
ഇറക്കുമതി തീരുവയിൽ പിടിവാശി കൈവിടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചെമ്പിന് 50 ശതമാനവും മരുന്നുകൾക്ക് 200 ശതമാനവും തീരുവ ഏർപ്പെടുത്തുമെന്നാണ് പുതിയ പ്രഖ്യാപനം.
സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് സമാനമായാണ് ചെമ്പിനും തീരുവ ഏർപ്പെടുത്തുക.
അതേസമയം, മരുന്നിന് ഒറ്റയടിക്ക് 200% തീരുവ ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, കമ്പനികൾ ഔഷധ നിർമാണശാലകൾ ഉടൻ യുഎസിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ട്രംപ് നേരത്തേ പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ചെമ്പിന് 50 ശതമാനവും മരുന്നിന് 200 ശതമാനവും തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി.
കഴിഞ്ഞ ദിവസം ട്രംപ് ബംഗ്ലദേശ്, ജപ്പാൻ എന്നിവ ഉൾപ്പെടെ 14 രാജ്യങ്ങൾക്കുമേൽ 40% വരെ തീരുവ പ്രഖ്യാപിച്ചിരുന്നു.
യുഎസുമായി ചർച്ചകൾക്ക് വഴങ്ങാതെ പ്രതിരോധിക്കാനാണ് നീക്കമെങ്കിൽ തീരുവ 70 ശതമാനം വരെ ഉയർത്തുമെന്നും മുന്നറിയിപ്പുണ്ട്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സെമികണ്ടക്ടറുകൾക്കും (ചിപ്പ്) ഉയർന്ന തീരുവ ഈടാക്കുമെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യ-യുഎസ് മിനി ഡീൽ ഉടൻ
.
ഇന്ത്യ ഒട്ടേറെ ഇളവുകൾ വാഗ്ദാനം ചെയ്തുവെന്നാണ് ട്രംപ് പറയുന്നത്. ഇക്കാര്യത്തിൽ പക്ഷേ, കേന്ദ്രസർക്കാർ മൗനത്തിലാണ്.
അതേസമയം, ഡോളറിന്റെ രാജ്യാന്തര കറൻസി പെരുമ തടയുന്നത് (ഡിഡോളറൈസേഷൻ) ഉൾപ്പെടെയുള്ള ‘അമേരിക്ക-വിരുദ്ധ’ നിലപാടെടുത്താൽ ഇന്ത്യ ഉൾപ്പെടെയുള്ള ‘ബ്രിക്സ്’ രാജ്യങ്ങൾക്കുമേൽ അധികമായി 10% തീരുവ കൂടി ചുമത്തുമെന്നും ട്രംപിന്റെ ഭീഷണിയുണ്ട്.
രണ്ടാംനാളിലും ഇടിഞ്ഞ് യുഎസ് വിപണി
ട്രംപ് വീണ്ടും താരിഫ് യുദ്ധത്തിന് കളംതുറന്നതോടെ തുടർച്ചയായ രണ്ടാംനാളിലും യുഎസ് ഓഹരി വിപണികൾ നഷ്ടത്തിലായി. കഴിഞ്ഞവാരം റെക്കോർഡ് ഉയരത്തിലെത്തിയ എസ് ആൻഡ് പി500 സൂചിക ഇന്നലെ 0.07% താഴ്ന്നു.
0.4 ശതമാനമാണ് ഡൗ ജോൺസിന്റെ നഷ്ടം. നാസ്ഡാക് 0.03% മാത്രം നേട്ടം കുറിച്ചു.
തീരുവ നടപ്പാക്കുന്നതിൽ ഇനി ഇളവൊന്നുമുണ്ടാകില്ലെന്നും ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പുതുക്കിയ തീരുവ ഓഗസ്റ്റ് ഒന്നുമുതൽതന്നെ നടപ്പാക്കുമെന്നും ട്രംപ് പറഞ്ഞതാണ് ഓഹരി വിപണികൾക്ക് തിരിച്ചടിയായത്.
പുറമെ ചെമ്പിനും മരുന്നിനും അധിക തീരുവ ചുമത്തുമെന്ന പ്രഖ്യാപനവും ഓഹരികളിൽ നിരാശ പടർത്തി.
സത്യപ്രതിജ്ഞ ലംഘിച്ചു! പവലുമായി ഭിന്നത രൂക്ഷം
പലതവണ നിർബന്ധിച്ചിട്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാതെ കടുംപിടിത്തം തുടരുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിനെതിരെ ട്രംപ് വീണ്ടും എതിർപ്പ് കടുപ്പിച്ചു.
പവൽ സത്യപ്രതിജ്ഞ ലംഘിച്ചെന്നും കളവുപറഞ്ഞെന്നും ആരോപിച്ച ട്രംപ്, അദ്ദേഹത്തിനെതിരായ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും പറഞ്ഞു. പവൽ ഉടൻ രാജിവയ്ക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
യുഎസ് പ്രസിഡന്റും കേന്ദ്രബാങ്കിന്റെ മേധാവിയും തമ്മിൽ ഭിന്നതയിലാകുന്നതും പവലിന്റെ പകരക്കാരനെ പ്രഖ്യാപിക്കാനും കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാനുമുള്ള ട്രംപിന്റെ നീക്കങ്ങളും യുഎസ് സമ്പദ്രംഗത്ത് ആശങ്ക വിതയ്ക്കുന്നുണ്ട്.
പുട്ടിൻ ‘ആളുകളെ കൊല്ലുന്നു’
പുട്ടിനുമായി നല്ല ബന്ധത്തിലല്ലെന്ന് പറഞ്ഞ ട്രംപ്, പുട്ടിൻ സ്വന്തം സൈനികരെ ഉൾപ്പെടെ നിരവധിപേരെ കൊല്ലുകയാണെന്നും ആരോപിച്ചു. യുഎസും റഷ്യയും തമ്മിൽ വീണ്ടും അകലുന്നതും റഷ്യയ്ക്കെതിരായ യുദ്ധത്തിന് യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നൽകാനുള്ള നീക്കവും രാജ്യാന്തര സാമ്പത്തിക മേഖലയ്ക്കുമേൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം കൊണ്ടുവരാനും യുഎസ് നീക്കം നടത്തുന്നുണ്ട്.
ഏഷ്യൻ ഓഹകരികൾ സമ്മിശ്രം
ട്രംപിന്റെ പുതിയ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഏഷ്യൻ ഓഹരി വിപണികൾ പൊതുവേ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ട്രംപ് കഴിഞ്ഞദിവസം 14 രാജ്യങ്ങൾക്കുമേൽ കനത്ത തീരുവ പ്രഖ്യാപിച്ചിരുന്നു.
ഇതിൽ ജപ്പാനുൾപ്പെടെ പല രാജ്യങ്ങളും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതാണ് ഓഹരി വിപണികൾക്ക് ആശ്വാസമായത്. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.10% താഴ്ന്നു.
0.99 ശതമാനമാണ് ഹോങ്കോങ്ങിന്റെ നഷ്ടം. ഷാങ്ഹായ് സൂചിക 0.10% ഉയർന്നു.
ലണ്ടനിൽ എഫ്ടിഎസ്ഇ 0.54% കയറി.
ഗിഫ്റ്റ് നിഫ്റ്റിയിൽ ചാഞ്ചാട്ടം
ഇന്ത്യയിൽ ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി ചാഞ്ചാട്ടത്തിലാണ്. ഒരുഘട്ടത്തിൽ 20 പോയിന്റിലേറെ താഴേക്കിറങ്ങിയെങ്കിലും പിന്നീട് നഷ്ടം 4 പോയിന്റായി കുറച്ചു.
ഇന്ത്യ-യുഎസ് ഡീൽ സംബന്ധിച്ച ‘സസ്പെൻസ്’ തുടരുന്നതാണ് ആശങ്ക. ഇന്നു സെൻസെക്സും നിഫ്റ്റിയും സമ്മർദത്തിൽ വ്യാപാരം തുടങ്ങിയേക്കാം.
ഇന്നലെ നിഫ്റ്റി 62 പോയിന്റ് (+0.24%) നേട്ടവുമായി 25,522ലും സെൻസെക്സ് 270 പോയിന്റ് (+0.32%) ഉയർന്ന് 83,712ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
. അതേസമയം, ഔഷധ ഇറക്കുമതിക്ക് കനത്ത തീരുവ ഈടാക്കാനുള്ള നീക്കം ഇന്ന് ഇന്ത്യൻ മരുന്നു നിർമാണക്കമ്പനികളെ സമ്മർദത്തിലാക്കിയേക്കും.
ചൈനയിൽ പ്രതിസന്ധി രൂക്ഷം
ചൈനയിൽ ഉൽപാദക വിലനിലവാരം (പ്രൊഡ്യൂസർ പ്രൈസസ്) ജൂണിൽ 3.6% ഇടിഞ്ഞെന്ന റിപ്പോർട്ട് പുറത്തുവന്നു.
കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും മോശം വളർച്ചനിരക്കാണിത്. രാജ്യത്ത് സാമ്പത്തികഞെരുക്കം മൂലം ഉപഭോക്തൃവിപണി തളർന്നതാണ് തിരിച്ചടി.
3.2 ശതമാനം വരെയേ ഇടിയൂ എന്ന നിരീക്ഷക പ്രവചനങ്ങളേക്കാളും താഴെയാണ് വളർച്ചനിരക്കെന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കൈയിൽ ആവശ്യത്തിനു പണമില്ലാത്തതിനാൽ സാധനങ്ങൾ വാങ്ങാൻ ജനത്തിനു കഴിയുന്നില്ല.
ഇത് ഉൽപന്നങ്ങളുടെ വിലയിടിക്കുകയും ചൈനയിൽ പണച്ചുരുക്കം (ഡിഫ്ലേഷൻ) സൃഷ്ടിക്കുകയുമാണ്.
എണ്ണയും സ്വർണവും രൂപയും
രൂപ ഇന്നലെ ഡോളറിനതിരെ നില മെച്ചപ്പെടുത്തി. 26 പൈസ ഉയർന്ന് 85.68ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ക്രൂഡ് ഓയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. എന്നാൽ, ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനം മൂലം വില വരുംനാളുകൾ കൂടുതൽ ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ.
ചെങ്കടലിൽ ഹൂതി വിമതർ വീണ്ടും ആക്രമണം അഴിച്ചുവിടുന്നത് വിലയിൽ ചാഞ്ചാട്ടത്തിനും വഴിവയ്ക്കുന്നു.
ട്രംപ് വീണ്ടും താരിഫ് ആയുധമാക്കുകയാണെങ്കിലും ചർച്ചകളും തുടരുന്നത് സ്വർണത്തിന് തിരിച്ചടിയായി. ഇന്നലെ നേട്ടത്തിലേക്ക് കുതിച്ചുകയറിയ വില ഇന്നു മലക്കംമറിഞ്ഞു.
ഔൺസിന് 32 ഡോളർ ഇടിഞ്ഞ് 3,300 ഡോളറിലാണ് നിലവിൽ വ്യാപാരം. ഒരുവേള വില 3,297 ഡോളറിലേക്കും കുറഞ്ഞിരുന്നു.
കേരളത്തിൽ ഇന്നു വിലയിടിയുമെന്ന സൂചനയാണ് ഇതു നൽകുന്നത്. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/realDonaldTrump, X/TheBigBossPutin എന്നിവയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]