
ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടെ കാറുകള്‍ ഇന്ത്യന്‍ ഷോറൂമില്‍ നിന്ന് അധികം വൈകാതെ പുറത്തിറങ്ങും. ടെസ്ലയുടെ ആദ്യ ഷോറൂം മുംബൈയില്‍ തുറക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും മഹാരാഷ്ട്ര ഗതാഗത വകുപ്പ് അനുമതി നല്കി.
ജൂലൈ 15-ന് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ ടെസ്ലയുടെ ആദ്യ ഷോറൂം ഉദ്ഘാടനം ചെയ്യും. യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ ടെസ്ല ഇന്ത്യ മോട്ടോര്‍സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്ധേരി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് നല്കി.
‘ഉടന്‍ വരുന്നു’ എന്ന് ടെസ്ല തങ്ങളുടെ എക്സ് അക്കൗണ്ടില്‍ കുറിച്ചു. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് 35 പ്രകാരം നല്കുന്ന ട്രേഡ് സര്‍ട്ടിഫിക്കറ്റ്, അംഗീകൃത ഡീലര്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ പൊതു നിരത്തുകളില്‍ പ്രത്യേക നിബന്ധനകളോടെ നിയമപരമായി ഉപയോഗിക്കാന്‍ അനുവാദം നല്കുന്നു.
അഞ്ചു വര്‍ഷത്തെ കാലാവധിയുള്ള ഈ സര്‍ട്ടിഫിക്കറ്റ് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ടെസ്റ്റ് ഡ്രൈവുകള്‍ നടത്തുന്നതിനും ഡെലിവറികള്‍ക്കും വര്‍ക്ക്ഷോപ്പ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇത് ലഭിച്ചതോടെ ടെസ്ലക്ക് ഡെമോ കാറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ട്രയലുകള്‍ ആരംഭിക്കാനും റീട്ടെയില്‍ വില്‍പ്പനയ്ക്കുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കാനും കഴിയും.
വര്‍ഷങ്ങളുടെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ്. ടെസ്ല അവരുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ ‘വൈ’ ആകും ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈയിലെ ബികെസിയിലുള്ള മേക്കര്‍ മാക്സിറ്റി കൊമേഴ്സ്യല്‍ കോംപ്ലക്സിന്റെ താഴത്തെ നിലയിലാണ് ടെസ്ലയുടെ ഷോറൂം സ്ഥിതി ചെയ്യുന്നത്. ടെസ്ലയുടെ വില്‍പ്പനാനന്തര സേവനങ്ങള്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള കുജുപാദയിലെ ലോധ ലോജിസ്റ്റിക് പാര്‍ക്കിലെ സര്‍വീസ് ആന്‍ഡ് വെയര്‍ഹൗസ് സെന്ററില്‍ നിന്നാണ് നടത്തുക.
ഇത് ഷോറൂമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയാണ്.ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല, ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും നയപരമായ തടസ്സങ്ങളും ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട പ്രതിസന്ധികളും കാരണം പദ്ധതികള്‍ വൈകുകയായിരുന്നു.
വരും മാസങ്ങളില്‍ മറ്റ് മെട്രോ നഗരങ്ങളിലേക്കും ടെസ്ല തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]