
ഗുജറാത്തിലെ മുന്ദ്രയിൽ അദാനി ഗ്രൂപ്പ് വമ്പൻ പിവിസി പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. ഇതോടെ, ഇന്ത്യയിൽ ഈ രംഗത്തെ നിർണായകശക്തിയായ റിലയൻസ് ഇൻഡസ്ട്രീസും അദാനി ഗ്രൂപ്പും തമ്മിലെ മത്സരം പൊടിപാറുമെന്ന് ഉറപ്പായി. നിലവിൽ ഇന്ത്യൻ പെട്രോകെമിക്കൽ രംഗത്തെ പ്രധാന കമ്പനിയാണ് മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് പിവിസി പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ പെട്രോകെമിക്കൽ രംഗത്തും സാന്നിധ്യമറിയിക്കുകയാണ്.
നിലവിൽ 1.59 മില്യൻ ടണ്ണാണ് ഇന്ത്യയുടെ വാർഷിക ഉൽപാദനശേഷി. ഇതിന്റെ പാതിയും ഉൽപാദിപ്പിക്കുന്നത് റിലയൻസാണ്. ഒരു മില്യൻ ടണ്ണിന്റെ പ്ലാന്റ് ആണ് അദാനി സ്ഥാപിക്കുന്നതെന്നിരിക്കെ, ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യക്തികളുടെ കമ്പനികൾ തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
പ്രതിവർഷം 4 മില്യൻ ടണ്ണാണ് ഇന്ത്യയുടെ പിവിസി ഡിമാൻഡ്. മുന്തിയപങ്കും ഇറക്കുമതി. ഈ സാഹചര്യത്തിലാണ് പിവിസി രംഗത്തേക്കുള്ള അദാനി ഗ്രൂപ്പിന്റെ ചുവടുവയ്പ്പെന്നത് ശ്രദ്ധേയം. പൈപ്പുകൾ, കേബിളുകൾ തുടങ്ങിയവ മുതൽ ക്രെഡിറ്റ് കാർഡും കളിപ്പാട്ടങ്ങളും വരെ നിർമിക്കാൻ അവശ്യമായ വസ്തുവാണ് പിവിസി അഥവാ പോളിവിനൈൽ ക്ലോറൈഡ്. കാർഷികം, ഔഷധ നിർമാണം തുടങ്ങിയ മേഖലകളിലും പിവിസിയുടെ ഉപയോഗമേറെ. ഇന്ത്യയിൽ പിവിസി ഡിമാൻഡ് 8-10% വാർഷിക വളർച്ച (സിഎജിആർ) നേടുമെന്നുമാണ് വിലയിരുത്തലുകൾ.
അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസ് ആണ് മുന്ദ്രയിൽ പ്രതിവർഷം ഒരു മില്യൻ ടൺ ഉൽപാദനശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. 2028 മാർച്ചിനകം പ്ലാന്റ് കമ്മിഷൻ ചെയ്തേക്കും. റിലയൻസിന് ഗുജറാത്തിൽ മൂന്ന് പിവിസി പ്ലാന്റുകളുണ്ട്. പ്രതിവർഷം 7.50 ലക്ഷം ടണ്ണാണ് ഉൽപാദനശേഷി. 2027ഓടെ ഇത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് റിലയൻസ് എന്ന് പിടിഐയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Reliance Industries, Adani Group എന്നിവയുടെ വെബ്സൈറ്റിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:
Adani to Set Up PVC Plant in Mundra, Taking on Reliance in Petrochemicals.
mo-business-adanienterprises mo-news-national-personalities-gautam-adani mo-business-adanigroup mo-business-relianceindustries mo-business-business-news 7q27nanmp7mo3bduka3suu4a45-list 16codsiq81uqfqr8ih0qmtn6sr 1uemq3i66k2uvc4appn4gpuaa8-list