
കൊല്ലം ∙ ഓഹരി വ്യാപാരത്തിന്റെ മറവിൽ കൊട്ടിയം സ്വദേശിയിൽ നിന്നു 15 ലക്ഷത്തിലധികം രൂപ തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. എറണാകുളം പോണേക്കര മീഞ്ചിറ റോഡ് പിഎൻആർഎ–144 ഗ്ലോറിയ ഭവനിൽ ജോൺസൺ (51) ആണു കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്.
ഓഹരി വ്യാപാരത്തിൽ പരിശീലനം ലഭ്യമാണെന്ന സമൂഹ മാധ്യമ പരസ്യത്തിൽ വിശ്വസിച്ചു ബന്ധപ്പെട്ടതോടെ തട്ടിപ്പ് സംഘാംഗങ്ങൾ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കി.
തുടർന്നു, ഓഹരി വ്യാപാരത്തേക്കാൾ മികച്ചത് ബ്ലോക്ക് – ഇൻസ്റ്റിറ്റ്യൂഷനൽ വ്യാപാരം ആണെന്നും ഇതിലൂടെ കുറഞ്ഞ സമയം കൊണ്ടു കൂടുതൽ പണം ഉണ്ടാക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്ന് യഥാർഥമായ ഓഹരി ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ബ്ലോക്ക് ട്രേഡിങ് ചെയ്യാനെന്ന വ്യാജേന പ്രതികളുടെ നിർദേശപ്രകാരം പല തവണകളായി 15 ലക്ഷത്തിലധികം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്കു ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണു തട്ടിപ്പ് മനസ്സിലാക്കുന്നത്.
പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത തുക പല അക്കൗണ്ടുകൾ കൈമാറിയതായും ഈ തുകയിലെ ഒരു ഭാഗം എറണാകുളം സ്വദേശിനിയായ യുവതിയുടെ അക്കൗണ്ട് വഴി പൻവലിച്ചതായും കണ്ടെത്തി.
അക്കൗണ്ട് ഉടമയെ ചോദ്യം ചെയ്തപ്പോൾ യുവതിയുടെ അക്കൗണ്ട് തട്ടിപ്പ് സംഘാംഗങ്ങൾ തന്ത്രപരമായി ഉപയോഗപ്പെടുത്തിയതാണെന്നും തെളിഞ്ഞു.
തുടർന്നു തട്ടിപ്പ് സംഘത്തെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സമാന രീതിയിലുള്ള തട്ടിപ്പിനു പാലക്കാട് സ്വദേശികളായ ഹക്കീം, മുഹമ്മദ് ജാഫർ എന്നിവരെ മലപ്പുറം കൊളത്തൂർ പൊലീസ് പിടികൂടിയതറിഞ്ഞ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഫോണിൽ നിന്ന് എറണാകുളം സ്വദേശിനിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭിക്കുകയും തട്ടിപ്പ് സംഘത്തിലെ കണ്ണിയായ ജോൺസനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊല്ലം സിറ്റി ഡിസിആർബി അസി.പൊലീസ് കമ്മിഷണർ എ.നസീറിന്റെ നിർദേശപ്രകാരം കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഗോപകുമാർ, നിയാസ്, നന്ദകുമാർ, എഎസ്ഐ അരുൺ കുമാർ, സിപിഒ അബ്ദുൽ ഹബീബ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]