
അബുദാബി: ചില രാജ്യങ്ങളിലെ പൗരന്മാര്ക്ക് യുഎഇ ആജീവനാന്ത ഗോള്‍ഡന്‍ വിസ അനുവദിക്കുന്നെന്ന രീതിയില്‍ പല വിദേശ മാധ്യമങ്ങളിലും പ്രചരിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി (ഐസിപി). പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഐസിപി വ്യക്തമാക്കി.
രാജ്യത്ത് തന്നെയുള്ള ഔദ്യോഗിക സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയാണ് യുഎഇ ഗോള്‍ഡന്‍ വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതെന്നും ഈ അപേക്ഷാ പ്രക്രിയയില്‍ രാജ്യത്തിന് അകത്തോ പുറത്തോ ഉള്ള ഒരു അഡ്വൈസറി സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഐസിപി വ്യക്തമാക്കി. ഗോള്‍ഡന്‍ റെസിഡന്‍സ് കാറ്റഗറികള്‍, അവയ്ക്കുള്ള നിബന്ധനകള്‍, നിയന്ത്രണം എന്നിവ യുഎഇ നിയമങ്ങളും ഔദ്യോഗിക മന്തിതല തീരുമാനങ്ങളും അനുസരിച്ചാണ് നിശ്ചയിക്കുന്നത്.
ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അറിയേണ്ടവര്‍ക്ക് ഐസിപി വെബ്സൈറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പരിശോധിച്ച് ഇവ മനസ്സിലാക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു രാജ്യത്തെ ഒരു കൺസൽറ്റൻസി ഓഫിസ് മുഖേന ലളിതമായ വ്യവസ്ഥകളിൽ യുഎഇക്ക് പുറത്തുനിന്ന് എല്ലാ വിഭാഗക്കാർക്കും ആജീവനാന്ത ഗോൾഡൻ വീസ നേടാമെന്ന് അവകാശപ്പെട്ട് ചില ഇന്ത്യൻ ഓൺലൈൻ മാധ്യമങ്ങളിലടക്കം വാർത്തകൾ പ്രചരിച്ചിരുന്നു.
ഈ അവകാശവാദങ്ങൾക്ക് നിയമപരമായ അടിസ്ഥാനമില്ലെന്നും യുഎഇയിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപനമില്ലാതെയാണ് ഇവ നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
വിവിധ വിദേശ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ പ്രസ് റിലീസിന്റെ ഉറവിടം ഐസിപി തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇത്തരം ആഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന വൃത്തങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഐസിപി വ്യക്തമാക്കി. യുഎഇയില്‍ താമസിക്കാനാഗ്രഹിക്കുന്ന വ്യക്തികളില്‍ നിന്ന് പണം തട്ടിയെടുക്കുക ലക്ഷ്യമിട്ടാകും ഇവര്‍ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അവരുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളും ചൂഷണം ചെയ്യുകയാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രക്രിയകളുടെ മാനദണ്ഡങ്ങള്‍ അറിയുന്നതിന് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് ഐസിപി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴിയോ 600522222 എന്ന നമ്പരില്‍ ബന്ധപ്പെട്ട് കോള്‍ സെന്റര്‍ മുഖേനയോ വിവരങ്ങള്‍ അറിയാം.
അതേസമയം മറ്റൊരു പ്രചാരണവും പല ഇന്ത്യൻ മീഡിയകളിലും സജീവമായിരുന്നു.100,000 ദിര്‍ഹത്തിന് ആജീവനാന്ത യുഎഇ ഗോൾഡന്‍ വിസ ലഭിക്കുമെന്നായിരുന്നു പ്രചാരണം. അതായത് ഏകദേശം 23 ലക്ഷം ഇന്ത്യൻ രൂപയുണ്ടെങ്കില്‍ ആജീവനാന്ത ഗോള്‍ഡന്‍ വിസ ലഭിക്കുമെന്ന്.
എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]