
ആലപ്പുഴ∙ ഓഗസ്റ്റ് 30നു പുന്നമടക്കായലിൽ നടക്കുന്ന 71ാമതു നെഹ്റു ട്രോഫി ജലോത്സവത്തിന് 3,78,89,000 രൂപ ബജറ്റ്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) ജനറൽ ബോഡിയിലാണു ബജറ്റ് അവതരിപ്പിച്ചത്.
3,78,89,000 രൂപയുടെ പ്രതീക്ഷിത വരവ് കണക്കാക്കിയ ബജറ്റിൽ 60,924 രൂപ മിച്ചമുൾപ്പെടെ 3,78,89,000 രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
ഇതിൽ തന്നെ 80 ലക്ഷത്തോളം രൂപയുടെ വരുമാനം ഉറപ്പില്ലെന്നും വരുമാനം ഉറപ്പാക്കാൻ കർശന നടപടികൾ വേണമെന്നും വിമർശനം ഉയർന്നു. പരസ്യ വരുമാനം കൂട്ടണമെന്നും ഇതിനായി ഏജൻസിയെ നിയോഗിക്കണമെന്നുമുള്ള നിർദേശം യോഗം അംഗീകരിച്ചു. ഏജൻസിയെ നിയോഗിക്കാൻ താൽപര്യപത്രം ക്ഷണിക്കാനും തീരുമാനമായി.
ബോണസായി 1.35 കോടി രൂപ, മെയ്ന്റനൻസ് ഗ്രാന്റായി 21.50 ലക്ഷം രൂപ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്ക് 61.50 ലക്ഷം രൂപ, കൾചറൽ കമ്മിറ്റിക്ക് 10 ലക്ഷം രൂപ, പബ്ലിസിറ്റി കമ്മിറ്റിക്ക് 8.94 ലക്ഷം എന്നിങ്ങനെ ചെലവ് പ്രതീക്ഷിക്കുന്നു.
2023ലെ ബോണസ് ഇനത്തിൽ 8 ലക്ഷം, മെയ്ന്റനൻസ് ഗ്രാന്റായി 21.50 ലക്ഷം, 2024ലെ സമ്മാനത്തുകയായി 7.50 ലക്ഷം, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ കുടിശിക 21,77,842 രൂപ, ജലഗതാഗത വകുപ്പിനുള്ള കുടിശിക 1.16 ലക്ഷം രൂപ എന്നിവയും ചെലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചാംപ്യൻസ് ബോട്ട് ലീഗിനായി പ്രത്യേക യോഗ്യതാ മത്സരം നടത്തുന്നതിലെ സാമ്പത്തികച്ചെലവ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനെ ബോധ്യപ്പെടുത്താനും ഇതിലൂടെ സാമ്പത്തിക സഹായം നേടിയെടുക്കാനും ടൂറിസം മന്ത്രിയെ കാണാൻ തീരുമാനിച്ചു.വള്ളംകളിയുടെ മുഖ്യാതിഥിയായി മുഖ്യമന്ത്രിക്കു പുറമേ, ഉപരാഷ്ട്രപതി, കേന്ദ്ര വിനോദ സഞ്ചാര മന്ത്രി തുടങ്ങിയവരെ എത്തിക്കാനുള്ള സാധ്യത തേടാനും തീരുമാനിച്ചു. വ്യവസായികളെ അതിഥികളായി എത്തിച്ചാൽ ഭാവിയിൽ സ്പോൺസർഷിപ് ലഭിക്കുമെന്നും ആശയം ഉയർന്നു.
എൻടിബിആർ സൊസൈറ്റി ചെയർമാൻ കൂടിയായ കലക്ടർ അലക്സ് വർഗീസ് അധ്യക്ഷനായി.
സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, എഡിഎം ആശാ സി.ഏബ്രഹാം, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, സി.കെ.സദാശിവൻ, കെ.കെ.ഷാജു, എ.എ.ഷുക്കൂർ, ടെക്നിക്കൽ കമ്മിറ്റി അംഗം ആർ.കെ.കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫൈനലിലെ വള്ളങ്ങളുടെ സമയക്രമം നിജപ്പെടുത്തണം എന്നു ശുപാർശ
വള്ളംകളി ഫൈനലിലെ വള്ളങ്ങളുടെ സമയക്രമം മിനിറ്റിനും സെക്കൻഡിനും ശേഷം മൂന്നു ഡിജിറ്റായി (സെക്കൻഡിന്റെ ആയിരത്തിലൊന്ന് അംശം) നിജപ്പെടുത്തണമെന്നു നെഹ്റു ട്രോഫി ബോട്ട് റോസ് സൊസൈറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി ശുപാർശ ചെയ്തു. കഴിഞ്ഞ വർഷം വള്ളംകളിയിൽ വിജയിയെച്ചൊല്ലിയുണ്ടായ തർക്കങ്ങൾ ഭാവിയിൽ ഒഴിവാക്കാനാണിത്.
ഒന്നിലധികം വള്ളങ്ങൾ ഒരേസമയം ഫിനിഷ് ചെയ്താൽ അവയെ ഉൾപ്പെടുത്തി നറുക്കെടുത്ത് ആര് ആദ്യം ട്രോഫി കൈവശം വയ്ക്കണമെന്നു തീരുമാനിക്കും.
സ്റ്റാർട്ടിങ് സംവിധാനത്തിനു ടെൻഡർ വിളിച്ചു പ്രായോഗിക പരീക്ഷണം നടത്തി ബോധ്യപ്പെട്ടു വേണം മികച്ചത് തിരഞ്ഞെടുക്കാൻ. വള്ളങ്ങളുടെ ചുണ്ട് ഒരുപോലെ ക്രമീകരിച്ചു സ്റ്റാർട്ടിങ്ങിൽ തുല്യത ഉറപ്പാക്കണം.
ഫിനിഷിങ് സമയത്തെ ആശയക്കുഴപ്പം ഒഴിവാക്കാൻ, വള്ളങ്ങളിലെ നമ്പർ പ്ലേറ്റ് മുൻപിൽ കെട്ടി വയ്ക്കുന്നതിനു പകരം കൂമ്പിനു തൊട്ടുപിന്നിൽ സ്റ്റിക്കർ പതിക്കണം.
സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിങ്ങിലേതു പോലെ ക്യാമറ സംവിധാനം ഒരുക്കണം. ഫിനിഷിങ് ലൈനിൽ വിധികർത്താക്കൾക്കായി മൂന്നു തട്ടിലുള്ള ഇരിപ്പിടം തയാറാക്കണം.
ട്രോഫി ഏറ്റുവാങ്ങാൻ ടീമിൽ നിന്നു നാലു പേരേ വേദിയിൽ എത്താവൂ. തുഴ കൊണ്ടുവരാൻ പാടില്ല. പ്രശ്നമുണ്ടാക്കുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സി.കെ.സദാശിവൻ, കെ.കെ.ഷാജു, ആർ.കെ.കുറുപ്പ് എന്നിവരുൾപ്പെടുന്നതാണു കമ്മിറ്റി.
റിപ്പോർട്ടിലെ ശുപാർശകൾ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും നിർദേശങ്ങളും 15നു വൈകിട്ട് അഞ്ചിനകം ആർഡിഒ ഓഫിസിൽ അറിയിക്കണമെന്നു കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. ഇതിനു ശേഷമാകും നിയമാവലി പരിഷ്കരിക്കുക.
ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചു
നെഹ്റു ട്രോഫി വള്ളംകളിയുടെ വരവു ചെലവു കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ജനറൽ ഇന്റേണൽ ഓഡിറ്റ് കമ്മിറ്റിയെ രൂപീകരിക്കാൻ തീരുമാനമായി. നേരത്തെ സബ് കമ്മിറ്റികൾക്കു മാത്രമാണ് ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി ഉണ്ടായിരുന്നത്.
എ.എൻ.പുരം ശിവകുമാർ, കെ.സി.ജോസഫ്, എം.വി.ഹൽത്താഫ്, കലക്ടറേറ്റിലെ ഫിനാൻസ് ഓഫിസർ എന്നിവരുൾപ്പെട്ടതാണു കമ്മിറ്റി.
ടിക്കറ്റ് നിരക്കിൽ മാറ്റമില്ല
നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. ടൂറിസ്റ്റ് ഗോൾഡ് നെഹ്റു പവലിയൻ- 3000 രൂപ, ടൂറിസ്റ്റ് സിൽവർ നെഹ്റു പവലിയൻ- 2500, റോസ് കോർണർ- 1500, വിക്ടറി ലെയിൻ വുഡൻ ഗാലറി- 500, ഓൾ വ്യൂ വുഡൻ ഗാലറി- 300, ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി- 200, ലോൺ- 100 എന്നിങ്ങനെയാണു ടിക്കറ്റുകളുടെ നിരക്ക്.
ലക്ഷ്വറി ബോക്സിൽ ഒരാൾക്ക് 10,000 രൂപയും കുടുംബങ്ങൾക്ക് (നാലു പേർക്ക്) 25,000 രൂപയുമാണു നിരക്ക്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]