
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലക്ഷ്യമിട്ട് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 387 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുത്തിട്ടുണ്ട്.
40 റണ്‍സോടെ രവീന്ദ്ര ജഡേജയും 25 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും ക്രീസില്‍. സെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്തിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്.
അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 71 റൺസ് കൂടി വേണം. നാലു വിക്കറ്റ് നഷ്ടത്തില്‍ 248 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്.
ലഞ്ചിന് പിരിയുമ്പോള്‍ 98 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന രാഹുല്‍ ലഞ്ചിന് ശേഷമുള്ള രണ്ടാം ഓവറില്‍ തന്നെ ലോര്‍ഡ്സിലെ രണ്ടാം സെഞ്ചുറിയിലെത്തി. സെഞ്ചുറി തികച്ചയുടൻ രാഹുലിനെ(100)ഷൊയ്ബ് ബഷീര്‍ മടക്കിയശേഷം കരുതലോടെ കളിച്ച നിതീഷും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തി.
ഇതിനിടെ മൂന്ന് തവണ നിതീഷ് റണ്ണൗട്ടില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ആദ്യ സെഷനില്‍ 103 റണ്‍സെടുത്ത ഇന്ത്യക്ക് രണ്ടാം സെഷനില്‍ 68 റണ്‍സ് മാത്രമെ നേടാനായുള്ളു.
ഇന്ത്യ 300 കടക്കും മുമ്പ് ഇംഗ്ലണ്ട് രണ്ടാം ന്യൂബോൾ എടുത്തെങ്കിലും വിക്കറ്റ് വീഴാതെ നിതീഷും ജഡേജയും പിടിച്ചുനിന്നു. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 62 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ ലഞ്ചിന് തൊട്ടു മുമ്പുള്ള ഓവറിലായിരുന്നു 74 റണ്‍സെടുത്ത റിഷഭ് പന്ത് റണ്ണൗട്ടായത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ച പന്തിനെ ബെന്‍ സ്റ്റോക്സ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു.
112 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയാണ് റിഷഭ് പന്ത് 74 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 198 പന്തില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് നിര്‍ഭാഗ്യകരമായി പന്ത് പുറത്തായത്.
കൈവിരലിലെ പരിക്ക് അലട്ടിയിട്ടും സധൈര്യം ക്രീസില്‍ നിലയുറപ്പിച്ച റിഷഭ് പന്തിന്റെ പോരാട്ടവും രാഹുലിന്റെ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ ഇംഗ്ലണ്ട് സ്കോറിനോട് അടുപ്പിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]