
ഉതിമൂട് ∙ റോഡ് ഉന്നതനിലവാരത്തിലായതോടെ കൂട്ടിനെത്തിയ അമിത വേഗം വാഹന– കാൽനട യാത്രക്കാർക്ക് ഒരുപോലെ കെണിയായി.
അപകടത്തിൽപെടാതെ വീടെത്തിയാൽ ഭാഗ്യം. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉതിമൂട് വലിയകലുങ്കിനും വെളിവയൽപടിക്കും മധ്യേയുള്ള സ്ഥിതിയാണിത്. കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോൾ വലിയകലുങ്ക്–വെളിവയൽപടി വരെയുള്ള ഭാഗം വീതി കൂട്ടി പണിതിരുന്നു.
നിരപ്പ് റോഡാണിത്. പാതയുടെ നവീകരണം നടക്കും മുൻപും സർവീസ് ബസുകൾ അടക്കം ഓട്ടത്തിന്റെ സമയം ക്രമീകരിച്ചിരുന്നത് ഇവിടെ വേഗത്തിൽ ഓടിച്ചാണ്. ഇപ്പോഴും അതിനു മാറ്റമില്ല.
ചെറിയ വാഹനങ്ങളും അമിത വേഗത്തിൽ നിന്നു പിൻമാറുന്നില്ല.
ഇതുമൂലം ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങൾ നടക്കുന്നു. ചെറുതും വലുതുമായ അപകടങ്ങളാണെല്ലാം.
നിരപ്പു പാതയിൽ ഡ്രൈവർ ഉറങ്ങിപ്പോയും തെറ്റായ ദിശയിലൂടെ കയറിയും അപകടങ്ങൾ സംഭവിക്കുന്നു. പത്തിലധികം മരണങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.
ഒട്ടേറെ പേർക്കു പരുക്കേറ്റിരുന്നു. പാതയുടെ നവീകണത്തിനു പിന്നാലെ ഉതിമൂട് ജംക്ഷനിൽ ദിവസമെന്നോണം അപകടങ്ങൾ നടന്നിരുന്നു. ബ്ലിങ്കർ ലൈറ്റുകളും മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്പുകളുമൊക്കെ സ്ഥാപിച്ചാണ് അപകടങ്ങൾ നിയന്ത്രിച്ചത്.
ജംക്ഷന്റെ ഇരുവശങ്ങളിലുമായി ഡിവൈഡറുകളും സ്തൂപികകളും സ്ഥാപിച്ചിരുന്നതും അപകടങ്ങൾ കുറയ്ക്കാൻ സഹായകമായിരുന്നു. എന്നാൽ അമിത വേഗത്തിലെത്തിയ വാഹനങ്ങളിടിച്ചുതന്നെ ഡിവൈഡറുകളും സ്തൂപികകളുമെല്ലാം നശിച്ചു.
ഇപ്പോൾ ഒരു സ്തൂപിക മാത്രമാണുള്ളത്. അതും വാഹനമിടിച്ചു ചുളുങ്ങിയിരിക്കുകയാണ്. വേഗം നിയന്ത്രണത്തിനു സംവിധാനങ്ങളൊരുക്കാതെ അപകടങ്ങൾ ഒഴിവാക്കാനാകില്ല.
100 മീറ്റർ ഇടവിട്ട് സ്ട്രിപ്പുകൾ സ്ഥാപിച്ച് വേഗം നിയന്ത്രിക്കുകയാണു പ്രായോഗികം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]