
അമ്പലപ്പുഴ ∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ അഞ്ചുകോടി രൂപ ചെലവിൽ അമിനിറ്റി സെന്റർ യാഥാർഥ്യമാകുന്നു. രണ്ടുനിലകളിൽ 17300 ചതുരശ്രയടി വിസ്തീർണത്തിൽ പൂർത്തിയാക്കുന്ന സെന്ററിന്റെ താഴത്തെ നിലയിൽ 9 ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയും, മുകൾ നിലയിൽ 11 ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയും ഉണ്ടാകും. വിശാലമായ പാർക്കിങ് സൗകര്യവുമൊരുക്കും.
കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡോർമട്രി, സ്റ്റോറേജ്, ശുചിമുറി സംവിധാനവും ഉണ്ടാകും.
ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ദേവസ്വം സത്രം പൊളിച്ചു നീക്കിയ ശേഷമാകും സെന്റർ നിർമിക്കുക. 40 വർഷം പഴക്കമുള്ള സത്രം കാലപ്പഴക്കം കൊണ്ട് താമസയോഗ്യമല്ലാതായി.
കഴിഞ്ഞ രണ്ടു വർഷമായി ഇത് ഭാഗികമായാണ് പ്രവർത്തിക്കുന്നത്. എച്ച്.സലാം എംഎൽഎ മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അമിനിറ്റി സെന്ററിന് തുക അനുവദിച്ചത്. സ്റ്റേജും ഓപ്പൺ എയർ ഓഡിറ്റോറിയവും പുനർനിർമിക്കും.
5 കോടി കൂടാതെ ബജറ്റ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ഇതിനായി അനുവദിച്ചു. 5 കോടി രൂപയുടെ കെട്ടിടത്തിന്റെ നിർമാണ ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ്.
നിർമാണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അംഗം എ.അജിത് കുമാറിന്റെ അധ്യക്ഷതയിൽ എച്ച്.സലാം യോഗം വിളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, അംഗങ്ങളായ സുഷമ രാജീവ്, കെ.കവിത, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ എം.എം.നിഖിൽലാൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ.അജിത്കുമാർ, ദേവസ്വം എക്സിക്യൂട്ടീവ് എൻജിനീയർ ഗീത ഗോപാലകൃഷ്ണൻ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എ.നിഹാൽ, അസിസ്റ്റന്റ് എൻജിനീയർ മധു, ടൂറിസം അസിസ്റ്റന്റ് എൻജിനീയർ എസ്.വിമൽ കുമാർ, കിഡ്ക് പ്രോജക്ട് എൻജിനീയർ ശിൽപ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]