
പുത്തൂർ ∙ ‘വിസ്കി കുട്ടപ്പായി’യുടെ സഞ്ചയനമാണ് ഇന്ന്. രാവിലെ 8ന് എഴുകോൺ നിള ഇൻ ഹോട്ടലിലാണ് ചടങ്ങ്.
ആദ്യം പ്രാർഥന, പിന്നെ അവന്റെ ഓർമകൾ പങ്കുവച്ച് പ്രാതൽ. കുട്ടപ്പായിയെ സ്നേഹിച്ചവരെയെല്ലാം കത്തിലൂടെ ക്ഷണിച്ചു കഴിഞ്ഞു ‘അച്ഛനും അമ്മയും സഹോദരങ്ങളും..’.
ആരാണു വിസ്കി കുട്ടപ്പായി എന്നറിയുമ്പോഴാണു കൗതുകം.
കശുവണ്ടി വ്യവസായിയും എഴുകോൺ നിള പാലസ് ഉടമയുമായ കൊല്ലം കടപ്പാക്കട സ്വാസ്തികയിൽ സോമരാജന്റെയും കുടുംബത്തിന്റെയും വളർത്തുനായ ആയിരുന്നു കുട്ടപ്പായി.
പഗ് ഇനത്തിൽപെട്ട അവനെ 45 ദിവസം പ്രായമുള്ളപ്പോൾ സോമരാജന്റെ മകൻ വൈശാഖ് എറണാകുളത്തു നിന്നു കൊണ്ടുവന്നതാണ്.
നല്ല തിരിച്ചറിവും വകതിരിവും ഉണ്ടായിരുന്ന നായക്കുട്ടിക്ക് അവർ ‘വിസ്കി’ എന്നു പേരിട്ടു. ഓമനപ്പേര് ‘കുട്ടപ്പായി’.
അന്നുമുതൽ ഊണും ഉറക്കവും എല്ലാം വീട്ടുകാർക്ക് ഒപ്പം.
വാരിക്കൊടുത്താലേ ഭക്ഷണം കഴിക്കൂ. കുടുംബത്തിന്റെ എല്ലാ യാത്രകളിലും വിസ്കിയും കൂടെക്കാണും.
അവന്റെ എല്ലാ പിറന്നാളുകളും കുടുംബത്തിന് ആഘോഷമായിരുന്നു. ഇടയ്ക്ക് ഫാക്ടറികളിൽ പോകുമ്പോൾ സോമരാജനും ഭാര്യയ്ക്കും ഒപ്പം വിസ്കിയും കൂടെയുണ്ടാകുമായിരുന്നു.
തൊഴിലാളികൾക്കിടയിലും പ്രിയങ്കരൻ. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു 11 വയസ്സുള്ള അവന്റെ വിയോഗം.
രാവിലെ ഒരു ശ്വാസംമുട്ടൽ. സ്ഥിരം ഡോക്ടറെ വിളിച്ചു മരുന്നു നൽകി.
ഉച്ചയ്ക്കു ഭക്ഷണം മടിച്ചു. എന്നിട്ടും വാരിക്കൊടുത്തതു കഴിച്ച ശേഷം തല താഴ്ത്തി കിടന്നു.
പിന്നെ കണ്ണു തുറന്നില്ല. പ്രായാധിക്യം കൊണ്ടുള്ള ഹൃദയാഘാതമായിരുന്നു മരണകാരണം.
പെട്ടിയിലായിരുന്നു അടക്കം.
കർമങ്ങളും ചെയ്തു. 16 കഴിഞ്ഞാൽ പറശ്ശിനിക്കടവ് മുത്തപ്പന്റെ സന്നിധിയിൽ അവന്റെ ഒരു വെള്ളിരൂപം സമർപ്പിക്കും.
പിന്നെ സംസ്കരിച്ച സ്ഥലത്ത് സ്മൃതി കുടീരവും. അവിടെ വയ്ക്കാൻ കുട്ടപ്പായിയുടെ കുഞ്ഞു പ്രതിമയും ഓർഡർ ചെയ്തു കഴിഞ്ഞു സോമരാജന്റെ മകൾ നിള.
‘അവൻ ഞങ്ങൾക്ക് നായക്കുട്ടിയല്ലായിരുന്നു. ഇളയ മകൻ തന്നെയായിരുന്നു.
അത്രയ്ക്കു ഞങ്ങൾ അവനെ സ്നേഹിച്ചു. അവൻ തിരിച്ചും.’ രജിതയുടെ വാക്കുകളിൽ സ്നേഹത്തിന്റെ കണ്ണീർ നനവ്.
അതു കൊണ്ടു തന്നെയാണ് അവർ സഞ്ചയനക്കത്തിൽ ഇങ്ങനെ അച്ചടിച്ചത്. ‘ ഞങ്ങളുടെ മാലാഖ വിസ്കി കുട്ടപ്പായിയുടെ സ്നേഹസ്മരണയ്ക്ക്… സോമരാജൻ (അച്ഛൻ), രജിത (അമ്മ), വൈശാഖ് (സഹോദരൻ), നിള ( സഹോദരി)’.!.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]