
പോഷകാഹാരക്കുറവുമൂലം മരണം കെവിന്റെ കുടുംബത്തിന് ധനസഹായം നൽകാൻ കലക്ടറുടെ നിർദേശം
പുതുപ്പരിയാരം∙ പോഷകാഹാരക്കുറവുമൂലം മരിച്ച മുല്ലക്കര ആദിവാസി ഉന്നതിയിലെ അഞ്ചുവയസ്സുകാരൻ കെവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകാനും വീട് നിർമാണത്തിനായി നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കലക്ടർ ജി.പ്രിയങ്ക. കെവിന്റെ വീട് സന്ദർശിച്ച കലക്ടർ, മാതാപിതാക്കളായ കൃഷ്ണൻകുട്ടിയോടും ഗിരിജയോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.കുടുംബത്തിന് വീട് ലഭ്യമാക്കാൻ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സ്പെഷൽ അഡിഷനൽ ലിസ്റ്റിൽ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാനും നിർദേശം നൽകി.
ഇതിന്റെ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കലക്ടർക്ക് സമർപ്പിക്കണം. പട്ടികവർഗ വികസന വകുപ്പിൽ നിന്ന് അടിയന്തരമായി 5000 രൂപ ഇന്നലെതന്നെ നൽകാമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പുനൽകി.
ഇതിൽ നിന്ന് 3,200 രൂപ ഇവരുടെ വൈദ്യുതി ബിൽ കുടിശിക അടയ്ക്കാൻ ഉപയോഗിക്കും. ബിൽ കുടിശിക അടയ്ക്കാത്തതിനാൽ കൃഷ്ണൻകുട്ടിയടക്കമുള്ള ഉന്നതിയിലെ 24 കുടുംബങ്ങൾക്ക് രണ്ട് വർഷത്തിലേറെയായി വൈദ്യുതിയില്ല.
കൃഷ്ണൻകുട്ടിയുടെ വീട്ടിലെ വൈദ്യുതി ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പോഷകാഹാരക്കുറവ് പരിഹരിക്കാൻ കുടുംബത്തിന് സ്പെഷൽ കിറ്റ് നൽകുന്ന കാര്യം പരിഗണിക്കും.
ദമ്പതികളുടെ മകളായ ഗീതുവിനെ അഞ്ചാം ക്ലാസ് മുതൽ ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റി പഠിപ്പിക്കാനും കലക്ടർ നിർദേശിച്ചു. ഇപ്പോൾ നെച്ചുള്ളി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് ഗീതു.പാലക്കാട് ഐഐടി വികസിപ്പിച്ച ചെറിയ സോളർ പാനലും ബൾബും കലക്ടർ കുടുംബത്തിന് കൈമാറി. കെവിന്റെ കുടിലിലെത്തിയ കലക്ടർ ജി.പ്രിയങ്ക കൈമാറിയ സോളർ ബൾബ് തെളിച്ചപ്പോൾ.
വൈദ്യുതി ബിൽ കുടിശികയായതിനെത്തുടർന്ന് കെഎസ്ഇബി കണക്ഷൻ വിഛേദിച്ചതിനാൽ വർഷങ്ങളായി ഇരുട്ടിലാണ് ഇവരുടെ ജീവിതം. ചിത്രം: മനോരമ
ഉന്നതിയിലെ വൈദ്യുതി; പഞ്ചായത്ത് മുന്നോട്ടുവരണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി
മുല്ലക്കര ആദിവാസി ഉന്നതിയിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാൻ മന്ത്രി ഒ.ആർ.കേളുവുമായി ചർച്ച നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
ഉന്നതിയിലെ 24 വീടുകളിലായി 13 ലക്ഷം രൂപയാണ് വൈദ്യുതി ബിൽ കുടിശിക. വർഷങ്ങളായുള്ള കുടിശികയാണിത്.
പെരുമാട്ടിയിൽ സമാന പ്രശ്നമുണ്ടായപ്പോൾ പഞ്ചായത്താണ് പണം അടച്ചത്. അതുപോലെ പുതുപ്പരിയാരം പഞ്ചായത്തും മുന്നോട്ടുവന്നാൽ ഉന്നതിയിൽ ഉടൻ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
24 വീടുകളിലായി സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വർഷങ്ങളായി മെഴുകുതിരി വെട്ടത്തിലാണ് ഷീറ്റിട്ട കുടിലിൽ കഴിയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]