്ദിരം’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്തു. തൈക്കാട് അരിസ്റ്റോ ജംക്ഷനിലെ ഓഫിസിനു മുന്നിൽ വന്നിറങ്ങിയ അദ്ദേഹം ആദ്യം പാർട്ടി പതാക ഉയർത്തി.
പിന്നീട് ഓഫിസ് മുറ്റത്ത് കണിക്കൊന്നത്തൈ നട്ട ശേഷം ശിലാഫലകം അനാഛാദനം ചെയ്തു.
നാട മുറിച്ച് ഓഫിസിനകത്തു പ്രവേശിച്ചു പാർട്ടി സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാധ്യായയുടെയും വെങ്കല പ്രതിമകളിൽ പുഷ്പാർച്ചന നടത്തി.
പ്രതിമകൾക്കു മുന്നിൽ സ്ഥാപിച്ച നിലവിളക്കു കൊളുത്തിയായിരുന്നു ഓഫിസിന്റെ ഉദ്ഘാടനം. തുടർന്ന്, മന്ദിരത്തിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ അർധകായ വെങ്കല പ്രതിമ അനാഛാദനം ചെയ്ത ശേഷം ഹാരാർപ്പണവും നടത്തി.
കേരളീയ വാസ്തുവിദ്യയെ അടിസ്ഥാനമാക്കി നിർമിച്ച മന്ദിരം വീക്ഷിച്ച അമിത്ഷാ അര മണിക്കൂറോളം ഒന്നാം നിലയിലെ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മുറിയിൽ മുതിർന്ന ആർഎസ്എസ്– ബിജെപി നേതാക്കളുമായി ചർച്ച നടത്തി.
തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെ സജ്ജമാക്കുകയെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. ഓഗസ്റ്റിൽ വീണ്ടുമെത്തുമെന്ന് അറിയിച്ച അദ്ദേഹം മേഖലാ യോഗങ്ങൾ വിളിച്ചുചേർക്കാനും ആവശ്യപ്പെട്ടു.
മന്ദിരനിർമാണത്തിൽ പങ്കെടുത്തവരെയും ജീവനക്കാരെയും അമിത് ഷാ അനുമോദിച്ചു.
പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ പുതിയ ആസ്ഥാനമന്ദിരത്തിലേക്കു വരവേറ്റത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കെ.രാമൻപിള്ള, ഒ.രാജഗോപാൽ, കെ.വി.ശ്രീധരൻ, സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, മുതിർന്ന പ്രചാരകൻ എസ്.സേതുമാധവൻ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ, നേതാക്കളായ എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ, എസ്.സുരേഷ്, അനൂപ് ആന്റണി, ഷോൺ ജോർജ്, ഡോ.കെ.എസ്.രാധാകൃഷ്ണൻ, വി.വി.രാജേഷ്, എ.പി.അബ്ദുല്ലക്കുട്ടി, പി.സി.ജോർജ്, നടൻ ദേവൻ, മേജർ രവി, നിർമാതാവ് ജി.സുരേഷ് കുമാർ,പത്മജ വേണുഗോപാൽ,ആർ.ശ്രീലേഖ, അനിൽ കെ.ആന്റണി തുടങ്ങിയ ഒട്ടേറെപ്പേർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ലക്ഷ്യം 25% വോട്ട്; ഇന്നുമുതൽ രംഗത്തിറങ്ങണമെന്ന് അമിത്ഷാ
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ വോട്ട് 25% ആയി ഉയർത്തുന്നതിന് ഇന്നുമുതൽ പ്രചാരണ രംഗത്തിറങ്ങാൻ കോർകമ്മിറ്റി യോഗത്തിൽ അമിത്ഷായുടെ നിർദേശം. കേരള മിഷന്റെ റൂട്ട് മാപ്പ് തയാറാക്കി പ്രവർത്തനം നടത്തണം. അടുത്ത മാസം താൻ വീണ്ടും കേരളത്തിലെത്തുമെന്നും അമിത്ഷാ അറിയിച്ചു. പുതിയതായി തിരഞ്ഞെടുത്ത വൈസ് പ്രസിഡന്റുമാരെയും യോഗത്തിൽ പങ്കെടുപ്പിച്ചു.
ഇന്നലെ സമ്മേളനത്തിലെ വാർഡ്തല നേതാക്കളുടെ പങ്കാളിത്തത്തിൽ നേതൃത്വത്തെ അമിത്ഷാ അഭിനന്ദിച്ചു. പ്രവർത്തകരുടെ ആവേശം നേതാക്കൾ ഏറ്റെടുത്ത് കൂട്ടായ്മയോടെ മുന്നോട്ടുപോകണമെന്നും നിർദേശിച്ചു.
പിന്നിലേക്കു മാറിനിന്ന സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ.സുരേന്ദ്രനെ ഓഫിസ് ഉദ്ഘാടന ദീപംതെളിക്കൽ ചടങ്ങിൽ അമിത് ഷാ മുന്നിലേക്കു വിളിച്ചുനിർത്തി.
പൊതുയോഗത്തിലെ പ്രസംഗത്തിലും സുരേന്ദ്രന്റെ സേവനങ്ങൾ എടുത്തുപറഞ്ഞു. ഓഫിസിന്റെ തറക്കല്ലിടാനും ഉദ്ഘാടനം ചെയ്യാനും തനിക്ക് അവസരം കിട്ടിയതിൽ അമിത്ഷാ സന്തോഷം പ്രകടിപ്പിച്ചു.
കോർ കമ്മിറ്റി യോഗത്തിനു ശേഷം ജില്ലാ ഭാരവാഹികളും പുതിയ സംസ്ഥാന ഭാരവാഹികളും ചേർന്നുള്ള യോഗവും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]