
ബംഗ്ലദേശും ജപ്പാനും ഉൾപ്പെടെ 14 രാജ്യങ്ങൾക്കുമേൽ പരിഷ്കരിച്ച പകരംതീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 25 മുതൽ 40 ശതമാനം വരെ തീരുവയാണ് ഏർപ്പെടുത്തുന്നതെന്ന് 14 രാജ്യങ്ങൾക്കും അയച്ച കത്തിൽ ട്രംപ് വ്യക്തമാക്കി. തിരിച്ചടിക്കാൻ ശ്രമിക്കരുതെന്നും അങ്ങനെയുണ്ടായാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
താരിഫ് മറികടക്കാൻ ‘വളഞ്ഞവഴി’ സ്വീകരിച്ചാലും കൂടുതൽ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ചില രാജ്യങ്ങൾ ഉയർന്ന താരിഫിനെ മറികടക്കാൻ മൂന്നാംകക്ഷി രാജ്യങ്ങൾ വഴി (ഗുഡ്സ് ട്രാൻസ്ഷിപ്മെന്റ്) വഴി യുഎസിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്.
ലാവോസിനും മ്യാമൻമറിനും 40% വീതം, കംബോഡിയ, തായ്ലൻഡ് എന്നിവയ്ക്ക് 36% വീതം, ബംഗ്ലദേശ്, സെർബിയ എന്നിവയ്ക്ക് 35% വീതം, ഇന്തോനീഷ്യയ്ക്ക് 32%, ദക്ഷിണാഫ്രിക്കയ്ക്ക് 30%, ജപ്പാനും കസാക്കിസ്ഥാനും മലേഷ്യയ്ക്കും ദക്ഷിണ കൊറിയയ്ക്കും ടുണീഷ്യയ്ക്കും 25% വീതം എന്നിങ്ങനെ താരിഫാണ് ട്രംപ് ഇന്നലെ കത്തിലൂടെ പ്രഖ്യാപിച്ചത്.
ഇതിനു പുറമെ, അമേരിക്ക-വിരുദ്ധ നിലപാടെടുത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള ‘ബ്രിക്സ്’ രാജ്യങ്ങൾക്കുമേൽ അധികമായി 10% തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുത്ത ബ്രിക്സ് യോഗം ഇറാനെതിരായ ആക്രമണങ്ങളെ ഉൾപ്പെടെ അപലപിച്ചിരുന്നു. മാത്രമല്ല, ഡോളറിനെ കൈവിട്ട് സ്വന്തം കറൻസികളിൽ വ്യാപാരം നടത്താൻ ബ്രിക്സ് രാജ്യങ്ങൾ ശ്രമിക്കുന്നതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.
വീണുടഞ്ഞ് യുഎസ് ഓഹരികൾ
റെക്കോർഡ് നേട്ടത്തിന്റെ ആവേശം കൈവിട്ട് യുഎസ് ഓഹരി സൂചികകൾ. ട്രംപ് കൂടുതൽ രാജ്യങ്ങൾക്കും ബ്രിക്സിനും എതിരെ പുതുക്കിയ താരിഫ് ഭീഷണിയുമായി എത്തിയ പശ്ചാത്തലത്തിലായിരുന്നു വീഴ്ച. എസ് ആൻഡ് പി500 സൂചിക 0.79%, നാസ്ഡാക് 0.92%, ഡൗ ജോൺസ് 0.94% എന്നിങ്ങനെ ഇടിഞ്ഞു. യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ അവറേജ് സൂചിക 0.22%, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.16% എന്നിങ്ങനെ ഇടിഞ്ഞു. നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് നേരിയ നഷ്ടം നേരിട്ടു. അതേസമയം, താരിഫ് ചർച്ചകൾക്ക് യുഎസ് സന്നദ്ധമാണെന്നത് ഓഹരികളിൽ തിരിച്ചുകയറ്റത്തിന് വഴിയൊരുക്കുമെന്നും സൂചികകൾ വരുംദിവസങ്ങളിൽ നേട്ടത്തിലേറുമെന്നുമാണ് പ്രതീക്ഷകൾ.
ഏഷ്യൻ വിപണികൾ സമ്മിശ്രം
ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചെങ്കിലും ചർച്ചകൾ തുടരുമെന്ന സൂചനകളെ തുടർന്ന് ഏഷ്യൻ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. ജാപ്പനീസ് നിക്കേയ് 0.11% ഉയർന്നു. ഹോങ്കോങ്, ഷാങ്ഹായ് സൂചികകൾ 0.35% വരെ നേട്ടത്തിലേറി. ഓസ്ട്രേലിയയിൽ എഎസ്എക്സ്200 സൂചിക 0.09% മാത്രം നഷ്ടത്തിലായിരുന്നു. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.19% താഴ്ന്നു.
ഗിഫ്റ്റ് നിഫ്റ്റിയിൽ സമ്മർദം
ട്രംപിന്റെ പുതിയ താരിഫ് നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ആദ്യം നഷ്ടത്തിലായെങ്കിലും പിന്നീട് 0.16 പോയിന്റ് (0.06%) നേട്ടത്തിലേറി. സെൻസെക്സും നിഫ്റ്റിയും ഇന്നു നേരിയ നേട്ടത്തിലോ കാര്യമായ വ്യത്യാസമില്ലാതെയോ വ്യാപാരം ആരംഭിച്ചേക്കാമെന്ന സൂചനയാണ് ഇതു നൽകുന്നത്.
ഇന്ത്യയുമായി ചർച്ച സജീവമാണെന്ന് ട്രംപ് അറിയിച്ചതും അനുകൂലമാണ്. അതേസമയം, ഇന്ത്യയിൽ നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത് ഈയാഴ്ച മുതൽ പുറത്തുവരുന്ന കോർപ്പറേറ്റ് പ്രവർത്തന ഫലങ്ങളിലേക്കാണ്. കണക്കുകൾ പ്രതീക്ഷ തെറ്റിച്ചാൽ ഓഹരി വിപണി നഷ്ടത്തിന്റെ പാതയിലേക്ക് മാറുമെന്നതാണ് ആശങ്ക. ഇന്നലെ സെൻസെക്സും നിഫ്റ്റിയും നേരിയ നേട്ടത്തിൽ മാത്രമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഗ്രീക്ക് കപ്പലിനെതിരെ ഹൂതി ആക്രമണം
ചെങ്കടലിൽ ഹൂതി വിമതർ വീണ്ടും ഗ്രീക്ക് ചരക്കുകപ്പലിനെതിരെ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില നേട്ടത്തിലേറി. ക്രൂഡ് ഓയിൽ വിതരണത്തെ ചെങ്കടൽ സംഘർഷം ബാധിക്കുമെന്ന ആശങ്കയാണ് കാരണം. ആതൻസ് ആസ്ഥാനമായ കോസ്മോഷിപ്പിന്റെ ഉടമസ്ഥതയിലുള്ള എറ്റേണിറ്റി സി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞദിവസം മാജിക് സീസ് എന്ന ഗ്രീക്ക് കപ്പലിനെതിരെയും ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞദിവസം ബാരലിന് 65-67 ഡോളർ നിലവാരത്തിലായിരുന്ന ഡബ്ല്യുടിഐ, ബ്രെന്റ് ക്രൂഡ് വിലകൾ 68-70 ഡോളറിലേക്ക് കയറിയശേഷം ഇപ്പോൾ നേരിയതോതിൽ തിരിച്ചിറങ്ങി 67-69 നിലവാരത്തിലായി. ക്രൂഡ് വില കൂടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. രൂപയ്ക്കും ഓഹരി വിപണിക്കും അതു സമ്മർദമാകും. ഉപഭോഗത്തിന്റെ 85-90% ക്രൂഡും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ഇന്നലെ ഔൺസിന് 3,310 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില 3,344 ഡോളറിലേക്ക് തിരിച്ചുകയറി. ട്രംപിന്റെ താരിഫ് നീക്കങ്ങളാണ് സ്വർണത്തിന് ഊർജമായത്. എന്നാൽ, നിലവിൽ വ്യാപാരം 3,335 ഡോളറിലാണ്. ഡോളറിനെതിരെ രൂപ ഇന്നു നഷ്ടത്തിലേക്ക് വീണാൽ കേരളത്തിൽ സ്വർണവിലയിൽ വർധനയുണ്ടായേക്കും. ഇന്നലെ 47 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 85.87ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock (miss.cabul)ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]