
ലോറിയുടെ കാരിയർ വൈദ്യുതലൈനിൽ തട്ടി അപകടം: എന്തുകൊണ്ട് കാബിനുള്ളിലെ ഡ്രൈവർക്കു ഷോക്കേറ്റില്ല ?
ചങ്ങനാശേരി ∙ മണ്ണുലോറിയുടെ കാരിയർ (മണ്ണ് ഉൾപ്പെടെയുള്ള ലോഡ് ഇടുന്ന ഭാഗം) 11 കെവി വൈദ്യുതലൈനിൽ തട്ടിയപ്പോൾ എന്തുകൊണ്ടാണ് ലോറിയുടെ കാബിനിൽ ഉണ്ടായിരുന്ന ഡ്രൈവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടത്? കാരിയറിൽ സ്പർശിച്ച മെക്കാനിക് ഷോക്കേറ്റു മരിച്ചിരുന്നു. മാമ്പുഴക്കരി നെടിയകാലപ്പറമ്പിൽ രാജുവിന്റെയും സാന്റിയുടെയും മകൻ സിജോ രാജു (28) ആണു മരിച്ചത്.
തിങ്കൾ രാവിലെ 10.30നു ബൈപാസ് റോഡിൽ തിരുമല സ്ക്വയറിനു സമീപമാണ് അപകടമുണ്ടായത്. കെഎസ്ഇബി പറയുന്നത് ഇതാണ്: വൈദ്യുതലൈനിൽ തട്ടിയ കാരിയറിൽ, ഭൂമിയിൽ നിന്നുകൊണ്ട് നേരിട്ടു തൊട്ടതോടെ സിജോയ്ക്കു ഷോക്കേറ്റിരിക്കാമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നത്.
ഭൂമിയുമായി നേരിട്ടു ബന്ധമില്ലാതിരുന്നതുകൊണ്ട് കാബിനുള്ളിലെ ഡ്രൈവർക്കു ഷോക്കേറ്റില്ല. ലോറിയുടെ ടയറുകളിലൂടെ വൈദ്യുതി ഡിസ്ചാർജായി.
ടയറുകളുടെ സമീപം ഇന്റർലോക്ക് കട്ടയിൽ കരിഞ്ഞ പാടുകളുണ്ട്. റോഡരികിൽ, വൈദ്യുതലൈനുകൾ കടന്നുപോകുന്ന ഭാഗത്ത് ഭാരവാഹനങ്ങളുമായി ബന്ധപ്പെട്ട
ജോലികൾ ചെയ്യരുതെന്നും കെഎസ്ഇബി അധികൃതർ നിർദേശിച്ചു. വാഹനങ്ങളുടെ പങ്ചർ ഒട്ടിക്കുകയും ഹൈഡ്രോളിക് വാഹനങ്ങൾക്കു ഗ്രീസ് ഇടുകയും ചെയ്യുന്ന ജോലിയാണ് സിജോയ്ക്ക്.
റോഡരികിൽ നിർത്തിയിട്ടിട്ടുള്ള വാനാണ് വർക്ഷോപ്പായി ഉപയോഗിച്ചിരുന്നത്. ടയർ മാറ്റിയിടുന്നതിനാണു ലോറി കൊണ്ടുവന്നത്.
കാരിയറിനുള്ളിൽ ഇട്ടിരുന്ന പുതിയ ടയർ പുറത്തേക്കിടുന്നതിനായി ഡ്രൈവർ ലോറിയുടെ കാരിയർ ഉയർത്തി. ഇതോടെ മുകൾഭാഗം ലൈനിൽ തട്ടി.
താഴെനിന്ന സിജോ ഇതറിയാതെ കാരിയറിൽ തൊട്ടതോടെ ഷോക്കേറ്റു. കാബിനുള്ളിലായിരുന്നതിനാൽ ഡ്രൈവർക്കു ഷോക്കേറ്റില്ല.
സിജോ ചെരിപ്പ് ധരിച്ചിരുന്നില്ല. ചെരിപ്പിട്ടാലും 11 കെവി ലൈനിൽ നിന്നുള്ള വൈദ്യുതി പ്രവാഹം തടയാൻ സാധിക്കില്ലെന്നു കെഎസ്ഇബിയും പറയുന്നു.
സിജോ അവിവാഹിതനാണ്. സഹോദരങ്ങൾ: ഷിജോ, സിന്റോ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]