
നിപ്പ: മസ്തിഷ്കജ്വരം ഉൾപ്പെടെ ബാധിച്ച് മരിച്ചവരുടെ രോഗകാരണം അന്വേഷിക്കും
പാലക്കാട് / കോഴിക്കോട് / മലപ്പുറം ∙ നിപ്പ ബാധിച്ച പാലക്കാട്ട് തച്ചനാട്ടുകര സ്വദേശിയായ 38 വയസ്സുകാരി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു. ഇവർക്ക് ഐസിഎംആറിൽ നിന്നു ലഭ്യമായ മോണോക്ലോനൽ ആന്റിബോഡി മരുന്നു നൽകി.
അതേസമയം, ജൂലൈ ഒന്നിനു കോഴിക്കോട് മരിച്ച 18 വയസ്സുകാരിയുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്നു പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു വിവരം ലഭിച്ചതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.ആരോഗ്യമന്ത്രി വീണാ ജോർജ് പാലക്കാട്ടും മഞ്ചേരിയിലും അവലോകനയോഗം നടത്തി. 6 മാസത്തിനിടെ മസ്തിഷ്കജ്വരം പോലുള്ള രോഗങ്ങൾ മൂലം മരിച്ച വ്യക്തികളുടെ രോഗകാരണങ്ങൾ പരിശോധനയ്ക്കു വിധേയമാക്കുമെന്നു മന്ത്രി പാലക്കാട്ടു പറഞ്ഞു.
സ്വകാര്യ ആശുപത്രികളുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സഹകരണത്തോടെയായിരിക്കും പരിശോധന. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലയിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. വവ്വാലുകളുടെ സ്രവപരിശോധനയ്ക്കുള്ള അനുമതിക്കായി കേന്ദ്രത്തോട് അഭ്യർഥിച്ചതായി മന്ത്രി അറിയിച്ചു. തച്ചനാട്ടുകര സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള ഭർത്താവ്, മകൻ, സഹോദരൻ എന്നിവരെ ഇന്നലെ ഐസലേഷൻ വാർഡിൽ ക്വാറന്റീൻ ചെയ്തു.
അതേസമയം, കഴിഞ്ഞദിവസം ക്വാറന്റീൻ ചെയ്ത യുവാവിനെ സ്രവപരിശോധനാ ഫലം നെഗറ്റീവ് ആയതിനെത്തുടർന്നു വാർഡിലേക്കു മാറ്റി. ഒരാളെക്കൂടി പനിയെത്തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് മെഡിക്കൽ കോളജിൽ ഐസലേഷനിലുള്ള 7 പേരിൽ 4 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 3 പേരുടെ ഫലം വരാനുണ്ട്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള പാലക്കാട് ജില്ലക്കാരായ 5 പേരുടെ ഫലവും നെഗറ്റീവാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ഒരാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.സംസ്ഥാനത്ത് നിപ്പ സമ്പർക്ക പട്ടികയിൽ 461 പേരാണുള്ളതെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
മലപ്പുറം ജില്ലയിൽ 252 പേരും പാലക്കാട് ജില്ലയിൽ 209 പേരുമാണ് ഉൾപ്പെടുന്നത്. 27 പേർ ഹൈ റിസ്ക് പട്ടികയിലാണുള്ളത്.
സമ്പർക്കപ്പട്ടികയിലുള്ള 48 പേരുടെ സാംപിൾ പരിശോധിച്ചതിൽ 46 ഉം നെഗറ്റീവാണെന്നും അവർ പറഞ്ഞു. രോഗം ഗുരുതരമാകുമ്പോഴാണു വ്യാപനം കൂടുതലാവുന്നത്.
അതിനാൽ ജൂലൈ ഒന്നു മുതൽ നിർണായകമായി പരിഗണിച്ച് വളരെ സൂക്ഷ്മമായ നിരീക്ഷണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]