
കൊഴിഞ്ഞാമ്പാറ ∙ മക്കളെ മറയാക്കി തമിഴ്നാട്ടിൽ നിന്നു രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 79.8 ലക്ഷം രൂപയും 5 ഗ്രാം സ്വർണവും പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ നാലുപേരാണു പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ ചേർത്തല പാണാവള്ളി സ്വദേശിയായ 47 വയസ്സുകാരൻ, മകൻ 20 വയസ്സുകാരൻ, 14 വയസ്സുകാരിയായ മകൾ, സഹോദരീപുത്രനായ ആലപ്പുഴ ന്യൂ ബസാർ സ്വദേശി 35 വയസ്സുകാരൻ എന്നിവരാണു പിടിയിലായത്.
രേഖകളില്ലാതെ പണം കടത്തുന്നുവെന്നു ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്നലെ വൈകിട്ട് ആറരയോടെ കൊഴിഞ്ഞാമ്പാറ അത്തിക്കോട്ടിൽ നിന്ന് പണവും സ്വർണവും പിടികൂടിയത്.
ഒറ്റനോട്ടത്തിൽ പൊലീസെന്നു തോന്നിക്കുന്ന പാന്റ്സ്, ഷൂ, സോക്സ് എന്നിവയാണ് 47 വയസ്സുകാരൻ ധരിച്ചിരുന്നത്. ഇതിനു മുൻപും ഇയാൾ ഇത്തരത്തിൽ ഒട്ടേറെ തവണ പണം കടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
പ്രതികളെ ജാമ്യത്തിൽ വിടുമെന്നും കാറും പിടിച്ചെടുത്ത പണവും സ്വർണവും ഇന്നു കോടതിയിൽ ഹാജരാക്കുമെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.
ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, നർകോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ, കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എ.ആർ.അരുൺകുമാർ, മീനാക്ഷിപുരം എസ്ഐ കെ.ഷിജു, എഎസ്ഐ വി.മാർട്ടിന ഗ്രേസി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.ഹരിദാസ്, എൻ.ശരവണൻ, ജില്ലാ ലഹരിവിരുദ്ധ സംഘങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണു പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]