
‘ട്രംപിന് സമാധാന നൊബേൽ നൽകണം’: നാമനിർദേശം ചെയ്ത് നെതന്യാഹു; ‘വൗ, വളരെ നന്ദി’ എന്ന് മറുപടി
വാഷിങ്ടന്∙ അടുത്തവർഷത്തെ സമാധാന നൊബേൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നാമനിർദേശം ചെയ്ത് ഇസ്രയേൽ. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ, നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദേശ കത്തിന്റെ പകർപ്പ് ട്രംപിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൈമാറി.
സമാധാനം കെട്ടിപ്പടുക്കുന്നതിൽ ട്രംപ് വഹിച്ച വലിയ പങ്കിനെ തുടർന്നാണ് തീരുമാനമെന്ന് നെതന്യാഹു പറഞ്ഞു.
‘‘ഒന്നിനു പുറകെ ഒന്നായി, നിരവധി പ്രദേശങ്ങളിൽ അദ്ദേഹം സമാധാനദൂതനായി. അതിനാൽ, മിസ്റ്റർ പ്രസിഡന്റ്, ഞാൻ നൊബേൽ കമ്മിറ്റിക്ക് അയച്ച കത്ത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
സമാധാന സമ്മാനത്തിന് നിങ്ങളെ നാമനിർദേശം ചെയ്യുന്നു. താങ്കൾ അത് അർഹിക്കുന്നു, നിങ്ങൾക്ക് അത് ലഭിക്കണം. ഇസ്രയേലികളുടെ മാത്രമല്ല, ജൂത ജനതയുടെയും ലോകമെമ്പാടുമുള്ള നിരവധി ആരാധകരുടെയും അഭിനന്ദനവും ആദരവും ഞാൻ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു.
പ്രസിഡന്റിന് അസാധാരണമായ ഒരു ടീമുണ്ട്, വെല്ലുവിളികളെ നേരിടാനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഞങ്ങളുടെ ടീമുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നു.’’– ട്രംപിനോട് നെതന്യാഹു പറഞ്ഞു. സമാധാനവും സുരക്ഷയും പിന്തുടരാനുള്ള ട്രംപിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു, പ്രത്യേകിച്ച് മധ്യപൂർവദേശത്ത്. ‘സമാധാന വക്താവ്’ എന്ന് സ്വയം വിശേഷിപ്പിച്ച ട്രംപ്, നാമനിർദേശത്തിൽ അദ്ഭുതം രേഖപ്പെടുത്തി. ‘‘ഇത് എനിക്കറിയില്ലായിരുന്നു.
വൗ, വളരെ നന്ദി. പ്രത്യേകിച്ച് നിങ്ങളിൽ നിന്ന് വരുന്നത്, വളരെ അർഥവത്തായതാണ്.’’– ട്രംപ് പറഞ്ഞു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ സമ്മർദം വർധിക്കുന്നതിനിടയിലും ഈ വർഷം ട്രംപുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ഇസ്രായേൽ പ്രധാനമന്ത്രി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടത്തിയത്.
വെടിനിർത്തൽ കരാറിൽ ശേഷിക്കുന്ന എല്ലാ തടവുകാരെയും മോചിപ്പിക്കുന്ന കാര്യം ഉറപ്പാക്കണമെന്ന് ഹമാസ് ബന്ദികളുടെ കുടുംബങ്ങൾ ഇരു നേതാക്കളോടും ആവശ്യപ്പെടുന്ന സമയത്താണ് കൂടിക്കാഴ്ച. ഇസ്രയേലും ഹമാസും തമ്മിൽ സമാധാന കരാർ ഉണ്ടാക്കാൻ ട്രംപ് മാസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നേരത്തെ, പാക്കിസ്ഥാനും ഡോണൾഡ് ട്രംപിനെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിൽ ‘നിർണായകമായ നയതന്ത്ര ഇടപെടൽ’ നടത്തിയതിന്റെ പേരിലാണിതെന്ന് പാക്ക് സർക്കാർ അറിയിച്ചിരുന്നു.
വൈറ്റ് ഹൗസിൽ ട്രംപ് നൽകിയ വിരുന്നിൽ പാക്ക് സേനാമേധാവി അസീം മുനീർ പങ്കെടുത്തതിന്റെ മൂന്നാം ദിവസമായിരുന്നു പ്രഖ്യാപനം. എന്നാൽ ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ നിലപാട് മാറ്റി. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ പ്രശ്നം പരിഹരിക്കാനുള്ള ഏകമാർഗം നയതന്ത്രശ്രമങ്ങളാണെന്നുമാണ് ട്രംപിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
അയൽരാജ്യമായ ഇറാനുമായി പാക്കിസ്ഥാന് നല്ല ബന്ധമാണ്. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Brendan SMIALOWSKI / AFP എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]