
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഇറക്കുമതി താരിഫ് യുദ്ധത്തിന് വഴിതുറന്നതോടെ, അവസരം മുതലെടുത്ത് രാജ്യാന്തര സ്വർണവിലയുടെ തിരിച്ചുകയറ്റം. ഇന്നലെ ഔൺസിന് 3,310 ഡോളർ നിലവാരത്തിലേക്ക് വീഴുകയും 3,240 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കാമെന്ന സൂചന നൽകുകയും ചെയ്ത വില ഇന്ന് 3,340 ഡോളറിനു മുകളിലേക്ക് കുതിച്ചുകയറി.
നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,330 ഡോളറിൽ. ഇതോടെ കേരളത്തിലും ഇന്നു വില കൂടി.
സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞവില സ്വർണം ഇന്നു തിരിച്ചുപിടിച്ചു. ഗ്രാമിന് 50 രൂപ ഉയർന്ന് 9,060 രൂപയായി.
പവന് 400 രൂപ കയറി 72,480 രൂപ. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.
ബംഗ്ലദേശ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയടക്കം 14 രാജ്യങ്ങൾക്കുമേൽ പുതുക്കിയ ഇറക്കുമതി തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്ക-വിരുദ്ധ നിലപാട് സ്വീകരിച്ചാൽ ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾക്കുമേൽ 10% അധിക തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയും സ്വർണത്തിനു കുതിക്കാനുള്ള വളമായി.
എന്തുകൊണ്ട് സ്വർണവില തിരിച്ചുകയറി? 1) പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം: സാമ്പത്തിക പ്രതിസന്ധി, വ്യാപാര-വാണിജ്യമേഖലയിലെ അനിശ്ചിതത്വങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിലെപ്പോഴും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടാറുണ്ട്. ഈ സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്രം, കറൻസി വിപണികൾ അസ്ഥിരമാകുകയും നിക്ഷേപകർ പണം സുരക്ഷിതമാക്കാനായി സ്വർണത്തിലേക്ക് മാറ്റുകയും ചെയ്യും.
ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് പണമൊഴുക്ക് കൂടുകയും വില കുതിക്കുകയും ചെയ്യും. 2) താരിഫ് യുദ്ധം: 14 രാജ്യങ്ങൾക്കുമേൽ ട്രംപ് കനത്ത ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്, ഇതു സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്ക് യുഎസ് തയാറല്ലെന്ന സൂചന നൽകുന്നു.
ട്രംപ് ഇതേ മനോഭാവം തുടർന്നാൽ പല രാജ്യങ്ങളും യുഎസിനെ അതേനാണയത്തിൽ തിരിച്ചടിച്ചേക്കാം. ഇതു വീണ്ടും താരിഫ് യുദ്ധത്തിന് വഴിതുറക്കും. ഇതു സ്വർണത്തിനു നേട്ടമാവുകയും ചെയ്യും.
ഇന്നുതന്നെ യുഎസ് ഓഹരി വിപണികൾ നഷ്ടത്തിലായതും ഡോളർ ഇടിഞ്ഞതും സ്വർണത്തിനു കരുത്തായി. 3) യുദ്ധഭീതി: റഷ്യയ്ക്കെതിരായ യുദ്ധത്തിനായി യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചത്, യുഎസും റഷ്യയും തമ്മിലെ ബന്ധം കൂടുതൽ വഷളാകാൻ വഴിവച്ചേക്കും.
യുക്രെയ്നു ഇനി ആയുധങ്ങൾ നൽകില്ലെന്ന മുൻനിലപാടിൽ നിന്ന് പൊടുന്നനേയാണ് ട്രംപും യുഎസും മലക്കംമറിഞ്ഞത്. 4) ഗ്രീക്ക് കപ്പലിനതിരെ വീണ്ടും ആക്രമണം: ചെങ്കടലിൽ ഹൂതി വിമതർ വീണ്ടും ഗ്രീക്ക് കപ്പലിനുനേരെ ആക്രമണം നടത്തിയത് ഈ മേഖല വീണ്ടും സംഘർഷത്തിലായേക്കാമെന്ന സൂചന നൽകുന്നു.
ഇത്തരം ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും നേട്ടമാവുക സ്വർണത്തിനായിരിക്കും. 5) ഡോളറിന്റെ വീഴ്ച: ട്രംപ് വീണ്ടും താരിഫ് യുദ്ധം തുടങ്ങിയ പശ്ചാത്തലത്തിൽ ഡോളർ നഷ്ടത്തിന്റെ ട്രാക്കിലായി.
0.23% ഇടിഞ്ഞ് 97.26ലാണ് യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സുള്ളത്. ഡോളർ തളരുമ്പോൾ കുറഞ്ഞചെലവിൽ സ്വർണം വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക് കഴിയും.
ഇത് ഡിമാൻഡ് കൂട്ടുകയും ഫലത്തിൽ വില ഉയരുകയും ചെയ്യും. അപ്പോൾ ഇനി വില മേലോട്ടോ? രാജ്യാന്തരവില സമ്മിശ്ര ട്രെൻഡാണ് കാഴ്ചവയ്ക്കുന്നത്.
14 രാജ്യങ്ങൾക്കുമേൽ പുതുക്കിയ താരിഫ് പ്രഖ്യാപിച്ചെങ്കിലും ചർച്ചയ്ക്കുള്ള സന്നദ്ധത ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സമവായത്തിനും കുറഞ്ഞ താരിഫ് നിരക്കിലേക്കും വഴിതുറക്കുമെന്നാണ് പ്രതീക്ഷകൾ.
ഇതു സ്വർണത്തിനു പ്രതികൂലമാണ്. പുറമെ, യുഎസിൽ ഈമാസം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ് വിട്ടുനിന്നാലും സ്വർണത്തിനു തിരിച്ചടിയാകും.
വിലക്കുതിപ്പിന് ‘തൽകാലം’ വിരാമമാകുകയും ചെയ്യും. കേരളവും സ്വർണവിലയും കേരളത്തിൽ സ്വർണവില നിർണയഘടകങ്ങളിലൊന്നായ രാജ്യാന്തരവില കൂടിയത് തിരിച്ചടിയായി.
സ്വർണത്തിന്റെ മുംബൈ വിപണിവില ഗ്രാമിന് 58 രൂപയും ബാങ്ക് റേറ്റ് ഗ്രാമിന് 52 രൂപയും കൂടിയതും വില ഉയരാനിടയാക്കി. എന്നാൽ, ഡോളറിനെതിരെ രൂപ ഇന്ന് 11 പൈസ ഉയർന്ന് 85.75ൽ വ്യാപാരം തുടങ്ങിയത് സ്വർണവില വർധനയുടെ ആക്കംകുറച്ചു.
അല്ലായിരുന്നെങ്കിൽ വില ഇതിലുമേറെ കൂടുമായിരുന്നു. 18 കാരറ്റും വെള്ളിയും ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.
ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ ഉയർന്ന് 7,475 രൂപയായി. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു.
വെള്ളിവില ഗ്രാമിന് 119 രൂപയിൽ നിലനിർത്തി. എസ്.
അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും 18 കാരറ്റ് സ്വർണത്തിന് 40 രൂപ ഉയർത്തി വില 7,430 രൂപയാക്കി. ഇന്നലെ ഇവരും 40 രൂപ കുറച്ചിരുന്നു.
വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 116 രൂപ. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് ……….
ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]