
കോഴിക്കോട്: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും സി പി എം – സി ഐ ടി യു നേതാക്കളും തമ്മിലുള്ള വാക്കുതർക്കത്തിനിടെ പോരിനുറച്ച് കെ എസ് ആർ ടി സി. സംസ്ഥാനത്ത് ഇന്നും സർവീസുകൾ നടത്താനാണ് കെ എസ് ആർ ടി സിയുടെ തീരുമാനം.
സർവീസ് നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെ എസ് ആർ ടി സി അധികൃതർ രംഗത്തെത്തി. കോഴിക്കോട് ഡിപ്പോ അധികൃതരാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.
ജീവനക്കാർ എത്തിയാൽ സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അധികൃതർ വ്യക്തമാക്കി. പണിമുടക്കിന്റെ ആവശ്യം കേരളത്തിലില്ലെന്നും പതിവുപോലെ സർവീസ് നടത്തുമെന്നുമാണ് നേരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞത്.
പിന്നാലെ എൽ ഡി എഫ് കൺവീനർ കൂടിയായ സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ ടി പി രാമകൃഷ്ണൻ ഗതാഗത മന്ത്രിയുടെ നിലപാട് തള്ളി രംഗത്തെത്തിയിരുന്നു. കെ എസ് ആർ ടി സി നിരത്തിലിറങ്ങില്ലെന്നും നിരത്തിലിറങ്ങിയാൽ കാണാമെന്നും ടി പി രാമകൃഷ്ണൻ വെല്ലുവിളിച്ചിരുന്നു.
ബസ് നിരത്തിലിറങ്ങിയാൽ തടയാൻ തൊഴിലാളികൾക്ക് അറിയാമെന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും പണിമുടക്ക് കെ എസ് ആർ ടി സിക്കടക്കം ബാധകമാണെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഗതാഗത മന്ത്രി ഗണേഷ് നിലപാട് മാറ്റി പറഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് കെ എസ് ആർ ടി സി അധികൃതർ സർവീസ് നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടെ കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ പണിമുടക്കിനെ നേരിടാൻ കെ എസ് ആർ ടി സി, ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നു.
ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം പിടിക്കുമെന്നാണ് അറിയിപ്പ്. ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
പണിമുടക്ക് നേരിടാൻ 10 ഇന നിർദ്ദേശങ്ങളുമായാണ് കെ എസ് ആർ ടി സി ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]