
കോന്നി ∙ പയ്യനാമൺ ചെങ്കുളം പാറമടയിൽ പാറയിടിഞ്ഞു വീണു കാണാതായ രണ്ടാമത്തെ അതിഥിത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴയിൽ നിന്നെത്തിച്ച എസ്കവേറ്റർ ഉപയോഗിച്ചു രാത്രി 7നു തുടങ്ങിയ തിരച്ചിലിനൊടുവിൽ എട്ടരയോടെയാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ബിഹാർ സിമർല ജമുയ് ഗ്രാം സിമർലിയ അജയ് കുമാർ റായി(38)യുടെ മൃതദേഹം കണ്ടെത്തിയത്.
അഗ്നിരക്ഷാ സേനയുടെ പ്രത്യേക ദൗത്യസംഘത്തിലെ അമൽ, ജിത്ത്, ബിനുമോൻ എന്നിവരാണു വടത്തിൽ സാഹസികമായി താഴേക്കിറങ്ങി മൃതദേഹം പുറത്തെത്തിച്ചത്. മണ്ണുമാന്തി യന്ത്രത്തിലെ സഹായി ഒഡീഷ കൺധമൽ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആദ്യ ദിവസം തന്നെ കണ്ടെത്തിയിരുന്നു.
കലക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ എന്നിവർ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.
ദേശീയ ദുരന്ത നിവാരണ സേന(എൻഡിആർഎഫ്)യ്ക്കൊപ്പം അഗ്നിരക്ഷാ സേനയുടെ സ്പെഷൽ ടാസ്ക് ഫോഴ്സിലെ 20 അംഗ സംഘവും തിരച്ചിലിൽ പങ്കെടുത്തു. രക്ഷാ പ്രവർത്തനത്തിനു ചെലവാകുന്ന തുക ക്വാറി ഉടമയിൽനിന്ന് ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
ഇന്നലെ രാവിലെ പരിശോധന തുടങ്ങിയെങ്കിലും തുടർച്ചയായി പാറയിടിഞ്ഞു വീണതിനെ തുടർന്ന് അവസാനിപ്പിക്കേണ്ടി വന്നു. വലിയ ക്രെയിൻ അപകട
സ്ഥലത്തേക്ക് എത്തിക്കാനും കഴിഞ്ഞില്ല.
കരുനാഗപ്പള്ളിയിൽനിന്ന് ക്രെയിൻ എത്തിക്കാനുള്ള ആലോചനയും എറണാകുളത്തുനിന്ന് ഇരുമ്പുവടം എത്തിക്കാനുള്ള ശ്രമവും പിന്നീട് ഉപേക്ഷിച്ചു. രക്ഷാപ്രവർത്തനം 24 മണിക്കൂറിലേറെയായി നീളുന്നതിൽ നാട്ടുകാർ കനത്ത പ്രതിഷേധത്തിലായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 3.30നാണു പാറയിടിച്ചിൽ ഉണ്ടായത്. മടയിൽ പണിയെടുത്തുകൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിനു മുകളിലേക്കാണു കൂറ്റൻ പാറ ഉൾപ്പെടെ തകർന്നുവീണത്.
40 അടിയിലധികം ഉയരത്തിൽ നിന്നാണ് പാറ ഇളകി വീണത്. ഈ തട്ടിന്റെ താഴത്തെ തട്ടിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്.
മഹാദേബിന്റെ മൃതദേഹം മാറ്റിയതിനു ശേഷം അരമണിക്കൂറിനകം മുകളിൽ നിന്ന് ഇവിടേക്ക് പാറയിടിഞ്ഞു വീണിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]