
ഇരിട്ടി∙ മേഖലയിലെ നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസം പകർന്നിരുന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ അടച്ചുപൂട്ടൽ ഭീഷണിയിൽ. സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ ആശുപത്രി – നഗരസഭാ അധികൃതർ ബുദ്ധിമുട്ടുന്നതിനിടെ ജീവനക്കാർക്കു 2 മാസത്തെ ശമ്പളവും മുടങ്ങി.
സുമനസ്സുകളുടെ ‘കനിവ്’ ഉണ്ടായില്ലെങ്കിൽ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം നിലയ്ക്കും.പ്രവർത്തനം തുടങ്ങി 7 വർഷത്തിനിടെ നിർധനരായ രോഗികൾക്കു 21,087സൗജന്യ ഡയാലിസിസ് നടത്തിയ കേന്ദ്രം ആണ് അടച്ചുപൂട്ടലിന്റെ വക്കിലുള്ളത്. സർക്കാരിന്റെ ആർദ്രം പദ്ധതിയിൽപ്പെടുത്തി 1.35 കോടി രൂപ വിനിയോഗിച്ചു താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു ഡയാലിസിസ് സെന്റർ സജ്ജീകരിച്ചെങ്കിലും നടത്തിപ്പ് ചെലവുകൾ സ്വന്തം നിലയിലാണു കണ്ടെത്തേണ്ടത്.പ്രതിവർഷം 30 ലക്ഷം രൂപ ചെലവ് വരും.
ഇരിട്ടി നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി രൂപീകരിച്ചാണ് ഈ പണം കണ്ടെത്തിയിരുന്നത്.സംഭാവനകൾ തുടർച്ചയായി ലഭ്യമാകുന്നതിലെ ഏറ്റക്കുറച്ചിലും സംഭാവന നൽകുന്നവരുടെ എണ്ണം കുറഞ്ഞതും നഗരസഭാ ഫണ്ട് ലഭ്യമാക്കുന്നതിലെ ആശുപത്രിതല സാങ്കേതിക തടസ്സങ്ങളുമാണു പ്രതിസന്ധി രൂക്ഷമാക്കിയത്.ജീവനക്കാർക്ക് 4 മാസത്തെ ശമ്പളം മുടങ്ങിയിരുന്നു.
സൊസൈറ്റി ഭാരവാഹികൾ ഉദാരമതികളെ കണ്ടു ഫണ്ട് സമാഹരിച്ചു 2 മാസത്തെ കൊടുത്തെങ്കിലും ബാക്കി കൊടുക്കാൻ സാധിച്ചില്ല. താൽക്കാലിക വ്യവസ്ഥയിൽ ഉള്ളവർ എന്ന നിലയിൽ ലഭിക്കുന്ന കുറഞ്ഞ ശമ്പളം മുടങ്ങിയതോടെ ജീവനക്കാരുടെ ദൈനംദിന ജീവിതവും കടുത്ത പ്രതിസന്ധിയിലായി.
7 വർഷം മുൻപ് ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക് പോലും സൊസൈറ്റിയുടെ സാമ്പത്തികപ്രതിസന്ധി കാരണം വേതനത്തിൽ വർധന വരുത്താനും കഴിഞ്ഞിട്ടില്ല
ആശങ്കയിലായത് 36 രോഗികൾക്കുള്ള ഡയാലിസിസ് സൗകര്യം
∙10 കിടക്കകളോടു കൂടി പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ ഇപ്പോൾ 36 രോഗികൾക്കാണു ഡയാലിസിസ് നടത്തുന്നത്. ആദ്യം ഒരു ഷിഫ്റ്റിൽ പ്രവർത്തനം തുടങ്ങി.2023 സെപ്റ്റംബർ മുതൽ 2 ഷിഫ്റ്റാക്കി.
3 ഷിഫ്റ്റ് പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഉണ്ട്. 3 ഷിഫ്റ്റ് ആക്കിയാൽ 18 രോഗികൾക്ക് കൂടി സൗകര്യം ലഭിക്കും.നിലവിൽ ആവശ്യമായ തുക പോലും ലഭ്യമാക്കാനാകാത്ത സാഹചര്യത്തിൽ വർഷം തോറും 40 ലക്ഷത്തിലധികം രൂപ കൂടി അധികം ചെലവ് വരുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാനാകാത്ത സാഹചര്യത്തിലാണ് സൊസൈറ്റി.
നിർധനരായ നൂറുകണക്കിനു വൃക്ക രോഗികളുടെ അപേക്ഷകളാണ് അവസരം കാത്തു കഴിയുന്നത്. ലഭിച്ച അപേക്ഷകളിൽ മുൻഗണനാക്രമം അനുസരിച്ച് തീർത്തും പാവപ്പെട്ട
രോഗികൾക്കാണ് ഡയാലിസിസ് ചെയ്യുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]