
‘എനിക്ക് ഇപ്പോൾ അമ്മ ഇല്ലല്ലോ’; കൂട്ടിരിക്കാൻ ഇക്കുറി അമ്മയില്ല, നവമി തിരികെ ആശുപത്രിയിൽ
കോട്ടയം ∙ ചികിത്സയ്ക്കായി നവമി ഇന്നലെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ ഉള്ളിലെ സങ്കടമഴ പെയ്തൊഴിഞ്ഞിരുന്നില്ല. ‘എനിക്ക് ഇപ്പോൾ അമ്മ ഇല്ലല്ലോ’– ആശുപത്രിയിലെ അന്തരീക്ഷം അമ്മ ബിന്ദുവിന്റെ കരുതലിനെക്കുറിച്ച് ഓർമിപ്പിച്ചപ്പോൾ അവൾ ചുറ്റും നിന്ന ബന്ധുക്കളോടു പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേൽപോത്ത് കുന്നേൽ ഡി. ബിന്ദുവിന്റെ മകൾ നവമി (21) ഇന്നലെ രാവിലെ എട്ടോടെയാണ് ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ ഒന്നിന് കഴുത്തിനു പിന്നിൽ ശസ്ത്രക്രിയ നടത്തുന്നതിനാണ് മാതാപിതാക്കളോടൊപ്പം ഇവിടെ എത്തിയത്. മൂന്നിനായിരുന്നു കെട്ടിടം തകർന്ന് അപകടമുണ്ടായത്.
‘അസുഖം വരുമ്പോൾ കുട്ടികൾക്ക് അമ്മമാരുടെ സാമീപ്യമാണ് ഏറ്റവും വലിയ ആശ്വാസം. അതില്ലാതെ വരുമ്പോഴുള്ള സങ്കടം വലുതാണ്.’ – ബന്ധുവായ ഗിരീഷ് പറഞ്ഞു. ബിന്ദുവിന്റെ ചേച്ചി രേണുക, മകൾ ദിവ്യ, ദിവ്യയുടെ ഭർത്താവ് ഗിരീഷ് എന്നിവരാണ് നവമിയോടൊപ്പം ആശുപത്രിയിലുള്ളത്. ഇന്നലെ ബിന്ദുവിന്റെ മരണാനന്തര ചടങ്ങുകൾ ആയതിനാൽ ഭർത്താവ് വിശ്രുതൻ മകനോടൊപ്പം വീട്ടിലായിരുന്നു.
അത്യാഹിത ബ്ലോക്കിലെ സിഎൽ–3 വിഭാഗത്തിലാണ് നവമി. ഐസിയു കിടക്ക ഉൾപ്പെടെയുള്ള എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള മുറിയാണിത്. ചികിത്സച്ചെലവ് സർക്കാരാണ് വഹിക്കുന്നത്. ശസ്ത്രക്രിയയ്ക്കുള്ള തീയതി തീരുമാനിച്ചിട്ടില്ല. കാർഡിയോളജി, അനസ്തീസിയ വിഭാഗങ്ങളുടെ പരിശോധനാ ഫലം കിട്ടിയ ശേഷമാകും ഇതു നിശ്ചയിക്കുക.
ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് അധികൃതർ ഡപ്യൂട്ടി സൂപ്രണ്ട് (ജനറൽ) ഡോ. ആർ.രതീഷ് കുമാർ ചെയർമാനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും നവമിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. മന്ത്രി വി.എൻ.വാസവനും കലക്ടർ ജോൺ വി.സാമുവലും ആശുപത്രി അധികൃതരുമായി സംസാരിച്ച് സൗകര്യങ്ങൾ ഉറപ്പാക്കി. മന്ത്രി വീണാ ജോർജ് ഫോണിൽ ബന്ധപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]