
ബെംഗളൂരു നഗരസഭയായ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിലുടനീളമുള്ള തെരുവ് നായ്ക്കൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകാനായി പദ്ധതിയിട്ടിരിക്കുകയാണ്. ഭക്ഷണം വിതരണം ചെയ്യാൻ ആളുകൾ കുറവുള്ള സ്ഥലങ്ങളും, ഭക്ഷണം അധികം കിട്ടാനില്ലാത്ത സ്ഥലങ്ങളും ഒക്കെയായി 100 സ്ഥലങ്ങളിൽ വിളമ്പാനായി ചിക്കൻ റൈസ്, എഗ് റൈസ്, പച്ചക്കറികൾ തുടങ്ങിയവയടങ്ങിയ മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്.
ഭക്ഷണത്തിൽ 600 ഗ്രാം ചോറ്, ചിക്കൻ, പച്ചക്കറികൾ, മഞ്ഞൾ എന്നിവ ചേർത്തിരിക്കും, ഇത് ഓരോ നായയ്ക്കും കുറഞ്ഞത് 750 കലോറിയെങ്കിലും നൽകും. ശുദ്ധമായ കുടിവെള്ളവും നൽകും.
ഇങ്ങനെ ചെയ്യുമ്പോൾ വിശന്നുവലഞ്ഞ നായ്ക്കൾ ആളുകളെ കടിക്കാതിരിക്കുമെന്നാണ് പ്രതീക്ഷ. അതിലൂടെ നായകളുടെ ആക്രമണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണത്രെ ഈ പദ്ധതി ആരംഭിക്കുന്നത്.
മൃഗസ്നേഹികൾ വലിയ ആഘോഷത്തോടെയാണ് ഈ തീരുമാനത്തെ സ്വീകരിച്ചിരിക്കുന്നത്. അതേസമയം സോഷ്യൽമീഡിയയിൽ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും തമാശകൾ കലർത്തിയും ഒക്കെ ആളുകൾ പ്രതികരണം പങ്കുവയ്ക്കുന്നുണ്ട്.
‘എല്ലാ നായ്ക്കൾക്കും അവരുടേതായ ഒരു ദിവസമുണ്ട്’ എന്നാണ് ചിലർ പറഞ്ഞത്. ‘നേരത്തെ ബെംഗളൂരുവിൽ ചിലർ പട്ടിമാംസം പാകം ചെയ്യുകയും ആളുകളെ പട്ടിമാംസമാണ് എന്ന് അറിയിക്കാതെ വിളമ്പുകളും ചെയ്യുന്ന കാലമുണ്ടായിരുന്നു.
ഇപ്പോൾ കാലം മാറി. പട്ടികൾക്ക് ഇറച്ചിയും മുട്ടയും കിട്ടിത്തുടങ്ങി.
എല്ലാ നായ്ക്കൾക്കും അവരുടേതായ ഒരു ദിവസമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഈ വാർത്ത അറിഞ്ഞതോടെ ഇന്ത്യയിൽ എമ്പാടുമുള്ള നായകളെല്ലാം ബെംഗളൂരുവിലേക്ക് വരാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് കേട്ടത്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
‘ഓ, ബെംഗളൂരുവിലെ പട്ടികൾക്ക് ഇറച്ചിയും മുട്ടയും. വെറുതെയല്ല അവ വിധാൻ സൗധയ്ക്ക് മുന്നിൽ കറങ്ങി നടന്നിരുന്നത്.
അവയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം, ഈ തീരുമാനം നായ ആക്രമണം കുറയ്ക്കുമോ അതോ ഭാവിയിൽ നായകളുടെ ആക്രമണം കൂടാൻ കാരണമാകുമോ എന്ന ചർച്ചകളും സജീവമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]