
കണ്ണൂര്‍: ഇരിട്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത വ്യാഴാഴ്ച്ച ചാവശ്ശേരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പരീക്ഷാ ഹാളിലെത്തും.
സ്കൂളിലെ ഒരുക്കങ്ങള്‍ വിലയിരുത്താനല്ല മറിച്ച് പരീക്ഷാര്‍ഥിയായി. പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷക്കായാണ് ചെയര്‍പേഴ്സണ്‍ എത്തുന്നത്. പാതിവഴിയില്‍ നിലച്ചു പോയ പ്രീ ഡിഗ്രി വിദ്യാഭ്യാസം നഗരസഭ അധ്യക്ഷയായ ശേഷം ശ്രീലത തുടരുകയാണ്.
സാക്ഷരതാ മിഷന്റെ കൈപിടിച്ചാണ് പ്ലസ്ടു തുല്യതാ പരീക്ഷ എഴുതന്നത്. എല്ലാവര്ക്കും വിദ്യാഭ്യാസം, എക്കാലവും വിദ്യാഭ്യാസം എന്ന സാക്ഷരത മിഷന്റെ മുദ്രാവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് കെ ശ്രീലത. ജൂലൈ 10 ന് ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ തുല്യതാ പരീക്ഷക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും ഇവര്‍ നടത്തി.
മുന്‍പ് നടന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടിയിരുന്നു. എല്ലാ പിന്തുണയുമായി ഭരണസമിതിയും ജീവനക്കാരും ഒപ്പം നാട്ടുകാരുമുണ്ട്.
ഇരിട്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണായി ചുമതല ഏറ്റെടുത്ത ആദ്യദിവസം തന്നെ സാക്ഷരത പ്രേരക് ഷൈമയുടെ സന്ദര്‍ശനമാണ് വഴിത്തിരിവായത്. തുടര്‍ന്ന് സാക്ഷരതാ സമിതി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളെ അടുത്തറിയാന്‍ അവസരം ലഭിച്ചു.
പഠനത്തിന് താല്പര്യം വര്‍ധിച്ചതോടെ മറ്റ് കൗണ്‍സിലര്‍മാരും ആശാ പ്രവര്‍ത്തകരും സഹപാഠികളായി ചേര്‍ന്നു. ചാവശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുല്യതാ ക്ലാസ് ഉദ്ഘാടനം ചെയ്തതോടൊപ്പം ചെയര്‍പേഴ്സണ്‍ അവിടെ പഠിതാവായും ചേര്‍ന്നു.
നഗരസഭ ഭരണം എന്ന ഭാരിച്ച ഉത്തരവാദിത്വത്തിനിടയ്ക്ക് പഠനത്തിന് സമയം കണ്ടെത്തിയാണ് ശ്രീലത വിദ്യാഭ്യാസം തുടരുന്നത്. ഞായറാഴ്ചകളില്‍ നടക്കുന്ന തുല്യതാ ക്ലാസുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നുമുണ്ട്.
ഭര്‍ത്താവ് പി വിജയനും മക്കളായ വിനീതും വൈഷ്ണവിയും മരുമകളും എല്ലാ പ്രോത്സാഹനവും നല്കുന്നു. ഇരിട്ടി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സോയ കാരായിയും ഈ വര്‍ഷം തുല്യതാ പരീക്ഷ എഴുതുന്നുണ്ട്.
മറ്റു വികസന പ്രവര്‍ത്തനങ്ങളോടൊപ്പം അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടപ്പിലാക്കുന്ന ചെയര്പേഴ്സന്, മറ്റു പഠിതാക്കള്‍ക്കും സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും പ്രചോദനമാണെന്ന് സാക്ഷരതാ മിഷന് ജില്ലാ കോഡിനേറ്റര്‍ ഷാജൂ ജോണ്‍ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]