
വണ്ടിക്കടവ് ഉന്നതിയെ കന്നാരംപുഴയെടുക്കുന്നു; വനത്തിൽ മഴ പെയ്യുമ്പോൾ ഇവർക്ക് ആധിയാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപളളി ∙ നാട്ടിൽ മഴ ശക്തമാകുമ്പോൾ ആശങ്കപ്പെടുന്നവരാണ് സംസ്ഥാനാതിർത്തിയിലെ വണ്ടിക്കടവ് പണിയ ഉന്നതി നിവാസികൾ. കന്നാരംപുഴ കവിഞ്ഞൊഴുകി ഇവിടത്തെ കറപ്പി കുരുന്തൻ, ചിന്നുകുഞ്ഞ് എന്നിവരുടെ വീടുകളുടെ അടുക്കളയും വീടിന്റെ തറയും ഇടിഞ്ഞുപോയി. ഇനിയൊരു വെള്ളപ്പൊക്കമുണ്ടായാൽ വീടപ്പാടെ പുഴയിലൂടെ കബനിയിലെത്തും. പരിസരത്തെ വനമേഖലയിൽ ശക്തമായ മഴപെയ്യുമ്പോൾ ആധിയോടെയാണിവരുടെ ജീവിതം.ട്രൈബൽ വകുപ്പ് ഒരേക്കർ സഥലംവാങ്ങി 2007ൽ 26 കുടുംബങ്ങളെ ഇവിടെ പാർപ്പിച്ചു.
അന്നുനിർമിച്ച വീടുകളിൽ ഭൂരിപക്ഷവും നിലംപൊത്താറായി. വീടിനുമുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ടാണ് മഴക്കാലം തള്ളിവിടുന്നത്. ജീർണിച്ച മേൽക്കൂരയും ഭിത്തിയും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുമായി. പല കൂരകളിലും കഴിയുന്നത് രണ്ടുംമൂന്നും കുടുംബങ്ങളും. 4 മക്കളും മാതാപിതാക്കളുമടങ്ങുന്ന ഷൈനുവിജയന്റെ ജീവിതം പരിതാപകരമാണ്. ഒരു താൽക്കാലിക ഷെഡിലാണ് കുടുംബം കഴിയുന്നത്. ഇവർക്ക് വീട് അനുവദിച്ചെങ്കിലും അതിനു സ്ഥലമില്ല.ചെത്തിമറ്റത്ത് സ്ഥലമുണ്ടെന്നു പറഞ്ഞ് അവിടെ ചെന്നെങ്കിലും നിരാശയോടെ മടങ്ങേണ്ടിവന്നു.
ബന്ദിപ്പൂർ കടുവ സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നിവയുടെ അതിർത്തിയിൽ പഴശ്ശി സ്മാരകത്തിനടുത്താണ് ഈ ഊര്. ഊരിനുള്ളിലൂടെ കോൺക്രീറ്റ് പാതയുണ്ടാക്കിയെങ്കിലും അതിനോടുചേർന്നുള്ള വീടുകളുടെ ശോച്യാവസ്ഥ കണ്ടവരില്ല. പകൽസമയത്തും ആനയും മാനുമെല്ലാം കടന്നുവരുന്നു. സന്ധ്യകഴിഞ്ഞാൽ വീടിനടുത്ത് കാട്ടാനയുണ്ടാവും.സ്വന്തമായി തുണ്ടുഭൂമിയില്ലെന്നതാണ് ഇവർ നേരിടുന്ന മുഖ്യപ്രശ്നം. തൊഴിലില്ലാത്തതിനാൽ വരുമാനവുമില്ല. ആനക്കാട്ടിൽ നിന്നു പുനരധിവസിപ്പിക്കണമെന്നാണ് ഇവരുടെ മുഖ്യആവശ്യം.
ഒരേക്കർ സ്ഥലമെങ്കിലും സ്വന്തമായി വേണം. തങ്ങൾ അവിടെ കൃഷി ചെയ്തുജീവിച്ചു കൊള്ളാമെന്ന് ഇവർ പറയുന്നു. വേനലിൽ കുടിവെള്ളക്ഷാമം അനുഭവിക്കുന്നതിനാൽ പുഴവെള്ളമാണ് ഉപയോഗിക്കുന്നത്.ഗോത്രവിഭാഗക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസംഘവും ഇവിടെ സന്ദർശനം നടത്തിയിരുന്നു.പ്രാക്തന ഗോത്രമേഖലയുടെ പുരോഗതിക്ക് സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുമ്പോഴാണ് ജീവിക്കാൻ ഒട്ടും സൗകര്യമില്ലാത്ത വനം, പുഴ പുറമ്പോക്കിൽ ഇവർ ഇല്ലായ്മകളുടെ നടുവിൽ അന്തിയുറങ്ങുന്നത്.