
തിരുവനന്തപുരം: കീമിന്റെ പുതിയ റാങ്ക് പട്ടികയിൽ, ഏറെ പിന്നിലായതോടെ കേരള സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത പ്രതിസന്ധി. പലർക്കും പ്രതീക്ഷിച്ച കോളേജുകളിലും പ്രോഗ്രാമുകളിലും അവസരം ലഭിക്കില്ല.
രക്ഷിതാക്കളും കടുത്ത മാനസിക പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്. പുതുക്കിയ റാങ്ക് ലിസ്റ്റ് സ്വാഗതം ചെയ്ത സിബി എസ് സി വിഭാഗം വിദ്യാര്‍ത്ഥികള്‍ വരും വര്‍ഷങ്ങളിലും ഈ രീതി തുടരണമെന്ന് ആവശ്യപ്പെട്ടു.
അലോട്ടമെന്റ് നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള കോടതി ഉത്തരവുകളും റാങ്ക് ലിസ്റ്റിലെ അടിമുടി മാറ്റങ്ങളും പെരുവഴിലാക്കുമോയെന്ന കടുത്ത ആശങ്കയിലാണ് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍. റദ്ദാക്കിയ റാങ്ക് ലിസ്റ്റിലെ ആദ്യ പത്തില്‍ അഞ്ചു പേരും ആദ്യ നൂറില്‍ നാല്പത്തഞ്ച് പേരും കേരള സിലബസുകാര്‍ ആയിരുന്നു.
എന്നാല്‍ ഇന്നലെ രാത്രി പ്രസിദ്ധീകരിച്ച ലിസ്റ്റിലെ ആദ്യ നൂറില്‍ ഉള്‍പ്പെട്ടത് കേരള സിലബസിലെ 21 പേര് മാത്രം. റാങ്ക് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ബഹുദൂരം പിന്നോട്ട് പോയി.
ആദ്യ പട്ടികയിൽ എട്ടാമതായിരുന്ന വിദ്യാർത്ഥി രണ്ടാം പട്ടികയിൽ 185ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെയുള്ള റാങ്ക് കണക്കുകൂട്ടി, പ്രതീക്ഷ വെച്ച കോളേജുകളും പ്രോഗ്രാമുകളും ലഭിക്കില്ലന്ന പ്രതിസന്ധിയിലാണ് വിദ്യാർത്ഥികൾ.
രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. മാര്‍ക്ക് ഏകീകരണരീതി മാറ്റുന്നതിനെതിരെ കോടതിയെ സമീപിച്ച സിബിഎസ് സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മുന്‍തൂക്കം ലഭിക്കുന്നതാണ് പുതുക്കിയ റാങ്ക് ലിസ്റ്റ്.
അടുത്ത വര്‍ഷങ്ങളിലും ഇതേ രീതി തുടരണമെന്നാണ് സിബിഎസ് സി വിദ്യാര്‍ത്ഥികൾ ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് 14 ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശം.
ഇതിന് കൂടി സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ പ്രശ്നം കൂടുതല്‍ വഷളാകും. എന്നാൽ കേരള സിലബസ് വിദ്യാർത്ഥികളുടെ ആശങ്ക പരിഗണിക്കുന്നതിൽ കൈമലർത്തുകയാണ് സർക്കാർ.
കോടതി വിധി ചൂണ്ടിക്കാട്ടിയും മാധ്യമങ്ങളെ പഴിച്ചുമാണ് സർക്കാർ പ്രവേശന നടപടികളുമായി മുന്നോട്ട് പോകുന്നത്. ഇത് ഇന്ന് തന്നെ തുടങ്ങാനാണ് തീരുമാനം.
മന്ത്രിസഭാ യോഗത്തിൽ ഉയർന്ന സംശയങ്ങളും വിദഗ്ധസമിതിയുടെ ശുപാർശയും തള്ളി പുതിയ ഫോർമുല ഈ വർഷം തിരക്കിട്ട് നടപ്പാക്കാൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം. മാർക്ക് ഏകീകരണത്തിൽ കേരള സിലബസുകാർ പിന്നിൽ പോകുന്നുവെന്ന പരാതി തീർക്കാനാണ് പുതിയ ഫോർമുല നടപ്പാക്കിയത്.
പക്ഷെ നടപ്പാക്കിയ രീതിയാണ് എല്ലാം കുളമാക്കിയത്. ഈ വർഷം മാറ്റം കൊണ്ടുവരുന്നത് അപ്രായോഗികമെന്ന് ജൂൺ രണ്ടിന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.
ജൂൺ 30 ന് ചേർന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിലും ഇത്തവണ മാറ്റം വേണോ എന്ന് ചില മന്ത്രിമാർ സംശയം ഉന്നയിച്ചു. നിയമമന്ത്രിയും കൃഷിമന്ത്രിയുമടക്കം ഇക്കാര്യം ഉന്നയിച്ചു.
കേരള സിലബസുകാരുടെ പ്രശ്നം കണക്കിലെടുക്കണമെന്നായിരുന്നു ഭൂരിഭാഗം മന്ത്രിമാരുടെ അഭിപ്രായം. ഇതിനൊടുവിലായിരുന്നു മന്ത്രിസഭ ഈ മാറ്റത്തിന് അംഗീകാരം നൽകിയത്.
ആർക്ക് വേണ്ടിയാണോ മാറ്റം കൊണ്ടുവന്നത്, അവർക്ക് തന്നെ സർക്കാറിൻറെ തിടുക്കം പാരയായി മാറുന്നതാണ് പിന്നീട് കണ്ടത്. കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയതോടെ സർക്കാർ പിൻവാങ്ങി കൈമലർത്തി.
വിദഗ്ധസമിതി ശുപാർശയെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഉന്നത വിദ്യാഭ്യാസമന്ത്രി മറുപടി നൽകുന്നില്ല. പഴയ ലിസ്റ്റിലെ ഒന്നാം റാങ്ക് തന്നെ മാറി.
എട്ടാം റാങ്ക് കാരൻ 185 ലേക്ക് വീണതും പഴയ ഫോർമുലയിൽ പ്രശ്നമുണ്ടെന്ന് അടിവരയിടുന്നു. എന്നാൽ പ്രതിഷേധം ഉയരുമ്പോഴും പരാതിപ്പട്ടികയുമായി തന്നെ മുന്നോട്ട് പോകുന്നു സർക്കാർ.
കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉടൻ ഓപ്ഷൻ ക്ഷണിക്കാനാണ് തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]