
കോഴിക്കോട്∙ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകളുടെ സംയുക്ത സമര സമിതി നടത്തിയ സൂചന പണിമുടക്ക് ജില്ലയിൽ പൂർണം. ഗ്രാമങ്ങളിൽനിന്നു നഗരത്തിലെത്താൻ പലരും ചെറു വാഹനങ്ങളെയാണ് ആശ്രയിച്ചത്.
ഇരുചക്ര വാഹനങ്ങളും കാറുകളും റോഡിൽ നിറഞ്ഞതോടെ നഗരത്തിലും ഗതാഗതക്കുരുക്കായി. കെഎസ്ആർടിസി ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് അധിക സർവീസുകൾ നടത്തി. ട്രെയിനുകളിൽ വന്നിറങ്ങിയ യാത്രക്കാർ ബസുകൾ കിട്ടാതെ വലഞ്ഞു.
കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോയിൽ നിന്ന് ട്രിപ്പ് അറേഞ്ച്മെന്റിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് യാത്രക്കാരെ കയറ്റി, മെഡിക്കൽ കോളജ്, മുക്കം, മാവൂർ, കുന്നമംഗലം ഭാഗങ്ങളിലേക്ക് സർവീസ് നടത്തി.
കൊയിലാണ്ടി, ബാലുശ്ശേരി ഭാഗങ്ങളിലേക്ക് അഡീഷനൽ സർവീസും ഉണ്ടായിരുന്നു. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളൊന്നും സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതി ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയത്. 22 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കി നൽകുക, അർഹതപ്പെട്ട
വിദ്യാർഥികൾക്കു മാത്രം കൺസഷൻ ലഭ്യമാക്കുകയും വിദ്യാർഥികളുടെ യാത്രാ നിരക്ക് കാലോചിതമായി വർധിപ്പിക്കുകയും ചെയ്യുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ– ചലാൻ വഴി അമിത പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമ സംഘടനകളും ചേർന്ന സംയുക്ത സമര സമിതി സർവീസ് നിർത്തിവയ്ക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]