
ചെന്നൈ: കടലൂർ റെയിൽവെ ലെവൽ ക്രോസിൽ സ്കൂൾ വാഹനം അപകടത്തിൽപെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ തീരുമാനിച്ചു.
രാജ്യവ്യാപകമായി എല്ലാ ലെവൽ ക്രോസിലും സിസിടിവി സ്ഥാപിക്കും. പച്ചലൈറ്റ് കത്തുന്ന ഇന്റർ ലോക്കിങ് സംവിധാനം വേഗത്തിൽ എല്ലായിടത്തും നടപ്പാക്കും.
ഇന്റർ ലോക്കിങ് സംവിധാനം ഇല്ലാത്ത ഗേറ്റുകളിലെ വോയ്സ് റെക്കോർഡിങ് ദിവസത്തിൽ രണ്ട് തവണ പരിശോധിക്കുമെന്നും റെയിൽവേ അറിയിച്ചു. റെയിൽവേ ഗേറ്റിന് സമീപം സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.
ലെവൽ ക്രോസുകൾ ഒഴിവാക്കി പകരം ഓവർ ബ്രിഡ്ജും അടിപ്പാതകളും സ്ഥാപിക്കും. സബ്വേകൾ നിർമ്മിക്കുന്ന പദ്ധതി വേഗത്തിലാക്കാനും തീരുമാനമുണ്ട്.
അപകടസാധ്യതയുള്ള ഗേറ്റുകളുടെ പട്ടിക തയാറാക്കി. ആർപിഎഫ് – ഹോം ഗാർഡുകളെ ഇവിടങ്ങളിൽ നിയോഗിക്കും.
രാജ്യവ്യാപകമായി 15 ദിവസത്തെ പരിശോധനയ്ക്കാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദേശം നൽകിയിരിക്കുന്നത്. കടലൂർ ചിദംബരത്തിനടുത്തുള്ള സെമ്മങ്കുപ്പം റെയിൽവേ ഗേറ്റിൽ ഇന്നലെ രാവിലെ ഏഴേ മുക്കാലിനാണ് നടുക്കുന്ന അപകടം നടന്നത്.
കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികളുമായി പോയ വാൻ വിഴുപ്പുറം , മയിലാടുതുറൈ പാസഞ്ചർ ട്രെയിനിന് മുന്നിൽ പെടുകയായിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥി നിമിലേഷ്, 11ാം ക്ലാസ് വിദ്യാർത്ഥി ചാരുമതി, 10ാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ ചെഴിയൻ എന്നിവർക്ക് ജീവൻ നഷ്ടമായി.
പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും വാൻ ഡ്രൈവറും രക്ഷാപ്രവർത്തനത്തിനിടെ ഷോക്കേറ്റ 55കാരനായ പ്രദേശവാസിയും ആശുപത്രിയിൽ ചികിത്സയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]