
ഇന്ത്യയും യുഎസും തമ്മിലെ ‘ഹ്രസ്വകാല’ വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടായേക്കും. അതേസമയം, കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്.
ഇന്ത്യയുടെ കാർഷിക, ക്ഷീരോൽപന്ന വിപണിയിലേക്ക് കുറഞ്ഞ തീരുവ ആനുകൂല്യത്തോടെ കടന്നുകയറാനുള്ള ശ്രമത്തിലാണ് യുഎസ്. എന്നാൽ, ട്രംപിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.
വ്യാവസായിക ഉൽപന്നങ്ങൾ, ഇലക്ട്രിക് കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ, പെട്രോകെമിക്കൽ, വൈൻ, പാലുൽപന്നങ്ങൾ, ആപ്പിൾ ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങൾ എന്നിവയ്ക്ക് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ് യുഎസിന്റെ പ്രധാന ആവശ്യം. ഇതിൽ കാർഷിക, ക്ഷീര ഉൽപന്നങ്ങളുടെ തീരുവ കുറയ്ക്കുന്നത് ഇന്ത്യ അംഗീകരിക്കില്ല.
തീരുവ കുറച്ചാൽ ഇന്ത്യൻ കർഷകരുടെ വരുമാനത്തെയും വിപണിയെയും ബാധിക്കുമെന്നത് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തും. അതേസമയം, ‘‘അമേരിക്കൻ കാർഷികോൽപന്നങ്ങൾക്ക് പൂജ്യം തീരുവ ഉറപ്പുനൽകിയ ഇന്ത്യയ്ക്ക് നന്ദി’’ എന്ന് ട്രംപ് അടുത്തിടെ പറഞ്ഞത് ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു. ജനിതക മാറ്റം വരുത്തിയ ചോളം, സോയാബീൻ തുടങ്ങിയവ ഉൾപ്പെടെയുള്ള കാർഷികോൽപന്നങ്ങൾക്ക് ഇന്ത്യയിൽ വിപണി പിടിക്കാനുള്ള നീക്കവുമാണ് യുഎസ് നടത്തുന്നത്.
ഇതിനോടും ഇന്ത്യ കടുത്ത എതിർപ്പ് ചർച്ചകൾ വ്യക്തമാക്കിയെന്നാണ് സൂചനകൾ. നിലവിൽ ജനിതക മാറ്റം വരുത്തിയ കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി, ഉൽപാദനം എന്നിവ ഇന്ത്യ അംഗീകരിച്ചിട്ടില്ല.
ഇവയുടെ ഇറക്കുമതിക്ക് അനുമതി നൽകിയാൽ അതു ഇന്ത്യൻ ഉൽപന്നങ്ങളുടെ വിലത്തകർച്ചയ്ക്കു വഴിവയ്ക്കുമെന്ന ആശങ്കയും ശക്തം. ഇന്ത്യൻ കർഷകരെ സാരമായി ബാധിക്കാത്ത യുഎസ് ആപ്പിൾ പോലെയുള്ള ഉൽപന്നങ്ങൾക്കുമാത്രമാകും ഇന്ത്യ തീരുവ ഇളവ് നൽകിയേക്കുക.
വസ്ത്രം, മറ്റ് തുണിത്തരങ്ങൾ, ജെം ആൻഡ് ജ്വല്ലറി, ലെതർ, പ്ലാസ്റ്റിക്, കെമിക്കലുകൾ, ചെമ്മീന് ഉൾപ്പെടെയുള്ള സമുദ്രോൽപന്നങ്ങൾ, കാർഷികോൽപന്നങ്ങൾ, സ്റ്റീൽ എന്നിവയുടെ തീരുവ കുറയ്ക്കണമെന്നാണ് ഇന്ത്യ തിരികെ പ്രധാനമായും യുഎസിനോട് ആവശ്യപ്പെടുന്നത്. സ്റ്റീൽ, അലുമിനിയം, വാഹനഘടകങ്ങൾ എന്നിവയ്ക്ക് ട്രംപ് അടുത്തിടെ 50% തീരുവ പ്രഖ്യാപിച്ചിരുന്നു.
ഇത് 25 ശതമാനമെങ്കിലുമാക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ത്യയ്ക്കുമാത്രം സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതി തീരുവയിൽ ഇളവ് അനുവദിക്കാൻ യുഎസ് തയാറായേക്കില്ല. സാവകാശം തേടാൻ ഇന്ത്യ നേരത്തേ, ഏപ്രിൽ രണ്ടിനു പ്രാബല്യത്തിൽ വരുംവിധം ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയത് 26-27% തീരുവയായിരുന്നു.
എല്ലാ രാജ്യങ്ങൾക്കും ബാധകമായ 10% അടിസ്ഥാന ഇറക്കുമതി തീരുവയ്ക്ക് പുറമേയാണിത്. അതായത് ആകെ 37%.
പകരച്ചുങ്കം നടപ്പാക്കുന്നത് ട്രംപ് പിന്നീട് ജൂലൈ 9ലേക്ക് നീട്ടിവച്ചിരുന്നു. കഴിഞ്ഞദിവസം അതു ഓഗസ്റ്റ് ഒന്നിലേക്കും നീട്ടി.
എന്നാൽ, യുഎസുമായി ചർച്ചകൾക്ക് അനുവദിച്ച സാവകാശം ജൂലൈ 9 വരെയാണ്. ജൂലൈ 9നകം യുഎസുമായി കരാറിലെത്താത്ത രാജ്യങ്ങൾക്കുമേൽ നേരത്തേ പ്രഖ്യാപിച്ച (ഏപ്രിൽ രണ്ടിനു നടപ്പാക്കേണ്ടിയിരുന്ന) തീരുവയോ അതിലധികമോ ഓഗസ്റ്റ് ഒന്നുമുതൽ ഈടാക്കാനാണ് പുതിയ തീരുമാനം.
യുഎസുമായി ജൂലൈ 9നകം ധാരണയിലെത്താനായില്ലെങ്കിൽ കൂടുതൽ സാവകാശം തേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇന്ത്യ-യുഎസ് വ്യാപാരം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യുഎസ്.
2024-25ൽ മൊത്തം 131.84 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ഇരു രാജ്യങ്ങളും തമ്മിൽ നടന്നു. ഇതിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 11.6% ഉയർന്ന് 86.51 ബില്യൻ ഡോളറിലെത്തി.
2023-24ൽ 77.52 ബില്യൻ ഡോളറായിരുന്നു. യുഎസിൽ നിന്നുള്ള ഇറക്കുമതി 42.2 ബില്യൻ ഡോളറിൽ നിന്ന് 7.44% ഉയർന്ന് 45.33 ബില്യൻ ഡോളറായി.
അതായത്, യുഎസുമായി ഇന്ത്യയ്ക്കുള്ളത് 41.18 ബില്യൻ ഡോളറിന്റെ വ്യാപാര സർപ്ലസ്. 2023-24ൽ 35.32 ബില്യൻ ഡോളറായിരുന്നു.
മരുന്നുകൾ, ടെലികോം ഉപകരണങ്ങൾ, ജെം ആൻഡ് ജ്വല്ലറി, പെട്രോളിയം ഉൽപന്നങ്ങൾ, വസ്ത്രം, ഇരുമ്പ്, സ്റ്റീൽ എന്നിവയാണ് ഇന്ത്യ പ്രധാനമായും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇലക്ട്രോണിക്സ് കയറ്റുമതിയും ശക്തം.
യുഎസിൽ നിന്ന് ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപന്നങ്ങൾ, വജ്രം, ഇലക്ട്രിക് മെഷിനറികൾ, എയർക്രാഫ്റ്റ്-സ്പേസ്ക്രാഫ്റ്റ് ഘടകങ്ങൾ, സ്വർണം എന്നിവയാണ് കൂടുതലായി വാങ്ങുന്നത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് AFP (Iakovos Hatzistavrou, Ludovic MARIN)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]