
കൊട്ടാരക്കര∙ താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നത് കാണാൻ ജനങ്ങൾ ഇനിയും ഒരുപാട് വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. നിർമാണം പാതി വഴിയിൽ നിലച്ച ആശുപത്രിയുടെ റീ-ടെൻഡർ സാങ്കേതിക കുരുക്കിലാണ്.
കരാർ നടപടികൾ പൂർത്തിയാക്കുന്നതിന് കുറഞ്ഞത് ആറു മാസം വേണ്ടി വരുമെന്നാണ് അറിയിപ്പ്. 3 ബഹുനില സമുച്ചയങ്ങളുടെ നിർമാണമാണ് പദ്ധതിയിലുള്ളത്.
4 നിലകളുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് നിർമിക്കാൻ തന്നെ 2 വർഷമെടുത്തു.
അതിന് ശേഷം മറ്റ് ബ്ലോക്കുകളുടെ നിർമാണം ആരംഭിച്ചു. കരാറുകാരൻ പണി ഉപേക്ഷിച്ചിട്ട് ഒരു വർഷത്തോളമായി.
കിഫ്ബി ധനസഹായമായി ലഭിച്ച 67.67 കോടി രൂപ ഉപയോഗിച്ചാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കാൻ കുറഞ്ഞത് 100 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്.
ആറര വർഷം മുൻപാണ് നിർമാണം ആരംഭിച്ചത്.
3 സമുച്ചയങ്ങളും 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു വ്യവസ്ഥ.4 നിലകളിലായി അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, അഞ്ച് നിലയുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്ക്, 10 നിലയുള്ള വാർഡ് ടവർ എന്നിവയാണ് പദ്ധതിയിൽ ഉള്ളത്. സാനിറ്റേഷൻ, ഓർഗാനിക് വേസ്റ്റ് കൺവേർഷൻ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും ഉണ്ട്.
പി.അയിഷപോറ്റി എംഎൽഎയുടെ ശ്രമഫലമായാണ് പദ്ധതി ആരംഭിച്ചത്.
എമർജൻസി എക്സിറ്റിന് തടസ്സമായി തൂൺ
കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയുടെ ‘എമർജൻസി എക്സിറ്റിന്’ തടസ്സമായി പാതയോരത്തെ ഇരുമ്പ് തൂൺ. പാതയോരവും തകർന്ന നിലയിൽ.
അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെ കിഴക്ക്ഭാഗത്തു കൂടിയാണ് ആശുപത്രിയിൽ നിന്നു പുറത്തേക്കുള്ള വഴി .
ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്. റോഡിൽ നിന്നു പുറത്തേക്കിറങ്ങുന്ന വഴിയിലാണ് കുറുകെ തടസ്സമായി നഗരസഭ തെരുവ് വിളക്ക് തൂൺ.
പല തവണ ആവശ്യപ്പെട്ടിട്ടും തൂൺ മാറ്റിയില്ലെന്നാണ് പരാതി. റോഡിലേക്കിറങ്ങുന്ന ഭാഗവും തകർച്ചയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]