
എടക്കാട്∙തോട്ടട–നടാൽ വഴി തലശ്ശേരിയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ പ്രായോഗികമായ വഴി കാണാതെ അധികൃതർ വലയുന്നു. ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ–തോട്ടട–നടാൽ വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകളടക്കം വലിയ വാഹനങ്ങൾക്ക് 7 കിലോ മീറ്റർ അധിക ദൂരം ഓടുന്നത് ഒഴിവാക്കാൻ നടാൽ ഒ.കെ.
യുപി സ്കൂളിന് സമീപം അടിപ്പാത വേണമെന്നാണ് ആവശ്യം.
മുഴപ്പിലങ്ങാട് മുതൽ നടാൽ വരെ ദേശീയപാത നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കുന്നതിനാൽ ദേശീയപാതയ്ക്ക് കുറുകെ അടിപ്പാത നിർമിക്കുകയെന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. അടിപ്പാത നിർമാണം ആവശ്യപ്പെടുന്ന നടാൽ ഒ.കെ.യുപി സ്കൂളിനും പരിസരത്തും തറ നിരപ്പിൽ നിന്ന് ഉയരം കുറഞ്ഞാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്.
അതുകൊണ്ട് തന്നെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്ന തരത്തിലുള്ള വലിയ അടിപ്പാത ഇവിടെ നിർമിക്കാൻ കഴിയില്ലെന്നും അധികൃതർ പറയുന്നു.
അഥവാ അടിപ്പാത നിർമിക്കാമെന്ന് വച്ചാലും നടാൽ എടക്കാട് മേഖലയിലെ റോഡിന്റെ പ്ലാൻ ആകെ മാറ്റി പണിയേണ്ടിവരും.ഇതിന് കോടികളുടെ ചെലവും വരുമെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. സ്ഥലത്ത് വലിയ അടിപ്പാത വേണമെന്ന സ്വകാര്യ ബസ് ഉടമകളുടെയും നാട്ടുകാരുടെയും ആവശ്യത്തിന് നേരെ മുഖം തിരിക്കുന്ന നിലപാടിലായിരുന്നു ഇതുവരെ അധികൃതർ.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന കണ്ണൂർ കാസർകോട് ജില്ലാ അവലോകന യോഗത്തിൽ കണ്ണൂർ–തോട്ടട–നടാൽ–തലശ്ശേരി റൂട്ടിൽ ഉണ്ടാകാൻ പോകുന്ന ഗതാഗത ക്ലേശം പരിഹരിക്കാനുള്ള നടപടി എടുക്കണമെന്ന് പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതോടെയാണ് പ്രശ്നത്തിന് പ്രായോഗികമായ പരിഹാരം കാണാൻ അധികൃതർ നിർബന്ധിക്കപ്പെട്ടത്.
എടക്കാട് ടൗണിലെ അടിപ്പാത മുതൽ നടാൽ പെട്രോൾ പമ്പ് വരെ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ വീതി കൂട്ടി രണ്ടു വരിയാക്കി നടാൽ റെയിൽവേ ഗേറ്റ് കടന്ന് പോകുന്ന ബസുകളെ എടക്കാട് ടൗൺ അടിപ്പാത വഴി തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് അധികൃതർ കാണുന്ന ഏക പരിഹാരം. എന്നാൽ ദേശീയപാതയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്ത ഭൂവുടമകളിൽ നിന്ന് തന്നെ വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന് മാത്രമല്ല കുടിയൊഴിഞ്ഞവർ വീണ്ടും നിർമിച്ച വീട്, കടകൾ എന്നിവ പൊളിച്ച് മാറ്റേണ്ടിയും വരും എന്ന പ്രതിസന്ധി ഉണ്ടാകും.
നടാൽ റെയിൽവേ ഗേറ്റിന് സമീപം ഊർപശ്ശിക്കാവ് റോഡിൽ നിർമിച്ച അടിപ്പാതയിലൂടെ തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ പറ്റും.
എന്നാൽ ബസുകൾ പോലുള്ള വലിയ വാഹനങ്ങൾക്ക് ഈ അടിപ്പാതയിലൂടെ പ്രവേശിക്കാനാവില്ല. ഉയരം കുറഞ്ഞ മിനി ബസുകൾക്ക് ഈ അടിപ്പാതയിലൂടെ കടന്നുപോകാൻ പറ്റുന്നുണ്ട്. കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലൂടെ ഓടുന്ന എല്ലാ ബസുകളുടെയും ഉയരം കുറയ്ക്കുക എന്നതും പ്രതിസന്ധിയാകും.
തലശ്ശേരിയിൽ നിന്നു കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസുകൾ എടക്കാട് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിച്ച് നടാൽ പെട്രോൾ പമ്പിന് സമീപത്ത് നിന്ന് തോട്ടട
ഭാഗത്തേക്കുള്ള റോഡിലേക്ക് പ്രവേശിക്കണമെന്നും നടാൽ റെയിൽവേ ഗേറ്റ് വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ എടക്കാട് അടിപ്പാത വഴി തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കണമെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ നിർദേശം വച്ചിരുന്നു. എന്നാൽ, വൻ അപകട
സാധ്യത ഉണ്ടാകുമെന്നതിനാൽ ബസ് ഉടമസ്ഥ സംഘം ഈ നിർദേശം തള്ളുകയായിരുന്നു.
നടാൽ റെയിൽവേ ഗേറ്റ്, ചാല ഈരാണിപ്പാലം എന്നീ സ്ഥലങ്ങളിൽ ദേശീയപാതയ്ക്ക് മുകളിലൂടെ നടപ്പാത അനുവദിച്ചതായി മുൻപ് വി.ശിവദാസൻ എംപി, കെ.സുധാകരൻ എംപി എന്നിവർക്ക് നൽകിയ കത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി അറിയിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]