
തിരുവനന്തപുരം ∙ പൊതുമരാമത്ത് റോഡിൽ അലക്ഷ്യമായി ഇറക്കിയിട്ടിരുന്ന മെറ്റലിൽ സ്കൂട്ടർ തെന്നിവീണ് യാത്രക്കാരിക്ക് പരുക്കേറ്റ സംഭവത്തിൽ തൊളിക്കോട് പഞ്ചായത്ത് 22,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 8% പലിശ നൽകേണ്ടി വരുമെന്ന് ഉത്തരവിൽ പറഞ്ഞു.
തുക നൽകിയ ശേഷം തൊളിക്കോട് പഞ്ചായത്ത് സെക്രട്ടറി നടപടി റിപ്പോർട്ട് സമർപ്പിക്കണം. നഷ്ടപരിഹാരം പഞ്ചായത്ത് നൽകിയ ശേഷം ഉത്തരവാദികളിൽ നിന്നും നിയമാനുസരണം ഈടാക്കാൻ തൊളിക്കോട് പഞ്ചായത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും ഉത്തരവിൽ പറഞ്ഞു.
2023 മേയ് 9 നാണ് അപകടമുണ്ടായത്.
മൈലാമൂട് ട്രാൻസ്ഫോർമറിന് സമീപം റോഡിലുണ്ടായിരുന്ന മെറ്റലിലാണ് നെടുമങ്ങാട് സ്വദേശിനി സ്മിതാ ഭാസ്കറിന്റെ സ്കൂട്ടർ തെന്നി വീണത്. തുടർന്ന് കൊച്ചിയിൽ നേവി ഉദ്യോഗസ്ഥനായ ഭർത്താവിന് അവധിയെടുത്ത് വന്ന് ഭാര്യയെ ശുശ്രൂഷിക്കേണ്ടതായി വന്നുവെന്നും പരാതിയിൽ പറയുന്നു.
ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്.
കമ്മീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. പഞ്ചായത്ത് റോഡിൽ പണി ചെയ്യാനുള്ള മെറ്റൽ അനുവാദമില്ലാതെ പൊതുമരാമത്ത് റോഡിൽ ഇറക്കിയിട്ടത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ കണ്ടെത്തി.
മെറ്റൽ ഇറക്കാൻ പഞ്ചായത്തിന്റെ അനുമതി കരാറുകാരൻ വാങ്ങിയില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല. വഴിയാത്രക്കാർക്ക് മെറ്റൽ കാരണം അപകടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ പഞ്ചായത്ത് സ്വീകരിച്ചില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
റോഡിന്റെ വശങ്ങളിൽ നിർമ്മാണ വസ്തുക്കൾ നിക്ഷേപിക്കുമ്പോൾ പൊതുജനങ്ങൾക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾ മുൻകൂട്ടി സ്വീകരിക്കാനുള്ള ബാധ്യത ഉദ്യോഗസ്ഥർക്കുണ്ടെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]