മത്സ്യ മാലിന്യം കയറ്റി വന്ന കണ്ടെയ്നർ ലോറി വഴിയിൽ കിടന്നു; ദുർഗന്ധത്താൽ വലഞ്ഞ് ജനം
ചാത്തന്നൂർ ∙ മത്സ്യ മാലിന്യം കയറ്റി വന്ന കണ്ടെയ്നർ ലോറിയിലെ മലിനജല സംഭരണിക്കു കേടുപാടു സംഭവിച്ചു ലോറി വഴിയിൽ കുടുങ്ങി. ഇന്നലെ രാത്രി ഏഴരയോടെ ദേശീയപാതയിൽ ചാത്തന്നൂർ പോസ്റ്റ് ഓഫിസിനു സമീപം ലോറി റോഡിൽ കിടന്നതോടെ കിലോമീറ്ററുകൾക്കപ്പുറം അസഹനീയമായ ദുർഗന്ധം പരന്നു.
ദുർഗന്ധം ശ്വസിച്ചു യാത്രക്കാർ ഉൾപ്പെടെ ഒട്ടേറെ പേർക്കു തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടു. അമ്പലപ്പുഴയിൽ നിന്നു തമിഴ്നാട് കൂടംകുളത്തെ ഫാക്ടറിയിലേക്കു മീൻ മാലിന്യവുമായി പോയ ലോറിയാണ് റോഡിൽ കിടന്നത്.കണ്ടെയ്നർ ലോറിയുടെ അടിഭാഗത്തെ 3 സംഭരണികളിൽ ഒന്ന് ഇളകിയതാണ് മലിനജലം ഒഴുകുന്നതിന് ഇടയാക്കിയത്.
കൊട്ടിയത്ത് വച്ചാണ് സംഭരണി ഇളകിയത്. അതിരൂക്ഷമായ ദുർഗന്ധം വമിക്കുന്ന മലിനജലം ഇതോടെ ലോറിയിൽ നിന്നു റോഡിലേക്ക് ഒഴുകിത്തുടങ്ങി.
കണ്ടെയ്നർ ലോറിയുടെ തകരാർ പരിഹരിക്കാൻ ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ പരിശ്രമം നടത്തുന്നു.
സംഭരണി കെട്ടി നിർത്തുന്നതിനു കയർ വാങ്ങാനായി പോസ്റ്റ് ഓഫിസിനു സമീപം പാതയോരത്ത് ലോറി നിർത്തി ഡ്രൈവർ പുറത്തിറങ്ങി.ഇതോടെ ലോറിയിൽ നിന്നു മലിനജലം ഒഴുകി പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു.വീടുകൾക്കുള്ളിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയായി. നാട്ടുകാരും യാത്രക്കാരും വലഞ്ഞു.
കിലോമീറ്ററുകൾ അകലെ വരെ ദുർഗന്ധം പരന്നു.ചാത്തന്നൂർ ഇൻസ്പെക്ടർ എ.അനൂപിന്റെ നേതൃത്വത്തിൽ പൊലീസെത്തി തകരാർ പരിഹരിച്ചു ലോറി കടത്തി വിടുന്നതിനുള്ള ശ്രമം ആരംഭിച്ചു.നാട്ടുകാരും ഓട്ടോഡ്രൈവർമാരും വർക്ഷോപ് ജീവനക്കാരും ഉൾപ്പെടെ ദുർഗന്ധം സഹിച്ചു ലോറിയുടെ അടിയിൽ കടന്നു മലിനജല സംഭരണി കെട്ടി ഉറപ്പിച്ചു. ഒൻപതരയോടെ ലോറി കടത്തി വിട്ടു.
രക്ഷാപ്രവർത്തനത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടാൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസ് സജ്ജമാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]