
പൈപ്പിൽ തൂങ്ങിക്കിടന്നു, പിന്നെ പിടിവിട്ട് താഴേക്ക്; അപകടത്തിൽനിന്ന് അലീന രക്ഷപ്പെട്ടത് മനോധൈര്യംകൊണ്ട്
കോട്ടയം ∙ ‘പൈപ്പിൽ തൂങ്ങിക്കിടന്നാണ് മകൾ രക്ഷപ്പെട്ടത്. അവളുടെ മനോധൈര്യം കൊണ്ടാണ് അതിന് സാധിച്ചത്.
സ്കൂളിലെ ഫുട്ബോൾ കളിക്കാരിയാണ്. അതിന്റെ പരിശീലനവും സഹായിച്ചിട്ടുണ്ടാകും.
പിടിവിട്ട് വീണത് അവശിഷ്ടങ്ങൾക്ക് മുകളിലേക്കാണ്’– മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണു പരുക്കേറ്റ അലീനയുടെ (11) പിതാവ് വിൻസെന്റ് പറഞ്ഞു. മൂന്നാം നിലയിൽ കുളിക്കുകയായിരുന്ന അലീന അവിടം ഇടിഞ്ഞ് താഴേക്ക് വീഴുമ്പോൾ രണ്ടാംനിലയിലെ ശുചിമുറിയിലെ പൈപ്പിൽ പിടിത്തം കിട്ടി തൂങ്ങിക്കിടക്കുകയായിരുന്നു.
പക്ഷേ കല്ലും സിമന്റ് കട്ടകളും ദേഹത്തു വീണു പരുക്കേറ്റു.അലീന ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. വയറിന് വലതുവശത്ത് വാരിയെല്ലിന് സമീപം മുറിവേറ്റിരുന്നു.
അലീനയുടെ മുത്തശ്ശി കുറവിലങ്ങാട്ടുള്ള ത്രേസ്യാ പൈലോ തുടയെല്ലു പൊട്ടി ആശുപത്രിയിലായിരുന്നതിനാൽ കൂട്ടിരിക്കാനെത്തിയതാണ് ഏഴാം ക്ലാസുകാരിയായ അലീനയും അമ്മ സാലിയും. സാലിക്ക് സ്ട്രോക്ക് വന്ന് കൈയ്ക്കു സ്വാധീനക്കുറവുമുണ്ട്.
വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് അലീന.
ദിവസവും വാഴവച്ചപ്പാക്കത്തെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് സ്കൂളിലേക്ക് പോകുന്നത്. നല്ലൊരു നർത്തകി കൂടിയാണ്.വയനാട് സ്വദേശിയായ വിൻസെന്റ് കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്.
അലീനയ്ക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ സാമ്പത്തികമായി സഹായിച്ചെന്നും സാലിയും വിൻസന്റും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]