
വെള്ളരിക്കുണ്ട് ∙ സിപിഐ ജില്ലാ സമ്മേളനത്തിന് വെള്ളരിക്കുണ്ടിൽ ഉജ്വല തുടക്കം. രക്തസാക്ഷികളെ അനുസ്മരിച്ച് കൊണ്ട് ഇങ്ക്വിലാബ് വിളിയുടെ ആരവത്തിൽ സംഘാടക സമിതി ചെയർമാൻ കെ.എസ്.കുര്യാക്കോസ് പതാക ഉയർത്തിയതോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജില്ലാസമ്മേളനത്തിന് തുടക്കമായി. മലയോരത്ത് ആദ്യമായാണ് സിപിഐ ജില്ലാ സമ്മേളനം നടക്കുന്നത്. കാനം രാജേന്ദ്രൻ നഗറിൽ ആരംഭിച്ച സമ്മേളനത്തിന് മുന്നോടിയായി പൊതുജന നഗരിയിലേക്കുള്ള പതാക കയ്യൂരിൽ നിന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി എം.ശ്രീജിത്ത്, ജില്ലാ സെക്രട്ടറി എ.പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചു.
പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മൃതി മണ്ഡപത്തിൽ നിന്നു മഹിളാസംഘം ജില്ലാ സെക്രട്ടറി പി.ഭാർഗവിയുടെ നേതൃത്വത്തിലും കൊടിമരം എളേരിത്തട്ട് പൊടോര കുഞ്ഞിരാമൻ നായരുടെ സ്മൃതി മണ്ഡപത്തിൽനിന്ന് കിസാൻസഭ ജില്ലാ സെക്രട്ടറി കെ.കുഞ്ഞിരാമന്റെ നേതൃത്വത്തിലും എത്തിച്ചു. മൂന്നു ജാഥകളും ടൗണിൽ സംഗമിച്ച് റെഡ് വൊളന്റിയർമാരുടെ മാർച്ചോടെ നീങ്ങിയപ്പോൾ വെള്ളരിക്കുണ്ട് ടൗൺ ചെങ്കടലായി മാറി. ബാൻഡ് വാദ്യസംഘത്തിന്റെ അകമ്പടിയോടെ നടന്ന മാർച്ച് ക്യാപ്റ്റൻ ജില്ലാ കൗൺസിലംഗം കരുണാകരൻ കുന്നത്ത് നയിച്ചു.
പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി ടി.കൃഷ്ണനും പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബുവും കൊടിമരം സംഘാടകസമിതി കൺവീനർ എം.കുമാരനും ഏറ്റുവാങ്ങി.
പ്രതിനിധി സമ്മേളനം ഇന്ന്
രാവിലെ 10ന് ബി.വി.രാജൻ നഗറിൽ പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയിൽ മുതിർന്ന സിപിഐ നേതാവ് പി.എ.നായർ പതാക ഉയർത്തും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ, മന്ത്രിമാരായ ജി.ആർ.അനിൽ, പി.പ്രസാദ്, ദേശീയ കൗൺസിൽഅംഗം പി.വസന്തം,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.പി.മുരളി, കെ.കെ.അഷറഫ്,ടി.വി.ബാലൻ എന്നിവർ പങ്കെടുക്കും.നാളെ വൈകിട്ട് സമ്മേളനം സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]