
തിരുവനന്തപുരം ∙
ചരമശതാബ്ദിയുടെ ഭാഗമായി, തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ മസ്കത്തിലെ പ്രവാസി മലയാളികൾ അവതരിപ്പിച്ച ‘ശ്രീഭൂവിലസ്ഥിര’ എന്ന നാടകം തൈക്കാട് ഗണേശത്തിൽ കണ്ടിറങ്ങിയവരുടെ മനസ്സിൽനിന്ന് ആശാൻ അത്രവേഗം ഇറങ്ങിപ്പോകില്ല.
പ്രവാസിയായ പ്രശാന്ത് ഭാസ്കരനാണ് കുമാരനാശാനായി വേഷമിട്ടത്. കുമാരനാശാനോട് ഇത്രയും സാമ്യമുള്ള മുഖം എവിടെനിന്നു കിട്ടിയെന്നായിരുന്നു നാടകം കണ്ട
സൂര്യ കൃഷ്ണമൂർത്തിയും ഗോപിനാഥ് മുതുകാടും അണിയറ പ്രവർത്തകരോടു ചോദിച്ചത്. കുമാരനാശാന്റെ കുടുംബത്തിൽപെട്ട
ആളാണോ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. പലരും ഒപ്പം നിന്ന് ഫോട്ടോയെടുത്തു.
കുമാരാനാശാന്റെ ആരാധകനായ വയോധികൻ പ്രശാന്തിനെക്കണ്ടു കണ്ണുനിറഞ്ഞ് ആശാന്റെ കവിത ചൊല്ലി അഭിവാദനം ചെയ്തു.
മസ്കത്തിൽ അവതരിപ്പിച്ച നാടകത്തിന്റെ വിഡിയോ കണ്ടാണ് സൂര്യ കൃഷ്ണമൂർത്തി നാടകസംഘത്തെ തിരുവനന്തപുരത്തേക്കു ക്ഷണിച്ചത്. ‘‘നിങ്ങൾ വന്നാൽ മതി, ഗണേശത്തിൽ നാടകം അവതരിപ്പിക്കാനുള്ള സ്റ്റേജും സൗകര്യങ്ങളും ഒരുക്കാം’’ എന്നായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ വാഗ്ദാനം.
നാടകം എഴുതിത്തുടങ്ങിയപ്പോൾ, കുമാരാനാശന്റെ ശബ്ദസാന്നിധ്യം മാത്രമായിരുന്നു അണിയറ പ്രവർത്തകർ ഉദ്ദേശിച്ചത്. എന്നാൽ കുമാരനാശാനും പ്രശാന്തും തമ്മിലുള്ള മുഖസാദൃശ്യം മനസ്സിലാക്കിയ സുഹൃത്തുക്കളായ നാടകപ്രവർത്തകർ ആശാനെ ‘വേദിയിലെത്തിക്കാൻ’ തീരുമാനിക്കുകയായിരുന്നു.
നേമം സ്വദേശി പ്രശാന്ത് ഭാസ്കരൻ 24 വർഷമായി മസ്കത്തിലാണ്.
പഞ്ചനക്ഷത്ര റിസോർട്ടിൽ ഫുഡ് ആൻഡ് ബവ്റിജസ് വിഭാഗത്തിലാണ് ജോലി. സ്കൂളിൽ മിമിക്രി അവതരിപ്പിച്ചാണ് കലാപ്രവർത്തനങ്ങളുടെ തുടക്കം.
പിന്നീട് നാട്ടിൽ ക്ലബ് രൂപീകരിച്ച് നാടകപ്രവർത്തനം തുടങ്ങി.
അതിനിടെയാണ് 2001ൽ മസ്കത്തിലേക്ക് പോകുന്നത്. ജീവിതം കരുപ്പിടിപ്പിക്കാനായി 8 വർഷത്തോളം കലാപ്രവർത്തനം മറന്ന് ജോലിയിൽ മാത്രമായിരുന്നു ശ്രദ്ധ.
പിന്നീട് മലയാളി അസോസിയേഷൻ വേദികളിൽ മിമിക്രി അവതരിപ്പിച്ചു തുടങ്ങി. 2018 ൽ തിരുവനന്തപുരം അസോസിയേഷന്റെ പരിപാടിയിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം സ്റ്റേജ് പങ്കിട്ട
പ്രശാന്തിന്റെ വിഡിയോ വൈറലായി. ഇതിനുപിന്നാലെ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചു.
ശിഖണ്ഡിനി എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത്.
ആ നാടകം മസ്കത്തിൽ വച്ച് കണ്ട സൂര്യ കൃഷ്ണമൂർത്തി അന്നും തൈക്കാട് ഗണേശത്തിലേക്ക് സംഘത്തെ ക്ഷണിച്ച് അവസരം നൽകി.
മഞ്ജുളൻ സംവിധാനം ചെയ്ത അടയ്ക്ക, മറത്തുകളി എന്നീ നാടകങ്ങളിലും വേഷമിട്ടു. ഇതിഹാസം എന്ന നാടകത്തിൽ 3 കഥാപാത്രങ്ങളായാണ് എത്തിയത്.
കരിമണൽ ഖനനത്തിന്റെ കഥ പറഞ്ഞ കറുത്ത മണ്ണിന്റെ നാട്, നത്ത് മാത്തൻ ഒന്നാം സാക്ഷി എന്നീ നാടകങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങൾക്കു ജീവൻ നൽകി.
മസ്കത്തിൽ അമ്മ ക്രിയേഷൻസ്, റെയിൻബോ ക്ലബ്, ഭാവലയ, മസ്കത്ത് ക്രിയേറ്റീവ് ആർട്സ്, മലയാളം വിങ്, തിയറ്റർ ഗ്രൂപ്പ് മസ്കത്ത് എന്നീ ബാനറുകളിലെല്ലാം പ്രശാന്ത് നാടകം അഭിനയിച്ചു.
രാജാരവിവർമ്മയുടെ ജീവിതം പറയുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയിലാണ് അടുത്തതായി വേഷമിടുന്നത്. ഓഗസ്റ്റിൽ മസ്കത്തിൽ പ്രദർശിപ്പിക്കുന്ന നാടകത്തിൽ മാർവാടിയായ വില്ലൻ കഥാപാത്രമായാണ് പ്രശാന്ത് അരങ്ങിലെത്തുന്നത്.
ഭാര്യ: അഞ്ജു, മകൾ ദേവിക ബികോം രണ്ടാം വർഷ വിദ്യാർഥിനി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]