
തൃശൂർ ∙ കഥകളും അദ്ഭുത കഥകളുമൊക്കെയായി ആനകൾ മേഞ്ഞു നടക്കുന്ന വിശാലമായ സാമ്രാജ്യത്തിൽ സ്വന്തം പേര് കൊത്തിവച്ചശേഷമാണ് പാർവതി അമ്മാൾ വിടവാങ്ങുന്നത്. ആനകളെ പരിപാലിച്ചതിന്റെ പരിചയ സമ്പത്തും അവയെ അണിയിച്ചൊരുക്കിയതിന്റെ അനുഭവങ്ങളുമൊക്കെ ആ ജീവിതത്തിലെ തിളക്കമാർന്ന അധ്യായങ്ങളാണ്.
സ്ത്രീകൾ പൊതുവേ കടന്നു വരാൻ മടിക്കുന്ന മേഖലയിലേക്ക് അമ്മാൾ കാലത്തിനു മുൻപേ കടന്നുവരാൻ കാരണം അച്ഛന്റെ പ്രോത്സാഹനം കൂടിയായിരുന്നു. ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന ഗണപതി അയ്യരാണ് ആനകൾക്കു ചമയങ്ങൾ ഒരുക്കുന്ന സ്ഥാപനം തൃശൂരിൽ ആരംഭിച്ചത്. അച്ഛനു തിരക്കാകുമ്പോൾ മേൽനോട്ടം പാർവതിയെ ഏൽപിക്കും.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പാർവതി അത് മുഴുവൻ സമയ ജോലിയായി സ്വീകരിച്ചു.
അച്ഛൻ പകർന്നു നൽകിയ അറിവു സായത്തമാക്കി ആനയും ആന ചമയങ്ങളുമടങ്ങിയ ലോകം പാർവതി അമ്മാൾ അനായാസം കീഴടക്കി. മാരാർ റോഡിലെ ഗണപതി നിവാസ് ആനപ്രേമികളെ സംബന്ധിച്ചിടത്തോളം മറ്റൊരു ‘പൂരപ്പറമ്പ്’ തന്നെയായിരുന്നു.
പാർവതിയുടെ ഉടമസ്ഥതയിലുള്ള കെ.എൻ.വെങ്കിടാദ്രി ആൻഡ് കമ്പനി ഒരു സമയത്ത് അയൽ സംസ്ഥാനങ്ങളിൽക്കൂടി ആനച്ചമയങ്ങൾ വിതരണം ചെയ്തിരുന്നു. തിരുപ്പതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിനു വർഷങ്ങളോളം ആനച്ചമയങ്ങൾ നൽകിയതിന്റെ നന്ദി ദേവസ്ഥാനം പ്രകടിപ്പിച്ചത് ഒരു ആനയെ സൗജന്യമായി നൽകിക്കൊണ്ടായിരുന്നു. ആ ആനയാണ് തിരുപ്പതി രാജ.
ജന്മം കൊണ്ടു ബീഹാറിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂരിലെത്തിച്ചതും പാർവതി അമ്മാളാണ്.
വർഷങ്ങളോളം കൂടെ നിർത്തിയ ശേഷമാണ് രാമചന്ദ്രനെ കൈമാറിയത്. 4 ആനകൾ കൂടി ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. കമ്പനിയുടെ ചുമതലയിലേക്കു മകൻ രാജു സ്വാമിയെ ഒപ്പം കൂട്ടിയാണ് പാർവതി അമ്മാൾ പിന്നീട് കാര്യങ്ങൾ നടത്തയിരുന്നത്. പ്രായത്തിന്റെ അസ്വസ്ഥകൾ അലട്ടി തുടങ്ങിയതോടെ ചുമതലകൾ മകൻ രാജു സ്വാമിക്ക് കൈമാറി. സ്വാമിയോടൊപ്പം മകൻ ഗണേശനും ഇപ്പോൾ സ്ഥാപനത്തിന്റെ കാര്യങ്ങൾക്കായി കൂടെയുണ്ട്.
അതായത് വർഷങ്ങൾക്ക് മുൻപ് ഗണപതി അയ്യർ തുടങ്ങിയ ആനച്ചമയ സ്ഥാപനം നാലാം തലമുറയിലേക്ക് എത്തിയിരിക്കുന്നു. ഇത് വളർന്നതും പന്തലിച്ചതുമൊക്കെ അമ്മത്തണലിലാണെന്നു സംശയമില്ലാതെ പറയാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]