
‘രക്തം വരുന്നെന്ന് പറഞ്ഞിട്ടും പഞ്ഞി വച്ച് വിട്ടു’; ഡോക്ടർമാരില്ല, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ: എറണാകുളത്തും ‘അത്യാഹിതം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹൃദയാഘാതം വന്നു മരിച്ചയാളിന്റെ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിെല ഫ്രീസറിൽ വച്ച് 24 മണിക്കൂറിനുള്ളിൽ അഴുകിയ സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അന്വേഷണത്തിൽ കണ്ടെത്തിയത് ഫ്രീസറിന്റെ കൂളിങ് സംവിധാനം തകരാറിലായിരുന്നു എന്നാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിന്റെ മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് അടർന്നു വീണുണ്ടായ നിന്ന്, 12 ദിവസം മാത്രം പ്രായമായ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് അടുത്തിടെയാണ്. ജനറൽ ആശുപത്രിയിലും ആലുവ ജില്ലാ ആശുപത്രിയിലും ഡോക്ടറെ കാണണമെങ്കിൽ മണിക്കൂറുകൾ കാത്തു നിൽക്കണം. അപകടങ്ങളിൽ തലയ്ക്കു പരുക്കേറ്റ് കൊണ്ടുവരുന്നവരെ പരിശോധിക്കാൻ എറണാകുളം ന്യൂറോ സർജൻ പോലുമില്ല. ഇത്തരത്തിൽ ആശുപത്രി നടത്തിപ്പിലെ കെടുകാര്യസ്ഥതയും ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും അഭാവവും കാലപ്പഴക്കം വന്ന കെട്ടിടങ്ങള്‍ക്കു കീഴെ ചികിത്സ തേടേണ്ട ദുർവിധിയും ചേർന്ന് രോഗികളെ തള്ളിവിടുന്നത് കൂടുതൽ ദുരിതത്തിലേക്കാണ്.
∙ ആംബുലന്‍സിൽ ആശുപത്രിക്കു മുന്നിൽ മണിക്കൂറുകൾ
കഴിഞ്ഞ ജനുവരിയിലാണ്. വടുതലയിൽവച്ചു ട്രെയിൻ തട്ടി തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രോഗിക്കു ചികിൽസ തേടി ആംബുലൻസ് ഡ്രൈവർ അലഞ്ഞത് മണിക്കൂറുകൾ. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ബെഡ് ഒഴിവില്ലെന്ന് പറഞ്ഞതിനാൽ എറണാകുളം ഗവ. മെഡിക്കൽ കോളജിലെത്തി. എന്നാൽ അവിടെയും കിടക്കയില്ലെന്നും ന്യൂറോ സർജൻ ഇല്ലെന്നും പറഞ്ഞ് രോഗിയെ സ്വീകരിക്കാൻ ആശുപത്രി തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ രണ്ടേകാൽ മണിക്കൂറാണ് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ ആംബുലൻസിൽ, അബോധാവസ്ഥയിലായ രോഗി വെന്റിലേറ്റർ സഹായത്തോടെ കിടന്നത്. ഒടുവിൽ ബന്ധുക്കൾ വിവരമറിഞ്ഞെത്തി രോഗിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
∙ മൂക്കിൽനിന്നു കുത്തിയൊഴുകി ചോര, പഞ്ഞിവച്ചു വിട്ടെന്ന് വയോധികൻ
ഇക്കഴിഞ്ഞ മേയ് 3ന് പാലക്കാട് സ്വദേശിയായ വയോധികൻ എറണാകുളം മെഡിക്കൽ കോളജിലെ ഒപിയിൽനിന്ന് ചികിത്സ തേടി മണിക്കൂറുകൾക്കകം മൂക്കിൽനിന്നു ചോരയൊലിപ്പിച്ച് വഴിയരികിലിരിക്കുന്നതാണ് പ്രദേശവാസികൾ കണ്ടത്. ആശുപത്രിയിൽനിന്നു പോരുന്നതിനു മുൻപ്, മൂക്കിൽനിന്നു രക്തം വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ മൂക്കിൽ പഞ്ഞിവച്ച് വിടുകയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, ഛർദിലുണ്ടെന്ന് പറഞ്ഞ് എത്തിയ വയോധികൻ ഒപിയിൽ ഡോക്ടറെ കണ്ട് മരുന്നു വാങ്ങി പോയതാണെന്നും അപ്പോൾ രക്തസ്രാവം ഉണ്ടായിരുന്നില്ല എന്നുമാണ് ആശുപത്രി അധികൃതരുെട വിശദീകരണം. ഒടുവിൽ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് ആംബുലൻസ് വിളിച്ച് വയോധികനെ വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു.
∙ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവം നിർത്താനുള്ള സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന വാർഡിന്റെ മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് ഇടിഞ്ഞുവീണത് കഴിഞ്ഞ മാർച്ചിലാണ്. നവജാതശിശുവും അമ്മയും അടക്കം എട്ട് പേർ അപ്പോൾ മുറിയിലുണ്ടായിരുന്നു. 12 ദിവസം മാത്രം പ്രായമായ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞത്. എന്നാൽ ഇവിടം അടച്ചിട്ടിരുന്നതാണെന്നും രോഗികൾ വർധിച്ചപ്പോള്‍ താൽക്കാലികമായി തുറന്നതാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതേ വാര്‍ഡിന്റെ പല ഭാഗത്തും ഭിത്തി അടര്ന്നിട്ടുമുണ്ടായിരുന്നു.
∙ സുരക്ഷിതമല്ലാത്ത കെട്ടിടത്തിലെ ഡിഎംഒ
ജില്ലയുടെ ആരോഗ്യകാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാ മെഡിക്കൽ ഓഫിസ് പ്രവർത്തിച്ചിരുന്നത് ബലക്ഷയമുണ്ടെന്ന് മരാമത്തു വകുപ്പ് കഴിഞ്ഞ വർഷം റിപ്പോർട്ട് നൽകിയ കെട്ടിടത്തിലായിരുന്നു എന്നു കേട്ടാൽ അദ്ഭുതപ്പെടരുത്. ജനറൽ ഹോസ്പിറ്റലിലെ ഈ കെട്ടിടത്തിൽനിന്ന് അടുത്തിടെയാണ് ഓഫിസ് ആശുപത്രിയുടെ മറ്റൊരു കെട്ടിടത്തിലേക്ക് തൽക്കാലത്തേക്ക് മാറ്റിയത്. സുരക്ഷിതമല്ലാത്ത ഇതേ കെട്ടിടത്തിൽത്തന്നെയായിരുന്നു ആശുപത്രിയുടെ സൈക്യാട്രി വാർഡും പ്രവർത്തിച്ചിരുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണതിനു പിന്നാലെ സുരക്ഷ മുൻനിർത്തി സൈക്യാട്രി വാർഡും തൽക്കാലത്തേക്ക് മറ്റൊരിടത്തേക്ക് മാറ്റി.
∙ അത്യാഹിതമാണെങ്കിലും മണിക്കൂറുകൾ ക്യൂ
എറണാകുളം ജില്ലയിൽ പനി പടർന്നു പിടിക്കുമ്പോഴും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ആലുവ ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം. ഇരിക്കാൻ പോലും സ്ഥലമില്ലാതെ രണ്ട്–രണ്ടര മണിക്കൂറെങ്കിലും വരി നിൽക്കേണ്ടി വരുന്ന ദുരവസ്ഥയാണുള്ളതെന്ന് രോഗികൾ പറയുന്നു. നാട്ടുകാർ മാത്രമല്ല, ഇതര സംസ്ഥാന തൊഴിലാളികളും ഏറ്റവുമധികം ആശ്രയിക്കുന്ന ആശുപത്രിയാണിത്. രാത്രികാലങ്ങളിലാണ് ഏറ്റവും ദുരിതം. പനിയും മറ്റ് അസുഖങ്ങളുമായി എത്തുന്ന നൂറുകണക്കിന് പേരെ ചികിത്സിക്കാനുള്ളത് ഒരു ഡോക്ടർ മാത്രമായിരിക്കും. അപകടങ്ങൾ പറ്റി കൊണ്ടുവരുന്നവരെ നോക്കാൻ പോകേണ്ടതും ഇതേ ഡോക്ടർ തന്നെയാണ്. ഇതോടെ, അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നു.
∙ താലൂക്കിൽനിന്ന് ജില്ലാ ആശുപത്രിയായിട്ടും കാര്യമില്ല
എറണാകുളം ജനറൽ ആശുപത്രിയിലും ആലുവ ജില്ലാ ആശുപത്രിയിലുമാണ് രോഗികളുടെ തിരക്ക് ഏറ്റവുമധികം അനുഭവപ്പെടുന്നത്. ആലുവ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തിയിട്ട് ഒന്നര പതിറ്റാണ്ടായെങ്കിലും ഇപ്പോഴും സ്റ്റാഫ് പാറ്റേൺ താലൂക്ക് ആശുപത്രിയുടെ മാതൃകയിൽ തന്നെയാണ് എന്നതാണ് പ്രതിസന്ധി. ഒഴിവുകൾ നികത്തുമെന്നു പറയുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രിയെങ്കിലും നിയമനം സംസ്ഥാന ആരോഗ്യവകുപ്പാണ് നടത്തുന്നത്. ഓപ്പറേഷൻ തിയറ്ററും പ്രസവ വാർഡും കുട്ടികളുടെ വാർഡുമെല്ലാം ഉള്ള ആശുപത്രിയാണെങ്കിലും കാലങ്ങളായി ഇതെല്ലാം അടഞ്ഞു കിടക്കുന്നു. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ അഭാവമാണ് ഇതിനു കാരണം. ജനറൽ ആശുപത്രിയിലാകട്ടെ, സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങള്‍ ഉള്ളതിനാൽ വലിയ തിരക്കാണ്. ചീട്ട് എടുക്കാനും ഡോക്ടറെ കാണാനും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നുവെന്ന് രോഗികൾ പറയുന്നു. ഡോക്ടർമാർക്ക് രോഗവിവരം കേട്ട് പരിശോധിച്ച് ചികിത്സ നിർദേശിക്കാൻ പോലും സമയമില്ലാത്ത വിധത്തിലാണ് തിരക്ക്.
∙ ഇവിടെയാണ് ചികിത്സയെങ്കില്‍ ഡോക്ടർ പുറത്തുനിന്നു വരണം
ജില്ലയിലെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്ന സ്ഥലമാകണം മെഡിക്കൽ കോളജുകൾ എന്നാണ് വയ്പ്. എന്നാൽ അവിടെ വിദഗ്ധർ ഇല്ലാതെ വന്നാലോ? നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന കൊച്ചി പോലൊരു നഗരത്തിൽ അപകടത്തിൽപ്പെടുന്നവരെ എത്തിക്കുന്ന ആദ്യ ആശുപത്രി മെഡിക്കൽ കോളജാണ്. തലയ്ക്ക് പരുക്കേറ്റവരെ നോക്കണമെങ്കിൽ ന്യൂറോസർജൻ വേണം. എന്നാൽ എറണാകുളം മെഡിക്കൽ കോളജിൽ അങ്ങനെയൊരു സംവിധാനമില്ലാത്തതിനാൽ പരുക്കേറ്റവരെ ആംബുലൻസിൽത്തന്നെ തിരിച്ചയച്ചിട്ടുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2023ല്‍ കളമശേരി കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ ചികിത്സിക്കാൻ കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിൽ നിന്ന് പ്ലാസ്റ്റിക് സർജൻമാർ ഉൾപ്പെടെയുള്ള സ്പെഷലിസ്റ്റുകളെ കൊണ്ടുവരേണ്ടി വന്നു. ഏതാനും ദിവസങ്ങൾക്കകം 10ലേറെ രോഗികൾക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറേണ്ടി വന്നത് പൊള്ളൽ അടക്കമുള്ളവ ചികിത്സിക്കാനുള്ള വിദഗ്ധ ഡോക്ടർമാരുടെ അഭാവം മൂലമാണ്. ഒട്ടേറെ വ്യവസായശാലകളും റിഫൈനറിയും വിമാനത്താവളവുമെല്ലാമുള്ള ജില്ലയില്‍ അത്യാവശ്യം വേണ്ട കാര്യങ്ങളാണ് ഈ മെഡിക്കൽ കോളജിൽ ഇല്ലാത്തത്. ഇവിടുത്തെ 13 ഓളം ഡോക്ടർമാർ ഇവിടെനിന്ന് അനധികൃതമായി അവധിയെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെന്നും തിരിച്ചെത്താൻ ഇവർക്ക് നോട്ടിസ് നൽകിയിട്ടും മേൽനടപടികൾ ഒന്നുമുണ്ടായിട്ടില്ല എന്നാണറിവ്.
തിരുവനന്തപുരം മെഡിക്കൽ കോളജില്‍ യൂറോളജി വകുപ്പുമായി ബന്ധപ്പെട്ടാണ് ഇത്തവണ വിവാദമുണ്ടായതെങ്കിൽ എറണാകുളത്ത് ആ പ്രശ്നമില്ല. കാരണം ഇവിടുത്തെ യൂറോളജി വകുപ്പ് പ്രവർത്തനരഹിതമായിട്ട് കുറച്ചുകാലമായി. 2014ൽ ഗവൺമെന്റ് മെഡിക്കൽ കോളജ് ആകുന്നതു വരെ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന യൂറോളജി വകുപ്പ് ഇവിടെയുണ്ടായിരുന്നു. എന്നാൽ വൈകാതെ ഇതിന്റെ പ്രവർത്തനം സ്തംഭിച്ചു. അന്നുണ്ടായിരുന്ന, 2 കോടി രൂപയോളം മുടക്കി സ്ഥാപിച്ച ഉപകരണങ്ങളടക്കം നശിച്ചുപോയി. അടുത്തിടെ ആഴ്ചയിൽ ഒരു ദിവസം കുറച്ചു പേരെ നോക്കുന്ന വിധത്തിൽ ‘വർക്ക് അറേഞ്ച്മെന്റ്’ ആയി ഒരു യൂറോളജിസ്റ്റിന്റെ സേവനം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. മതിയായ ജീവനക്കാരില്ലാത്തതിനാൽ റിപ്പോർട്ടുകൾ വൈകുന്നതും പതിവാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ പോലും പലപ്പോഴും കാലതാമസം നേരിടുന്നു.
ജനറൽ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിന്റെ തസ്തിക ഉണ്ടെങ്കിലും ഡോക്ടറില്ല. 2016ലാണ് ഇവിടെ സ്ട്രോക് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ ന്യൂറോളജിസ്റ്റ് ഇല്ലാതായതോടെ ഈ യൂണിറ്റിന്റെ പ്രവര്‍ത്തനവും തടസപ്പെട്ടു. എറണാകുളം ജില്ലയില്‍ ആദ്യമായി തുടങ്ങിയ സ്ട്രോക് യൂണിറ്റ് എന്ന നിലയിൽ പ്രശസ്തമായിരുന്നെങ്കിലും വൈകാതെ താഴിടാനായിരുന്നു വിധി.
∙ അഗ്നിരക്ഷാ സംവിധാനങ്ങളില്ല, ജീവന് ഭീഷണിയായി കെട്ടിടവും
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ അഗ്നിരക്ഷാ സേനയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കെട്ടിടങ്ങൾക്ക് അഗ്നിരക്ഷാ സേനയുടെ എൻഒസി ലഭിച്ചിട്ടില്ല. എന്നാൽ 25 വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങളിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് 60 ശതമാനത്തോളം പൂർത്തിയാക്കിയെന്നും 3–4 മാസത്തിനുള്ളില്‍ ഇത് പൂർണമാവുമെന്നും അധികൃതർ പറയുന്നു.
ആലുവ ജില്ലാ ആശുപത്രിക്കായി കഴിഞ്ഞ വർഷം ഒരു മാതൃ–ശിശു ബ്ലോക്കും വയോജനങ്ങൾക്കുള്ള വാർഡും ഐസലേഷൻ വാർഡും നിർമിച്ചിരുന്നു. എന്നാൽ ഇവ ഇപ്പോഴും അടച്ചിട്ടിരിക്കുന്നതിനാൽ ഈ ആശുപത്രിയിലെ പ്രസവമുറി ഇപ്പോഴും പ്രവർത്തിക്കുന്നത് ബലക്ഷയമുള്ള കെട്ടിടത്തിലാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണെങ്കിൽ ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന രീതിയിലാണ് പഴയ ഒപി കെട്ടിടം. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു സമീപമാണ് ഇപ്പോൾ ഉപയോഗിക്കുന്നില്ലാത്ത ഈ കെട്ടിടം അപകടഭീഷണി ഉയർത്തി നിൽക്കുന്നത്. അടുത്ത കാലം വരെ ത്വക്, നേത്ര രോഗവിഭാഗങ്ങളും ഫാർമസി സ്റ്റോറുമൊക്കെ പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. ആംബുലൻസുകളും മറ്റും ഈ കെട്ടിടത്തിനു സമീപമാണ് പാർക്ക് ചെയ്യാറുള്ളത്. പറവൂർ താലൂക്ക് ആശുപത്രിയിലും ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയ കെട്ടിടം ഇപ്പോഴും അവിടെത്തന്നെയുണ്ട്.