
ചങ്ങനാശേരി ∙ വിശ്വാസത്തിന്റെയും മാനവസാഹോദര്യത്തിന്റെയും ആണ്ടുനേർച്ചയ്ക്കു നാടൊരുങ്ങി. ചങ്ങനാശേരി പഴയപള്ളിയിൽ നാളെ (13) നടത്തുന്ന ആണ്ടുനേർച്ചയിൽ പതിനായിരങ്ങൾ പങ്കെടുക്കും. പഴയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന കുഞ്ഞുണ്ണിക്കോയ തങ്ങൾ (കറുത്ത തങ്ങൾ), ഹാജി മീരാ വലിയുള്ളാഹ്, അബൂബക്കർ ബം (കൊച്ചുതങ്ങൾ) എന്നിവരുടെ സ്മരണയിലാണ് ആണ്ടടിയന്തിരവും ആണ്ടുനേർച്ചയും നടത്തുന്നത്. നാളെ പഴയപള്ളിയുടെ അങ്കണത്തിൽ നടക്കുന്ന ആണ്ടുനേർച്ചയിൽ പങ്കെടുത്ത് അനുഗ്രഹം ഏറ്റുവാങ്ങാൻ ജാതിമത ഭേദമില്ലാതെ പതിനായിരങ്ങൾ എത്തുന്നതു ചങ്ങനാശേരിയുടെ മതസൗഹാർദത്തിന്റെ കാഴ്ച കൂടിയാണ്. ചടങ്ങുകളുടെ നടത്തിപ്പിനായി ജമാഅത്ത് പ്രസിഡന്റ് ഹാജി എസ്.മുഹമ്മദ് ഫുവാദ്, സെക്രട്ടറി പി.എഫ്.സാജുദ്ദീൻ, വൈസ് പ്രസിഡന്റ് ഹക്കീം പാറയിൽ, ട്രഷറർ ഹാജി കെ.എ.ഷെരീഫ് കുട്ടി, ജോ. സെക്രട്ടറി മുഹമ്മദ് ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ചടങ്ങുകൾ
∙ ഇന്ന് ഇഷാ നമസ്കാരത്തിനു ശേഷം മൗലീദ് പാരായണം, റാത്തീബ്, ദിക്റ്, ദുആ.
∙ നാളെ രാവിലെ 8.45നു തങ്ങൾമാരുടെ മഖ്ബറയ്ക്കു മുൻപിൽ ദുആ, തുടർന്ന് 9നു നേർച്ചവിതരണം. ജമാഅത്ത് പ്രസിഡന്റ് ഹാജി എസ്.മുഹമ്മദ് ഫുവാദ് ഉദ്ഘാടനം നിർവഹിക്കും. ചീഫ് ഇമാം ഷമീർ ദാരിമി, അസിസ്റ്റന്റ് ഇമാം സുലൈമാൻ നജ്മി, ഷബീർ സഖാഫി എന്നിവർ നേതൃത്വം നൽകും
ഇന്ന് അടുപ്പെരിയും
∙ 80 ചെമ്പുകളിലാണു ബിരിയാണി തയാറാകുന്നത്.
ഇന്നു വൈകിട്ട് അടുപ്പുകളിൽ തീ തെളിയും. ചീഫ് ഇമാം ഷമീർ ദാരിമിയുടെ നേതൃത്വത്തിൽ ജമാഅത്ത് പ്രസിഡന്റ് ഹാജി എസ്.മുഹമ്മദ് ഫുവാദ് ആദ്യ അടുപ്പിനു തീ പകരും.
പുലർച്ചെ വരെ പാചകം നീളും.
ഒരുക്കങ്ങൾ
∙ പഴയപള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണു പള്ളി അങ്കണത്തിൽ തയാറാക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വരിയുണ്ട്.
തിരക്കു നിയന്ത്രിക്കാൻ ബാരിക്കേഡ് അടക്കമുള്ള സംവിധാനങ്ങൾ. സേവനത്തിനു വൊളന്റിയർമാരോടൊപ്പം പൊലീസും ഉണ്ടാകും.
നേർച്ചഭക്ഷണം
∙ 50,000 പേർക്കുള്ള നേർച്ചഭക്ഷണമാണ് ഇത്തവണ വിതരണം ചെയ്യുന്നത്.
ബിരിയാണിയാണു തയാറാക്കുന്നത്. വിശ്വാസികൾ വ്യക്തിപരമായി നേരുന്ന നേർച്ചവസ്തുക്കളും സംഭാവനകളും ഉപയോഗിച്ചാണു നേർച്ചഭക്ഷണം തയാറാക്കുന്നത്.
ആണ്ടുനേർച്ചയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
നേർച്ചയിൽ പങ്കെടുത്ത് അനുഗ്രഹം നേടാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി.
ഹാജി എസ്.മുഹമ്മദ് ഫുവാദ് പഴയപള്ളി ജമാഅത്ത് പ്രസിഡന്റ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]